Category: ശാസ്ത്രം
നാടന്‍ ശാസ്ത്രസാങ്കേതിക പാരമ്പര്യത്തിന് കേരളത്തിന്റെ സംഭാവനയാണ് ഇരുമ്പയിര് സംസ്കരണം. അതിനൊരു എഴുതപ്പെട്ട ചരിത്രമില്ല. ഇന്നത് ദേശപ്പെരുമകളിലും കീടക്കല്ലുകളിലും മാത്രം ജീവിക്കുന്നു. കരുവാരക്കുണ്ടും ഇരുമ്പുഴിയും ഉദാഹരണം. നമ്മുടെ പരമ്പാരാഗത ഇരുമ്പുരുപ്പടികളില്‍ തോട്ടടക്കത്തിയും പൊക്കിനിക്കത്തിയും തുടങ്ങി ശസ്ത്രക്രിയോപകരണങ്ങള്‍വരെ ഉണ്ടായിരുന്നു. അടയ്ക്കാപുത്തൂരിലും ആറന്മുളയിലും ലോഹക്കണ്ണാടിയുടെ വിശേഷങ്ങളുണ്ട്. ഓടായികള്‍ ബേപ്പൂരില്‍ ഉരു നിര്‍മിച്ചും മാപ്പിളഖലാസികള്‍ ദബറും ദവൂലും ബിഞ്ചയും ചലിപ്പിച്ചും ആ പാരമ്പര്യത്തെ വളര്‍ത്തിയിരുന്നു. പിന്നെ കുത്താമ്പുള്ളി തുടങ്ങിയുള്ള നെയ്ത്തുപാരമ്പര്യങ്ങള്‍... കളിമണ്‍പാത്രനിര്‍മാണത്തിന്റെ ചേറുപുരണ്ട പൈതൃകവലയങ്ങള്‍.... ആ സംസ്കാരപൈതൃകവൈവിധ്യങ്ങളിലൂടെ ഒരു അക്ഷര സഞ്ചാരം.