ഡയറക്ടർ

  • ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നയപരമായ കാര്യങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കുന്നത് ബഹു. മുഖ്യമന്ത്രി ചെയർമാനും ബഹു. സാംസ്കാരിക വകുപ്പുമന്ത്രി വൈസ് ചെയർമാനും ഭരണനിർവഹണത്തിനായി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ഉൾപ്പെട്ടിട്ടുള്ള ഭരണസമിതിയാണ്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേലധികാരിയും ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയുടെ മെമ്പർ സെക്രട്ടറിയുമാണ് ഡയറക്ടർ. ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ ജനറൽ എഡിറ്ററും മുഖ്യപത്രമായ വിജ്ഞാനകൈരളിയുടെ ചീഫ് എഡിറ്ററും ഡയറക്ടറാണ്.

അക്കാദമിക വിഭാഗം

  • കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖ്യലക്ഷ്യം വൈജ്ഞാനിക ഗ്രന്ഥനിർമാണവും വ്യാപനവുമാണ്. ഇതിനായി മലയാളം, ചരിത്രം, ശാസ്ത്രം, തത്വശാസ്ത്രം, എഞ്ചിനീയറിങ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രാവീണ്യമുള്ള അക്കാദമിക ജീവനക്കാർ ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നു. മികച്ച ഗ്രന്ഥങ്ങൾ പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുക്കുവാൻ ഡയറക്ടർ അധ്യക്ഷനായ ഒരു പബ്ലിക്കേഷൻ കമ്മിറ്റി ഇൻസ്റ്റിറ്റ്യൂട്ടിന് നിലവിലുണ്ട്. ഈ കമ്മിറ്റി തിരഞ്ഞെടുത്ത സ്‌ക്രിപ്റ്റുകൾ ബന്ധപ്പെട്ട എഡിറ്റർമാർ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്നു. പുസ്തകനിർമാണത്തിനുപുറമേ ഭാഷാ സാഹിത്യ-ശാസ്ത്ര സെമിനാറുകൾ, ശില്പശാലകൾ, വൈജ്ഞാനിക പ്രഭാഷണങ്ങൾ, വിവർത്തന പരിശീലനക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിലും അക്കാദമിക വിഭാഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ, വിവിധ കോളെജുകളിൽനിന്ന് ഇന്റേണ്‍ഷിപ്പിനെത്തുന്ന ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്കുവേണ്ട മാർഗനിർദേശം നൽകുന്നതിലും അക്കാദമിക വിഭാഗം സജീവമാണ്. സാംസ്കാരികവകുപ്പ് നിർദേശിക്കുന്ന വിവിധ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിലും അക്കാദമിക വിഭാഗത്തിന് ചുമതലയുണ്ട്.

ഭരണവിഭാഗം

  • ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട ഭരണപരമായ ദൈനംദിനകാര്യങ്ങൾ നിർവഹിക്കുന്നത് ഭരണവിഭാഗമാണ്. ഭരണവിഭാഗത്തിന്റെ ചുമതല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഭരണനിർവഹണത്തിലെ സാമ്പത്തികചുമതല ഫിനാൻഷ്യൽ അസിസ്റ്റന്റും ഭരണവിഭാഗത്തിലെ പൊതുചുമതല ഓഫീസ് സൂപ്രണ്ടുമാണ് നിർവഹിക്കുന്നത്. ഈ വിഭാഗത്തെ സഹായിക്കുന്നതിനും ഫയലുകൾ കൈകാര്യം ചെയ്യുന്നതിനുമായി ക്ലറിക്കൽ ജീവനക്കാരും ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. ഇ1,ഇ2, ഇ3 സെക്ഷനുകളും അക്കൗണ്ട്സ്, ബിൽ എന്നീ സെക്ഷനുകളുമാണ് പ്രധാനമായും ഭരണവിഭാഗത്തിൽ ഉൾപ്പെടുന്നത്. ഭരണപരമായ കാര്യങ്ങളെ സംബന്ധിച്ച വിവരാവകാശങ്ങളുടെ ഇൻഫർമേഷൻ ഓഫീസർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. നിശ്ചിത ഫീസായ 10 രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറായ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കാണ് വിവരാവകാശനിയമം ഉപയോഗിച്ച് അപേക്ഷ നൽകേണ്ടത്.

പ്രസിദ്ധീകരണ വിഭാഗം

  • കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകപ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട എല്ലാ ഫയൽജോലികളും നിർവഹിക്കുന്നത് പ്രസിദ്ധീകരണവിഭാഗമാണ്. പുസ്തകങ്ങളുടെ വിലനിർണയിക്കൽ, സിൽ, ISBN ലഭ്യ മാക്കൽ, വർക്ക് ഓർഡർ നൽകൽ, റോയൽറ്റി, പ്രൊഡക്ഷൻ സ്റ്റേറ്റ്‌മെന്റ് എന്നിവ തയാറാക്കൽ, പുസ്തകവിവർത്തനവുമായി ബന്ധപ്പെട്ട ഫയൽജോലികൾ നിർവഹിക്കൽ തുടങ്ങിയവയാണ് പ്രസിദ്ധീകരണ വിഭാഗത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ.

വിൽപ്പന വിഭാഗം

  • ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ വിൽപ്പനയും പ്രചാരണവുമാണ് വിൽപ്പന വിഭാഗത്തിന്റെ മുഖ്യലക്ഷ്യം. ഇതിനായി തിരുവനന്തപുരത്ത് രണ്ട് പുസ്തകശാലകളും കോഴിക്കോട്, കണ്ണൂർ, എറണാകുളം, തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മറ്റ് അഞ്ച് പുസ്തകശാലകളും പ്രവർത്തിക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് നേരിട്ട് സംഘടിപ്പിക്കുന്ന എക്‌സിബിഷനുകൾ, അന്താരാഷ്ട്ര പുസ്തകമേളകൾ, നിയമസഭാ പുസ്തകോത്സവങ്ങൾ, ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന എക്സിബിഷനുകൾ എന്നിവ മുഖാന്തരവും വിവിധ ജില്ലകളിലെ പ്രമോട്ടർമാരുടെ സഹകരണത്തോടെയുമാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങൾക്ക് പ്രചാരവും വിൽപ്പനയും നടത്തിവരുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റ്/ വെബ്‌പോർട്ടൽ വഴിയും വായനക്കാർക്ക് ഓൺലൈനായും പുസ്തകങ്ങൾ വാങ്ങാവുന്നതാണ്.

    ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റോക്കിലുള്ള പുസ്തകശേഖരം സൂക്ഷിക്കുന്നത് മെയിന്‍ ഗോഡൗണിലാണ്. അച്ചടി പൂർത്തിയാക്കി ഇൻസ്റ്റിറ്റ്യൂട്ടിലെത്തുന്ന പുസ്തകങ്ങള്‍ ഏറ്റെടുത്ത്, സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ട ചുമതല ഗോഡൗണ്‍ ജീവനക്കാരുടേതാണ്. കൂടാതെ, ആവശ്യാനുസരണം ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ എല്ലാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളിലേക്കും കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിലേക്കും, എക്സിബിഷനുകൾക്കും മറ്റും എത്തിച്ചു നൽകുന്ന ജോലികളും മെയിന്‍ ഗോഡൗണില്‍ നിന്നാണ് നിർവഹിക്കുന്നത്.

സിൽ ഡി.റ്റി.പി. വിഭാഗം

  • ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, വിജ്ഞാനമുദ്രണം പ്രസ്സ് എന്നിവയുടെ നവീകരണത്തിന്റെ ഭാഗമായി 1997 മുതലാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡി.റ്റി.പി. വിഭാഗം പ്രവർത്തനമാരംഭിച്ചത്. അന്നു മുതൽ വിവിധ കാലഘട്ടങ്ങളിൽ പ്രിന്റിങ്-ഡി.റ്റി.പി. മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾ കാലാനുസൃതമായി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡി.റ്റി.പി. വിഭാഗത്തിലും നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിലെ ദൈനംദിന ഉത്തരവുകൾ, എഡിറ്റർമാർ നൽകുന്ന പുതിയ പുസ്തകങ്ങളുടെയും പുനഃപ്രസിദ്ധീകരണങ്ങളുടെയും ബുക്ക് സെറ്റിങ്/ റീ-സെറ്റിങ് ജോലികൾ, പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളുടെ സി.ഡി. പരിശോധിച്ച് പുറത്തുള്ള ഡി.റ്റി.പിക്കും മറ്റും പ്രതിഫലം നൽകാനുള്ള ഫയൽ ജോലികൾ നിർവഹിക്കൽ തുടങ്ങിയവയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഡി.റ്റി.പി. വിഭാഗത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ. എഡിറ്റർമാർ നൽകുന്ന സ്ക്രിപ്റ്റുകൾ ഡി.റ്റി.പി. ചെയ്ത് പുസ്തക പ്രസിദ്ധീകരണത്തിനായി പ്രസ്സിൽ നൽകുന്നത് വരെയുള്ള എല്ലാ ഡി.റ്റി.പി. സംബന്ധജോലികളും ഈ വിഭാഗം വളരെ ഭംഗിയായി നിർവഹിച്ചു പോരുന്നു.

പ്രൂഫ് വിഭാഗം

  • കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രൂഫ് നോക്കുന്നത് പ്രൂഫ് വിഭാഗമാണ്. അച്ചടിക്കുന്നതിന് വേണ്ടി ഡി.റ്റി.പി. ചെയ്ത സ്ക്രിപ്റ്റുകള്‍ അതിന്റെ മൂലരേഖയുമായി ഒത്തുനോക്കുകയും പ്രൂഫില്‍ കടന്നുകൂടിയിട്ടുള്ള അച്ചടിപ്പിശകുകളും അക്ഷരത്തെറ്റുകളും വ്യാകരണപ്പിഴവുകളും കണ്ടുപിടിച്ച് തിരുത്തുകയും ചെയ്യുന്ന ജോലി പ്രൂഫ്റീഡറും കോപ്പിഹോൾഡറും ചേർന്നാണ് നിർവഹിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങള്‍ തെറ്റ് കൂടാതെ പൊതുസമൂഹത്തിന് മുന്നില്‍ എത്തുന്നതില്‍ പ്രൂഫ് വിഭാഗത്തിന് നല്ലൊരു പങ്കുണ്ട്. കൂടാതെ കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് അക്കാദമിക വിഭാഗവുമായി ചേർന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാംസ്കാരിക പരിപാടികള്‍, ശിൽപ്പശാലകള്‍, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിലും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രൂഫ് വിഭാഗം സജീവമാണ്.

കോഴിക്കോട് പ്രാദേശികകേന്ദ്രം

  • 1980 നവംബര്‍ 1-ാം തീയതി അന്നത്തെ കേരള മുഖ്യമന്ത്രി ശ്രീ. ഇ. കെ. നായനാരാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോഴിക്കോട് പ്രാദേശിക കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ഇവിടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു ഓഫീസും മെയിന്‍ ഗോഡൗണും നഗരമധ്യത്തില്‍ ഒരു ഷോറൂമും പ്രവർത്തിക്കുന്നുണ്ട്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖ്യലക്ഷ്യങ്ങള്‍ വടക്കന്‍ ജില്ലകളിലും നടപ്പാക്കുക, വടക്കന്‍ കേരളത്തിലെ എഴുത്തുകാരെക്കൊണ്ട് ഭാഷ, സാഹിത്യം, ശാസ്ത്രം, സാങ്കേതികശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ സർവ്വകലാശാല നിലവാരമുള്ള പാഠപുസ്തകങ്ങളും അധിക വായനാപുസ്തകങ്ങളും തയാറാക്കുക, വടക്കന്‍ ജില്ലകളില്‍ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ പ്രചാരണവും വിൽപ്പനയും നടത്തുക തുടങ്ങിയവയാണ് കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിന്റെ മുഖ്യപ്രവർത്തനങ്ങൾ. വടക്കന്‍ കേരളത്തില്‍ എക്സിബിഷനുകള്‍, പുസ്തക പ്രകാശനങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാദേശിക കേന്ദ്രത്തിന്റെ ചുമതലയാണ്.