കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചരിത്രം

മലയാളഭാഷയെ വൈജ്ഞാനികഭാഷയായി ഉയർത്താനും ആധുനിക വൈജ്ഞാനികമേഖലകളിൽ സർവകലാശാലാനിലവാരത്തിലുള്ള ആധികാരിക ഗ്രന്ഥങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കാനുംവേണ്ടി സ്ഥാപിതമായതാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. സർവകലാശാലാതലത്തിൽ മലയാളം അധ്യയനഭാഷയാക്കുക എന്നതും ആധുനികവിജ്ഞാനം കേരളീയരുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിന് സുശക്തമായ ഒരു മാധ്യമമായി തീരത്തക്കവിധം മലയാള ഭാഷയെ വികസിപ്പിക്കുക എന്നതും ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപിതലക്ഷ്യമാണ്.

ഇന്ത്യൻ വിദ്യാഭ്യാസകമ്മീഷനായ കോത്താരി കമ്മീഷൻ (1964-66) ഹിന്ദി പ്രാദേശികഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ, അതതു സംസ്ഥാനഭാഷതന്നെ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും അധ്യയന മാധ്യമമാക്കാൻ ശുപാർശചെയ്തിരുന്നു. 1968 ഏപ്രില്‍ മാസത്തില്‍ ഡല്‍ഹിയില്‍ കൂടിയ സംസ്ഥാനവിദ്യാഭ്യാസ മന്ത്രിമാരുടെ പത്താമതു സമ്മേളനം ഈ നിര്‍ദേശം പ്രാവര്‍ത്തികമാക്കാനുള്ള വഴികള്‍ ചര്‍ച്ചചെയ്യുകയുണ്ടായി. സര്‍വകലാശാലാതലത്തില്‍ ഇംഗ്ലീഷില്‍ മാത്രം പഠിപ്പിച്ചു ശീലിച്ചിട്ടുള്ള അധ്യാപകരെ പ്രാദേശികഭാഷകളില്‍ പഠിപ്പിക്കാന്‍ പരിശീലിപ്പിക്കുക, ശാസ്ത്രവിഷയങ്ങള്‍ വിനിമയം ചെയ്യാനാവശ്യമായ സാങ്കേതികപദങ്ങള്‍ പ്രാദേശികഭാഷകളില്‍ നിര്‍മിക്കുക എന്നിങ്ങനെ രണ്ടു പ്രവര്‍ത്തനങ്ങളാണ് ഓരോ ഭാഷയിലും നിർവഹിക്കേണ്ടിയിരുന്നത്.

ഈ തിരിച്ചറിവുകളുടെ അടിസ്ഥാനത്തില്‍, നിശ്ചിത പ്രവര്‍ത്തനങ്ങള്‍ നടത്താനായി, കേന്ദ്രത്തില്‍ ഒരു ഭാരതീയഭാഷാ കേന്ദ്രസ്ഥാപനവും, സംസ്ഥാനങ്ങളില്‍ സംസ്ഥാനഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നാലാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി 1967- 68 മുതല്‍ ആറുവര്‍ഷത്തേക്കുള്ള ഒരു പ്രോജക്ടായി ഓരോ ഭാഷയ്ക്കും നൂറുശതമാനം ഗ്രാന്റായി ഓരോ കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കാൻ വേണ്ടിയാണ് സംസ്ഥാനസര്‍ക്കാര്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് രൂപം നല്‍കിയത്. 1968 മാര്‍ച്ച് 11-ാം തീയതി കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച നമ്പര്‍ (p) 106/68. Edn ഉത്തരവുപ്രകാരം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍വന്നു.

ആറ് ഔദ്യോഗിക അംഗങ്ങളും മൂന്ന് അനൗദ്യോഗിക അംഗങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഗവേണിങ് ബോഡിയും തുടര്‍ന്ന് നിലവില്‍ വന്നു. അന്നത്തെ കേരള മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാട്, വിദ്യാഭ്യാസമന്ത്രി സി.എച്ച്. മുഹമ്മദ് കോയ, ഫൈനാന്‍സ് സെക്രട്ടറി പി. വേലായുധന്‍ നായര്‍ ഐ.എ.എസ്. (മെമ്പര്‍), വിദ്യാഭ്യാസ സെക്രട്ടറി കെ.സി. ശങ്കരനാരായണന്‍ ഐ.എ.എസ്. (കണ്‍വീനര്‍), കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. സാമുവല്‍ മത്തായി (മെമ്പര്‍), സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ. ജോസഫ് മുണ്ടശ്ശേരി(മെമ്പര്‍), എന്‍.വി. കൃഷ്ണവാരിയര്‍ (മെമ്പര്‍), പ്രൊഫ. സി.കെ. മൂസ്സത് (മെമ്പര്‍), വക്കം അബ്ദുള്‍ ഖാദര്‍ (മെമ്പര്‍) എന്നിവരായിരുന്നു ആദ്യ ഗവേണിങ് ബോര്‍ഡിയിലെ അംഗങ്ങള്‍. 1968 സെപ്റ്റംബര്‍ 16-ാം തീയതി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍വച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ത്രിഗുണ സെന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.


എന്‍.വി. കൃഷ്ണ വാരിയര്‍

1975 മാര്‍ച്ച് 31 ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകഡയറക്ടര്‍ എന്‍.വി. കൃഷ്ണവാരിയര്‍ അദ്ദേഹത്തിന്റെ സേവനകാലം പൂര്‍ത്തിയാക്കി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വിരമിച്ചു. 1975 ഏപ്രില്‍ വിജ്ഞാനകൈരളി ലക്കത്തില്‍ 'വിട' എന്ന ശീര്‍ഷകത്തിലെഴുതിയ മുഖലേഖനത്തില്‍ അതേവരെ നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്‍.വി. എഴുതുകയുണ്ടായി:

"ആധുനികവിജ്ഞാനത്തിന്റെ എല്ലാ ശാഖകളിലും സര്‍വകലാശാലാനിലവാരത്തിലുളള ആധികാരിക ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ നിര്‍മിച്ചു പ്രസിദ്ധപ്പെടുത്തുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുമ്പിലുള്ള സുപ്രധാനമായ പരിപാടി. ഈ പരിപാടി നിറവേറ്റുന്നതിനു പറ്റിയ വിധത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാഫിന്റെ രൂപം നിര്‍ണയിച്ചിരിക്കുന്നത്. നാലാം പദ്ധതിയില്‍ ഈ പരിപാടിക്ക് കേന്ദ്ര ഗവണ്‍മെന്റ് നല്‍കിയ സഹായം അഞ്ചാം പദ്ധതിയില്‍ അതേ തോതില്‍ തുടര്‍ന്ന് കിട്ടുമെന്ന് ഇനിയും തീര്‍ച്ചപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇടക്കാലത്തുവച്ച് സ്റ്റാഫില്‍ ഗണ്യമായ കുറവ് വരുത്തേണ്ടിവന്നു. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പല വിദഗ്ധരെയും തിരികെ അയയ്‌ക്കേണ്ടി വന്നത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനത്തില്‍ കുറെ മാന്ദ്യം ഉണ്ടാക്കിയെന്നത് പ്രതീക്ഷിതം മാത്രമാണ്. എങ്കിലും നിഷ്‌കൃഷ്ടമായ പഠനങ്ങള്‍ക്കുശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ പുസ്തകനിര്‍മാണ പരിപാടി അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അതേപടി പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. ആറരക്കൊല്ലം മുന്‍പ് ശാസ്ത്രീയ-മാനവിക- സാങ്കേതികവിഷയങ്ങളെപ്പറ്റി സര്‍വകലാശാലാ നിലവാരത്തില്‍ എഴുതാന്‍ കഴിവുള്ള അറിയപ്പെട്ട ലേഖകന്മാര്‍ കേരളത്തില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. ഇന്ന് അവരുടെ സംഖ്യ, മുഖ്യമായും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനഫലമായി ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. രണ്ടുലക്ഷത്തോളം വാക്കുകള്‍ അടങ്ങുന്ന സാങ്കേതിക ശബ്ദാവലികള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത് മലയാളത്തിലെ സാങ്കേതികപദങ്ങളുടെ പ്രശ്‌നത്തെ ഏറക്കുറെ പൂര്‍ണമായി പരിഹരിച്ചിരിക്കുന്നു. ശാസ്ത്ര- സാങ്കേതികഗ്രന്ഥങ്ങള്‍ അച്ചടിക്കുന്നതിനാവശ്യമായ മൂവായിരത്തിലേറെ പ്രത്യേക ചിഹ്നങ്ങളുടെ ടൈപ്പുകള്‍ ഫൗണ്ടറികളില്‍നിന്ന് ലഭ്യമാക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞിരിക്കുന്നു. മലയാളത്തില്‍ വൈജ്ഞാനികഗ്രന്ഥങ്ങളുടെ അച്ചടി സംബന്ധിച്ച ചില പൊതുമാനകങ്ങള്‍ ഇതിനകം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.................


ഗവേണിങ് ബോര്‍ഡിന്റെ ആദ്യത്തെ അധ്യക്ഷനായിരുന്ന ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാടും ഇപ്പോഴത്തെ അധ്യക്ഷനായ ശ്രീ.സി. അച്യുതമേനോനും, മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള ജോലിത്തിരക്കുകള്‍ക്കിടയിലും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓരോ പ്രശ്‌നവും അത്യന്തം ക്ഷമയോടെ പരിഗണിക്കുകയും തങ്ങളുടെ സുശക്തമായ പിന്തുണകൊണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം സുഗമമാക്കുകയും ചെയ്തുവന്നു. വിദ്യാഭ്യാസമന്ത്രിയും ഉപാധ്യക്ഷനുമായ ശ്രീ. സി.എച്ച്. മുഹമ്മദുകോയയെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരംഗമായാണ് ഞങ്ങള്‍ പരിഗണിക്കുന്നത്. പ്രശസ്തരായ എഴുത്തുകാര്‍കൂടിയായ ഈ മൂന്നു പേരുടെയും പരിലാളനം ആദ്യസംവല്‍സരങ്ങളില്‍ ലഭിക്കാന്‍ കഴിഞ്ഞത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാര്യക്ഷമതയെ വളരെയധികം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഉപാധ്യക്ഷനായ ശ്രീ. ചാക്കേരി അഹമ്മദ് കുട്ടിയും മറ്റ് ഔദ്യോഗിക-അനൗദ്യോഗിക അംഗങ്ങളും സാധാരണയില്‍ കവിഞ്ഞ താൽപ്പര്യം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ശ്രീമാന്‍മാര്‍ കുറ്റിപ്പുഴ കൃഷ്ണപിള്ള, വക്കം അബ്ദുല്‍ ഖാദര്‍, ജോസഫ് മുണ്ടശ്ശേരി, പി.ടി. ഭാസ്‌ക്കരപ്പണിക്കര്‍ എന്നീ അനൗദ്യോഗികാംഗങ്ങളുടെ പേര്‍ എടുത്തുപറയാതിരിക്കുന്നത് ഒരു കൃതഘ്‌നതയാവും."

കോഴിക്കോട് പ്രാദേശികകേന്ദ്രം

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോഴിക്കോട് പ്രാദേശികകേന്ദ്രം 1980 നവംബര്‍ 1 ന് കേരള മുഖ്യമന്ത്രിയും ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായിരുന്ന ഇ.കെ. നായനാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമന്ത്രിയും ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് ചെയര്‍മാനുമായിരുന്ന ബേബി ജോണ്‍ ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ചു. സി.എച്ച്. മുഹമ്മദുകോയ ആശംസാപ്രസംഗം നടത്തി. ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്കനുസൃതമായി സാഹിത്യവും ഭാഷയും ഇനിയും വളരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രൊഫ. സുകുമാര്‍ അഴിക്കോട്, നഗരസഭാ മേയര്‍ സി.ജെ. റോബിന്‍, ശ്രീ. എം.ടി.വാസുദേവന്‍ നായര്‍, ജില്ലാ കളക്ടര്‍ കെ.എം. ബാലകൃഷ്ണന്‍, എന്‍. ചന്ദ്രശേഖരക്കുറുപ്പ് എം.എല്‍.എ, കോളിയോട് ഭരതന്‍, പി. ഇസ്മയില്‍ എന്നിവര്‍ പ്രസംഗിച്ചു. വടക്കന്‍ ജില്ലകളിലെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനാണ് കോഴിക്കോട് പ്രാദേശികകേന്ദ്രം സ്ഥാപിച്ചത്. കോഴിക്കോട് പ്രാദേശികകേന്ദ്രത്തിനു കീഴില്‍ കോഴിക്കോട് ചെറൂട്ടി റോഡില്‍ പ്രാദേശികകേന്ദ്രം ഓഫീസും കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ.എം.എസ്. സ്റ്റേഡിയത്തില്‍ വിൽപ്പനശാലയും പ്രവര്‍ത്തിക്കുന്നു. എന്‍. ജയകൃഷ്ണനാണ് നിലവില്‍ കോഴിക്കോട് പ്രാദേശികകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടറുടെ ചുമതല വഹിക്കുന്നത്.