Skip to main content
Submitted by kbionline on Thu, 06/28/2018 - 06:41
marx_1

തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ രാജേഷ്.കെ.എരുമേലിയും നിരൂപകനും എഴുത്തുകാരനുമായ രാജേഷ് ചിറപ്പാടും സമ്പാദനം നിര്‍വഹിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മാര്‍ക്‌സ്@200 സമൂഹം സംസ്‌കാരം ചരിത്രം എന്ന പുസ്തകം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജ് ഫിസിക്‌സ് ഹാളില്‍ മുന്‍മന്ത്രി എം.എ.ബേബി പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരനും വൈദ്യൂതി ബോര്‍ഡ് ഡയറക്ടറുമായ ഡോ.വി.ശിവദാസന്‍ പുസ്തകം ഏറ്റുവാങ്ങി. 

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജനക്ഷേമബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ പി.ബിജു, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം എം.ഹരികൃഷ്ണന്‍, യൂണിവേഴ്‌സിറ്റി കോളെജ് രാഷ്ട്രമീമാംസ വകുപ്പധ്യക്ഷ സന്ധ്യ.എസ്.നായര്‍, യൂണിവേഴ്‌സിറ്റി കോളെജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി റംഷാദ് എന്നിവര്‍ സംസാരിച്ചു. ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.റോബിന്‍സണ്‍ ജോസ്.കെ സ്വാഗതവും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ കവി ഡോ.ബിജു ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.  250 രൂപയുള്ള പുസ്തകം ഇന്‍സ്റ്റിറ്റ്യൂട്ട് വില്പനശാലകളില്‍ ലഭ്യമാണ്. മനുഷ്യസമൂഹത്തെ ഇന്നും ഏറെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന കാള്‍മാക്‌സിന്റെ ഇരുനൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍, ചരിത്രകാരന്മാര്‍ എന്നിവരടങ്ങിയ ഇന്ത്യക്കകത്തും പുറത്തുമുള്ള എഴുത്തുകാരുടെ രചനകളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളെജ് ചരിത്രവിഭാഗത്തിന്റെയും രാഷ്ട്രമീമാംസവകുപ്പിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.