Skip to main content

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
നാളന്ദ, തിരുവനന്തപുരം

  •                                                           സന്ദേശം

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍ വന്നിട്ട് അന്‍പത്തി മൂന്ന് വര്‍ഷം പിന്നിട്ടു. ഇക്കാലയളവില്‍  അയ്യായിരത്തിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ.എം.എസ് അധ്യക്ഷനായും ഡോ.എന്‍.വി.കൃഷ്ണവാര്യര്‍ ഡയറക്ടറായും നിലവില്‍ വന്നതാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ഉന്നതവിദ്യാഭ്യാസം ഘട്ടം ഘട്ടമായി മാതൃഭാഷയിലൂടെ വികസിപ്പിക്കുക എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനു  വേണ്ടിയാണ് ഇത്തരത്തിലൊരു സ്ഥാപനം രൂപീകരിച്ചത്. ആ ലക്ഷ്യം പൂര്‍ണമായി ഇനിയും നേടാനായിട്ടില്ല. എന്നാല്‍ ശ്രദ്ധേയമായ ചില മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുമുണ്ട്.
ഡോ.ബി.ആര്‍. അംബേദ്കറുടെ സമ്പൂര്‍ണകൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ പ്രാദേശികഭാഷകളില്‍ ഈ ദൗത്യം പൂര്‍ത്തിയാക്കുന്ന ആദ്യത്തെ സംസ്ഥാനമാണെന്ന ഖ്യാതി കേരളത്തിന് നേടാന്‍ സാധിച്ചു.
ഭരണശബ്ദാവലി മൊബൈലില്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചു കഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്കും പൊതുവായനക്കാര്‍ക്കും ഏറെ ആവശ്യമായി വരുന്ന നിഘണ്ടുക്കള്‍, ഗ്ലോസറികള്‍ എന്നിവ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിന്റെ ജനകീയ ചരിത്രം, ആരോഗ്യ ലഘുവിജ്ഞാനകോശം, ഗോത്രഭാഷാ നിഘണ്ടു എന്നിവ വൈകാതെ പ്രസിദ്ധീകരിക്കാനാവും വിധം പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.
അനുക്ഷണവികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന വിജ്ഞാനമേഖലയെ മലയാളികള്‍ക്കു പരിചയപ്പെടുത്തുന്നതിനാവശ്യമായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ആ ലക്ഷ്യം നേടുന്നതിനുള്ള പരിശ്രമത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാര്‍ ഏകമനസ്സോടെ മുന്നോട്ടു പോവുകയാണ്.


                                                                                                                                       ഡോ. സത്യന്‍ എം.
20/08/2022                                                                                                                     ഡയറക്ടര്‍