Skip to main content

ശാസ്ത്രഗ്രന്ഥമുദ്രണത്തിന് സ്വന്തം പ്രസ്സ് വേണമെന്ന ആവശ്യത്തെ മുന്‍നിര്‍ത്തിയാണ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വിജ്ഞാനമുദ്രണം പ്രസ്സ് എന്ന പേരില്‍ 1972 മേയ് മാസം സ്ഥാപിച്ചത്. പ്രശസ്തവാസ്തുശില്‍പി ലാറി ബേക്കറിന്റെ രൂപകല്‍പനയിലും മേല്‍നോട്ടത്തിലും പണിത താല്‍ക്കാലിക കെട്ടടത്തിലാണ് പ്രസ്സ് പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഉന്നതനിലവാരത്തിലുള്ള ശാസ്ത്ര-സാങ്കേതിക ഗ്രന്ഥങ്ങള്‍ അച്ചടിക്കാനാവശ്യമായ ടൈപ്പുകളും യന്ത്രസാമഗ്രികളും വിദഗ്ധജീവനക്കാരും ഉള്‍ക്കൊള്ളുന്ന മുദ്രാലയം സ്ഥാപിതമാകുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിനെ അച്ചടിയുടെ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ വിജ്ഞാനമുദ്രണം പ്രസ്സിന്റെ വരവോടെ സാധ്യമായി. തുടര്‍ന്ന് അച്ചടിയുടെ സാങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങള്‍ക്ക് അനുസൃതമായി പ്രസ്സിന്റെ ആധുനികവല്‍ക്കരണം പലഘട്ടങ്ങളിലായി നടന്നു.