Skip to main content
  • ലക്ഷ്യങ്ങള്‍

1. ആധുനിക വിജ്ഞാനപ്രചാരണത്തിനുള്ള ഫലപ്രദമായ മാധ്യമമായി മലാളഭാഷയെ വികസിപ്പിക്കുക.
2.വ്യത്യസ്ത ഭാരതീയ ഭാഷകള്‍ക്കിടയില്‍ പ്രയോജനപ്രദമായ സമ്പര്‍ക്കം പുഷ്ടിപ്പെടുത്തുക.
3.സാമൂഹികവും വൈകാരികവുമായ ഉദ്ഗ്രഥനം ഉളവാക്കുന്നതിനുള്ള ഉപാധിയായി പ്രാദേശിക ഭാഷ അഭിവൃദ്ധിപ്പെടുത്തുന്നതിനു സഹായിക്കുക.

  • പരിപാടികള്‍

1.ഇന്ത്യാഗവണ്‍മെന്റിന്റെ ശാസ്ത്ര-സാങ്കേതിക പദാവലികള്‍ക്കായുള്ള സ്ഥിരം കമ്മിഷന്‍ തയാറാക്കിയ സാങ്കേതികപദങ്ങള്‍ മലയാള ഭാഷയോട് പൊരുത്തപ്പെടുത്തി സ്വീകരിക്കുക.
2.സര്‍വകലാശാലാ നിലവാരത്തില്‍, വിഭിന്ന വിഷയങ്ങളില്‍, പ്രത്യേകിച്ച് സയന്‍സിലും സാങ്കേതികശാസ്ത്രത്തിലും പ്രാദേശിക ഭാഷാ ഗ്രന്ഥങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രയത്‌നങ്ങള്‍ സംഘടിപ്പിക്കുകയും സമ്മാനങ്ങളും മറ്റു പ്രചോദനങ്ങളും നല്‍കി പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക.
3.ഭാരതീയഭാഷകളിലൂടെ ഫലപ്രദമായി അധ്യാപനം നിര്‍വഹിക്കുന്നതിനുള്ള കഴിവ് സര്‍വകലാശാലകളിലെയും കോളജുകളിലെയും അധ്യാപകര്‍ക്കു കൈവരുത്തുന്നതിനായി സെമിനാറുകള്‍, ശില്‍പശാലകള്‍ എന്നിവ വഴി ഓറിയന്റേഷന്‍ കോഴ്‌സുകള്‍ സംഘടിപ്പിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക.
4.പ്രാദേശികഭാഷകളിലെ അടിസ്ഥാനശബ്ദാവലികള്‍ ശേഖരിക്കുക. വിവരാണത്മക വ്യാകരണങ്ങള്‍ നിര്‍മിക്കുക.
5.മാതൃഭാഷ എന്ന നിലയിലും രണ്ടാം ഭാഷ എന്ന നിലയിലും ഭാരതീയ ഭാഷകള്‍ വിഭിന്ന തലങ്ങളില്‍ പഠിക്കാനും പഠിപ്പിക്കാനുമുള്ള ക്രമവല്‍കൃത പദ്ധതികളും സഹായഗ്രന്ഥങ്ങളും രൂപപ്പെടുത്തുക.
6.ദ്വിഭാഷാ, ബഹുഭാഷാ നിഘണ്ടുക്കള്‍, വിഷയാധിഷ്ടിത ശബ്ദാവലികള്‍ മുതലായ ആധാരഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തുക.
7.മികച്ച ഗ്രന്ഥങ്ങളും ക്ലാസിക്കുകളും അന്യഭാഷകളില്‍ നിന്ന് മലയാളത്തിലേക്കും മലയാളത്തില്‍ നിന്ന് അന്യഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യുക. മലയാള ഗ്രന്ഥങ്ങള്‍ മറ്റു ലിപികളിലും അന്യഭാഷാ ഗ്രന്ഥങ്ങള്‍ മലയാള ലിപിയിലും പ്രസിദ്ധപ്പെടുത്തുക.
8ദ്വിഭാഷാ/ബഹുഭാഷാ പണ്ഡിതന്മാരെയും വിവര്‍ത്തകരെയും പരിശിലിപ്പിക്കാന്‍ കോഴ്‌സുകള്‍ നടത്തുക.
9.ഭാരതീയഭാഷകളുടെ വികാസത്തോടും അവയില്‍ ഗവേഷണത്തോടും ബന്ധപ്പെട്ട ജനസാഹിത്യം സംഭരിച്ചു പ്രസിദ്ധപ്പെടുത്തുക.
10.പ്രാദേശികഭാഷയിലും ഗോത്രഭാഷകള്‍ അടക്കമുള്ള ഭാരതീയ ഭാഷകളിലും പ്രായോഗികപ്രാധാന്യമുള്ള ഭാഷാശാസ്ത്രവിഷയങ്ങള്‍ സംബന്ധിച്ച് ഗവേഷണം നടത്തുക.
11.പ്രാദേശികഭാഷയുടെയും മറ്റു ഭാരതീയ ഭാഷകളുടെയും വികസനത്തിനും പുരോഗതിക്കും സഹായിക്കുന്ന സെമിനാറുകള്‍, സമ്മേളനങ്ങള്‍ മുതലായവ സംഘടിപ്പിക്കുക.
12.മലയാളം ഭരണമാധ്യമമായി ഉപയോഗിച്ചുതുടങ്ങുന്നതില്‍ ഗവണ്‍മെന്റുമായി സഹകരിക്കുക.
13.ഉന്നതവിദ്യാഭ്യാസത്തിന്റെ എല്ലാ തലത്തിലും മലയാളം അധ്യയനമാധ്യമമാക്കുന്നതില്‍ സര്‍വകലാശാലകളുമായി സഹകരിക്കുക.
14.മലയാള അക്ഷരമാല പരിഷ്‌കരിക്കുകയും നവീകരിക്കുകയും ചെയ്യാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും മറ്റു ഭാഷകളിലെ വിശിഷ്ടകൃതികള്‍ മലയാളം അക്ഷരമാലയില്‍ അച്ചടിപ്പിക്കുകയും ചെയ്യുക.
15.ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിന് സഹായകമായ പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവ പ്രസാധനം ചെയ്യുക.
16.ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ കമ്മിറ്റികളും സെല്ലുകളും പഠനഗ്രൂപ്പുകളും പ്രവര്‍ത്തനസമിതികളും സംഘടിപ്പിക്കുക.
17.ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ മറ്റു പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക.