സഹകരിക്കുന്ന സ്ഥാപനങ്ങള്‍ (Collaborations)
- കമ്മീഷന്‍ ഫോര്‍ സയന്റിഫിക് ആന്റ് ടെക്നിക്കല്‍ ടെര്‍മിനോളജി (സി.എസ്.റ്റി.റ്റി.)
കേന്ദ്രസര്‍ക്കാരിന്റെ മനുഷ്യവിഭവശേഷി വികസനമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കമ്മീഷന്‍ ഫോര്‍ സയന്റിഫിക് ആന്റ് ടെക്നിക്കല്‍ ടെര്‍മിനോളജി (CSTT). ഹിന്ദിയിലും മലയാളം പോലുള്ള ഇന്ത്യന്‍ ഭാഷകളിലും ശാസ്ത്രസാങ്കേതികപദങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നിഘണ്ടുക്കള്‍, പദകോശങ്ങള്‍, നിര്‍വചന നിഘണ്ടുക്കള്‍, വിജ്ഞാനകോശങ്ങള്‍, സര്‍വകലാശാലാ നിലവാരത്തിലുള്ള ശാസ്ത്രപുസ്തകങ്ങള്‍ എന്നിവ തയാറാക്കി പ്രസിദ്ധീകരിക്കുക എന്നതാണ് സി.എസ്.റ്റി.റ്റിയുടെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന്. 1980-കളുടെ തുടക്കംമുതല്‍തന്നെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സി.എസ്.റ്റി.റ്റിയുമായി സഹകരിച്ച് നിരവധി ഈടുറ്റ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. - ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്‍
കേന്ദ്രസര്‍ക്കാരിന്റെ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഇന്ത്യന്‍ ഭരണഘടനാശില്‍പ്പി ഡോ. അംബേദ്കറുടെ സമ്പൂര്‍ണ കൃതികള്‍ മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. 1997-ല്‍ ആരംഭിച്ച ഈ ബൃഹത്തായ പ്രസാധനപദ്ധതി 2013-ല്‍ 40 വാല്യങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ പൂര്‍ത്തിയായി. മലയാളത്തില്‍ മൂന്നു ഘട്ടങ്ങളിലായാണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്. ആദ്യം ഒന്നു മുതല്‍ പതിനെട്ടുവരെയുള്ള വാല്യങ്ങളും 22-ാം വാല്യവും പ്രസിദ്ധപ്പെടുത്തി. തുടര്‍ന്ന്, 19 മുതല്‍ 31 വരെയുള്ള വാല്യ ങ്ങള്‍ രണ്ടാം ഘട്ടത്തിലും 32 മുതല്‍ 40 വരെയുള്ള വാല്യങ്ങള്‍ മൂന്നാം ഘട്ടത്തിലുമാണ് പ്രസിദ്ധപ്പെടുത്തിയത്. അംബേദ്കര്‍ സമ്പൂര്‍ണകൃതികളുടെ തീര്‍ന്നുപോയ വാല്യങ്ങളുടെ പുനഃപ്രസിദ്ധീകരണ പ്രവര്‍ത്തന ങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുരോഗമിക്കുകയാണ്. - നാഷണല്‍ ട്രാന്‍സിലേഷന്‍ മിഷന്‍ (മൈസൂര്‍)
യൂണിവേഴ്സിറ്റി തലങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും പൊതുവായനാസമൂഹത്തിനുമായി വിവിധഭാഷക ളിലെ വിജ്ഞാനഗ്രന്ഥങ്ങള്‍, ഭരണഘടനയിലെ 8-ാം ഷെഡ്യൂളില്‍പ്പെടുന്ന ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കാന്‍ സഹായിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സംരംഭമാണ് നാഷണല്‍ ട്രാന്‍സിലേഷന്‍ മിഷന്‍. ശാസ്ത്ര- സാങ്കേതിക പദാവലിയുടെ നിര്‍മാണം, സര്‍വകലാശാലാതലത്തിലെ പാഠപുസ്തകങ്ങളുടെ വിവര്‍ത്തനം എന്നീ മേഖലകളില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ട്രാന്‍സിലേഷന്‍ മിഷനും സഹകരിച്ച് പല പ്രോജക്ടുകളും ചെയ്തുവരുന്നുണ്ട്. ഭാരതീയ ദര്‍ശനസംഗ്രഹം, ഇന്ത്യന്‍ ഭരണഘടനയുടെ ആധാരശിലകള്‍ (ഗ്രന്‍വിന്‍ ഓസ്റ്റിന്‍), ഗണിതവിശ്ലേഷണതത്വങ്ങള്‍ (വാല്‍ട്ടര്‍ റൂഡിന്‍), സാമൂഹികശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ (പി.സി. ഗിസ്ബര്‍ട്ട്), രാഷ്ട്രത്തിന്റെ വ്യാകരണം (ഹരോള്‍ഡ് ജെ. ലാസ്കി) തുടങ്ങിയ ഗ്രന്ഥങ്ങള്‍ എന്‍.ടി.എമ്മുമായി സഹകരിച്ച് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചവയാണ്. - എനര്‍ജി-മാനേജ്മെന്റ് സെന്റര്‍-കേരള
കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എനര്‍ജി മാനേജ്മെന്റ് സെന്ററുമായി സഹകരിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഊര്‍ജസംരക്ഷണമേഖലയില്‍ ഒരു പുസ്തകപരമ്പര ആവിഷ്കരിച്ചിരുന്നു. ഡോ. സി. ജയരാമന്‍ രചിച്ച ‘ഊർജ്ജായനം’, വി.വി. ഗോവിന്ദന്‍ രചിച്ച ‘നിയന്ത്രണം വിരല്‍ത്തുമ്പില്‍: കുട്ടികളും ഊര്‍ജ സംരക്ഷണവും’ എന്നീ രണ്ടു പുസ്തകങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. - ഐസിഫോസ്
കേരള ഗവണ്മെന്റിന് കീഴിലുള്ള ഒരു സ്വയംഭരണസ്ഥാപനമാണ് ഐസിഫോസ്. കേരളത്തിലെ ഫോസ് സംരംഭങ്ങളെയും, അറിവിന്റെയും വിജ്ഞാനത്തിന്റെയും ജനാധിപത്യസമീപനം പ്രോൽസാഹിപ്പിക്കുന്ന തരത്തിലുള്ള ലോകത്തിലെ മറ്റിടങ്ങളിലെ ഫോസ് സംരംഭങ്ങളെയും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐസിഫോസ് രൂപീകൃതമായത്. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെയും സ്വതന്ത്ര വിജ്ഞാനത്തിന്റെയും കേന്ദ്രമായാണ് ഐസിഫോസ് പ്രവർത്തിക്കുന്നത്. ഐസിഫോസിന്റെ സാങ്കേതിക സഹായത്തോടെയാണ് കേരള ഭാഷാ ഇൻസ്റ്റിറ്യൂട്ട് ഓൺലൈൻ മലയാളനിഘണ്ടു യാഥാർഥ്യമാക്കിയത്. - തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല
കേരളസര്‍ക്കാറിന്‍റെ 2012 ലെ ഉത്തരവിലൂടെയാണ് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സ്ഥാപിതമായത്. ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 2013 ഏപ്രിലില്‍ രൂപമെടുത്ത തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ആക്ട് നിലവില്‍ വന്നു. 2012 നവംബര്‍ ഒന്നിനാണ് സര്‍വകലാശാല സാക്ഷാല്‍ക്കരിക്കപ്പെട്ടത്. മാതൃഭാഷാഭിമാനം വളര്‍ത്താനും മലയാളി സമൂഹത്തിനിടയില്‍ നിരവധി പഠനങ്ങള്‍ നിര്‍വഹിക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് ഈ സര്‍വകലാശാല സ്ഥാപിച്ചിട്ടുള്ളത്. സാഹിത്യം, ശാസ്ത്രം, മാനവികവിഷയങ്ങള്‍, സാമൂഹ്യശാസ്ത്രം, സാങ്കേതിക വിദ്യ എന്നിവയെല്ലാം മലയാളമാധ്യമത്തിലൂടെ പഠിപ്പിക്കുക, മലയാളഭാഷ, താരതമ്യസാഹിത്യം, മലയാളവിമര്‍ശനം, സംസ്കാര-പൈതൃകം, ദക്ഷിണേന്ത്യന്‍ ഭാഷകളുടെ ലിപി പരിണാമം, ഗോത്രഭാഷകള്‍, പ്രാദേശിക ഭാഷകള്‍, മലയാള കവിത, ചെറുകഥ, നോവല്‍, കേരളീയ നവോത്ഥാനം, ചരിത്രം, കേരളത്തിന്‍റെ വൈജ്ഞാനിക പാരമ്പര്യം, പുരാതത്വ വിജ്ഞാനം, മ്യൂസിയപഠനം, പരിഭാഷ എന്നിവയെയെല്ലാം മുന്‍നിര്‍ത്തി സവിശേഷപഠനങ്ങള്‍ നിര്‍വഹിക്കുക എന്നിവയും ഈ സര്‍വകലാശാലയുടെ സ്ഥാപിത ലക്ഷ്യമാണ്. മലയാളഭാഷാ മാധ്യമത്തിലൂടെ ബിരുദാനന്തരബിരുദ കോഴ്സുകളും ഗവേഷണ കോഴ്സുകളും നിര്‍വഹിക്കാനുള്ള സൗകര്യമാണ് സര്‍വകലാശാല ഒരുക്കുന്നത്. കേരളത്തിന്‍റെ സാംസ്കാരിക - ബൗദ്ധിക പാരമ്പര്യത്തിന് ഊന്നല്‍ നല്‍കിയാണ് മേല്‍പ്പറഞ്ഞ കോഴ്സുകള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തിന്‍റെ സാംസ്കാരികമായ ഈടുവെപ്പുകള്‍ ശേഖരിക്കുക, സംരക്ഷിക്കുക, അവതരിപ്പിക്കുക എന്നിവയും സര്‍വകലാശാല അതിന്‍റെ പ്രധാന ദൗത്യമായി പരിഗണിക്കുന്നു. മാത്രമല്ല പുതിയ വിവരസാങ്കേതിക വിദ്യക്കനുഗുണമായി മലയാളത്തെ വികസിപ്പിക്കാനുള്ള പദ്ധതികളും സര്‍വകലാശാലയുടെ പരിപ്രേക്ഷ്യത്തില്‍ വരുന്നതാണ്.