വൈജ്ഞാനിക പുരസ്കാരം

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരം-2023

മലയാളഭാഷയിലെയും സാഹിത്യത്തിലെയും മികച്ച സൃഷ്ടികളെയും സൃഷ്ടികര്‍ത്താക്കളെയും കണ്ടെത്താന്‍വേണ്ടിയാണ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സാഹിത്യപുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. എന്‍.വി. കൃഷ്ണവാരിയര്‍ സ്മാരക വൈജ്ഞാനിക പുരസ്കാരം, ഡോ. കെ.എം. ജോര്‍ജ് സ്മാരക ഗവേഷണ പുരസ്കാരം, എം.പി. കുമാരന്‍ സ്മാരക വിവര്‍ത്തന പുരസ്കാരം എന്നീ പുരസ്കാരങ്ങളാണ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നത്.

എന്‍.വി. കൃഷ്ണവാരിയര്‍ വൈജ്ഞാനിക പുരസ്കാരത്തിന്റെ വിധിനിര്‍ണയം നിര്‍വഹിച്ചത് സെന്റര്‍ ഫോര്‍ കംപാരിറ്റീവ് ലിറ്ററേച്ചര്‍ & ട്രാൻസ്.ലേഷന്‍ സ്റ്റ‍ഡീസിന്റെ ചെയര്‍മാനായ ഡോ. ഇ.വി. രാമകൃഷ്ണന്‍ ചെയര്‍മാനും, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഡോ. പി. സനല്‍ മോഹന്‍, സി.എസ്.എം.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോസയന്‍സ് & ബയോടെക്നോളജി ഡെപ്യൂട്ടി ഡയറക്ടറായ ഡോ. സേതുലക്ഷ്മി സി. എന്നിവര്‍ മെമ്പര്‍മാരുമായ ജൂറിയാണ്. “ലഭിച്ച കൃതികളില്‍ ഏറ്റവും മികച്ചതായി ജൂറി അംഗങ്ങള്‍ ഏകകണ്ഠമായി തിരഞ്ഞെടുത്തത് അഭിലാഷ് മലയിലിന്റെ ‘റയ്യത്തുവാരി: കമ്പനിസ്റ്റേറ്റും പൊളിറ്റിക്കല്‍ എക്കോണമിയും: മലബാര്‍ ജില്ലയെ ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങള്‍’ എന്ന പുസ്തകമാണ്. ഈ കൃതി ഗവേഷണത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിഷയത്തെ ഗഹനമായി പഠിക്കുന്നു. വാദഗതി അവതരിപ്പിക്കുന്നതിലുള്ള കൃത്യതയും സമകാലികതയും ചരിത്രവിജ്ഞാനീയത്തിന്റെ മൗലികമായ ഒരു വാദഗതി അവതരിപ്പിക്കുന്നതിലൂടെ ഈ മേഖലയെ ഈ പുസ്തകം നവീകരിക്കുന്നു” എന്ന് ജൂറി വിലയിരുത്തി.

കെ.എം. ജോര്‍ജ് സ്മാരക ഗവേഷണ പുരസ്കാരത്തിന്റെ വിധിനിര്‍ണയം നിര്‍വഹിച്ചത് കേരള സാഹിത്യ അക്കാദമി പ്രസിഡന്റായ ഡോ. കെ. സച്ചിദാനന്ദന്‍ ചെയര്‍മാനും എറണാകുളം മഹാരാജാസ് കോളെജില്‍നിന്ന് വിരമിച്ച പ്രൊഫസര്‍ ഡോ. മാര്‍ഗരറ്റ് ജോര്‍ജ്ജ്, കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളെജില്‍നിന്നും വിരമിച്ച പ്രൊഫസര്‍ ഡോ. കെ.വി. തോമസ് എന്നിവര്‍ മെമ്പര്‍മാരുമായ ജൂറിയാണ്. “രീതിശാസ്ത്രപരമായ കൃത്യത, പ്രമേയത്തിന്റെ പ്രസക്തി, നിഗമനങ്ങളുടെ മൗലികത, ഭാഷാശുദ്ധി എന്നിവ പൊതുമാനദണ്ഡങ്ങളാക്കിയാണ് പ്രബന്ധങ്ങള്‍ വിലയിരുത്തിയത്.”

ഒട്ടാകെ പതിനാലുഗ്രന്ഥങ്ങള്‍ പരിശോധിച്ചുവെങ്കിലും സമുന്നതനിലവാരം പുലര്‍ത്തുന്ന പ്രബന്ധ ങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് ഖേദകരമായ വസ്തുതയാണ്. സാമ്പ്രദായികമായ ചാലുകളില്‍നിന്ന് മാറിനടക്കാന്‍ ഗവേഷകര്‍ വിമുഖത കാണിക്കുന്നു. ഭാഷാപരമായ ശുദ്ധിയുടെ കാര്യത്തില്‍ ചില പ്രബന്ധങ്ങളുടെയെങ്കിലും നില ആശങ്കാജനകമാണെന്ന കാര്യം ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. രീതി ശാസ്ത്രപരമായ കൃത്യത പാലിക്കുമ്പോഴും മൗലികമായ നിഗമനങ്ങളിലെത്താന്‍ കഴിയാത്ത പ്രബന്ധങ്ങ ളുണ്ട്. മൗലികമായ ചില കണ്ടെത്തലുകള്‍ ഉണ്ടെങ്കിലും രീതിശാസ്ത്രപരമായി ദുര്‍ബലമായ പ്രബന്ധങ്ങളുമുണ്ട്. വേണ്ടത്ര സൈദ്ധാന്തികമായ അടിത്തറയില്ലാത്തതാണ് ചില പ്രബന്ധങ്ങളുടെ ന്യൂനത. തന്മൂലം ശേഖരിച്ച ദത്തങ്ങളെ വേണ്ടവണ്ണം അപഗ്രഥിക്കാനോ പുതിയ നിഗമനങ്ങളിലെത്താനോ പലര്‍ക്കും കഴിഞ്ഞിട്ടില്ല.

"ഒരു പുരസ്കാരം നല്‍കാനാണ് മുന്‍തീരുമാനമെങ്കിലും, പരിശോധനയ്ക്കു കിട്ടിയവയില്‍ മെച്ചപ്പെട്ട രണ്ടു പ്രബന്ധങ്ങള്‍ ഒരേ നിലവാരം പുലര്‍ത്തുന്നതായി കണ്ടെത്തിയതിനാല്‍ 2023-ലെ പുരസ്കാരം പദവര്‍ഗീ കരണത്തിന്റെ അടിസ്ഥാനതത്വങ്ങള്‍- മലയാളവ്യാകരണകൃതികള്‍ മുന്‍നിര്‍ത്തിയുള്ള പഠനം എന്ന ഗവേ ഷണപ്രബന്ധത്തിന് ഡോ. അശോക് എ. ഡിക്രൂസിനും, ‘ഇന്ത്യന്‍ സാംസ്കാരിക ദേശീയവാദവും മലയാള വിമര്‍ശനവും’ എന്ന ഗവേഷണപ്രബന്ധത്തിന് ഡോ. ഇ. രതീഷിനും നല്‍കണമെന്ന് ജൂറി ഏകകണ്ഠമായി നിര്‍ദേശിക്കുന്നു” എന്നതാണ് ജൂറിയുടെ വിലയിരുത്തല്‍.

എം.പി. കുമാരന്‍ സ്മാരക വിവര്‍ത്തനപുരസ്കാരത്തിന്റെ വിധിനിര്‍ണയം നിര്‍വഹിച്ചത് ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി, ജ്ഞാനഭാരതി ക്യാമ്പസിലെ പ്രൊഫസറായ ശ്രീമതി ചിത്രാ പണിക്കര്‍ ചെയര്‍പേഴ്സണും കാസര്‍കോഡ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇംഗ്ലീഷ് & കംപാരിറ്റീവ് ലിറ്ററേച്ചറിലെ പ്രൊഫസര്‍ ആന്റ് ഹെഡ് ആയ ഡോ. ജോസഫ് കോയിപ്പള്ളി ജോസഫ്, എം.ജി. യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലറ്റേഴ്സിലെ വിരമിച്ച പ്രൊഫസര്‍ ഡോ. കെ.എം. കൃഷ്ണന്‍ എന്നിവര്‍ മെമ്പര്‍മാരുമായ ജൂറിയാണ്. “സര്‍ഗാത്മകവും എന്നാല്‍ സരളവുമായ ഭാഷയിലാണ് ‘താര്‍ക്കികരായ ഇന്ത്യാക്കാര്‍: ചരിത്രം, സംസ്കാരം, സ്വത്വം’ എന്ന ശീര്‍ഷകത്തില്‍ അമര്‍ത്യ സെന്നിന്റെ The Argumentative Indian ; Writings on Indian Culture, History and Identity ആശാലത വിവര്‍ത്തനം ചെയ്തിട്ടുള്ളത്. മൂലകൃതിയിലെ ആശയഗഹനത അല്പം പോലും ചോര്‍ന്നു പോകാതെയാണ് ആശാലതയുടെ വിവര്‍ത്തനം. സങ്കീര്‍ണതകളെ ഉള്‍ക്കൊള്ളാനും സമഗ്രചിന്തയെ പൊലിപ്പിക്കാനും ആശാലതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഉടനീളം കുറിപ്പുകള്‍ വിവര്‍ത്തനം ചെയ്യാന്‍ മടിച്ച കാര്യങ്ങളാണിവ. ചരിത്രവും സംസ്കാരവും സ്വത്വവും തര്‍ക്കവിഷയമായി മാറുന്ന ഇന്നത്തെ പശ്ചാത്തലത്തില്‍ ഈ വിവര്‍ത്തനത്തിന്റെ സമകാലികപ്രസക്തി തര്‍ക്കമറ്റതാണ് ” എന്ന വിലയിരുത്തലോടെ ശ്രീമതി. ആശാലതയ്ക്ക് പുരസ്കാരം നല്‍കാന്‍ ജൂറി ശുപാര്‍ശ ചെയ്തു.

പുരസ്കാരജേതാക്കളുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു:

1. എന്‍.വി. കൃഷ്ണവാരിയര്‍ സ്മാരക വൈജ്ഞാനിക പുരസ്കാരം 2023
ജേതാവ് ശ്രീ അഭിലാഷ് മലയില്‍
കൃതി റയ്യത്തുവാരി
2. ഡോ. കെ.എം. ജോര്‍ജ്ജ് സ്മാരക ഗവേഷണ പുരസ്കാരം 2023
1. ഗവേഷകന്‍ ഡോ. അശോക് ഡിക്രൂസ്
ഗവേഷണ പ്രബന്ധം പദവര്‍ഗീകരണത്തിന്റെ അടിസ്ഥാനതത്വങ്ങള്‍- മലയാള വ്യാകരണകൃതികള്‍ മുന്‍നിര്‍ത്തിയുള്ള പഠനം
2. ഗവേഷകന്‍ ഡോ. രതീഷ് ഇ.
ഗവേഷണ പ്രബന്ധം ഇന്ത്യന്‍ സാംസ്കാരിക ദേശീയവാദവും മലയാള വിമര്‍ശനവും
3. എം.പി. കുമാരന്‍ സ്മാരക വിവര്‍ത്തന പുരസ്കാരം 2023
ജേതാവ് ശ്രീമതി ആശാലത
കൃതി താര്‍ക്കികരായ ഇന്ത്യാക്കാര്‍