വിജ്ഞാനമുദ്രണം പ്രസ്സ്

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ശാസ്ത്ര-സാങ്കേതിക ഗ്രന്ഥങ്ങള്‍ അച്ചടിക്കുക എന്നത് വളരെ വിഷമകരമായിരുന്നു. നിലവാരമുള്ള പ്രസ്സുകളുടെ അഭാവമായിരുന്നു ഇതിനു കാരണം. മിക്ക പ്രസ്സു കളിലും അന്ന് ശാസ്ത്രഗ്രന്ഥങ്ങളച്ചടിക്കാന്‍വേണ്ട പ്രതീകങ്ങള്‍ ലഭ്യമായിരുന്നില്ല. കൂടാതെ, ഇന്‍സ്റ്റിറ്റ്യൂട്ടിന് തനതായി ആവിഷ്കരിച്ചു നടപ്പിലാക്കിയ ലിപിസമ്പ്രദായവും അച്ചടിയിലെ സ്പേസിങ് രീതിയും പ്രത്യേകമായ ശ്രദ്ധയും വൈദഗ്ധ്യവും ആവശ്യപ്പെടുന്നതുമായിരുന്നു. ഗണിതം, ഭൗതികം, രസതന്ത്രം, എഞ്ചിനീയറിങ് തുടങ്ങിയ വിഷയങ്ങള്‍ അച്ചടിക്കാന്‍ സാധാരണ അച്ചുകൾക്കുപുറമേ വളരെയധികം സിംബലുകളുടെ അച്ചുകള്‍കൂടി ആവശ്യമായിരുന്നു. ആദ്യഘട്ടങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ ശാസ്ത്രഗ്രന്ഥമുദ്രണത്തിനാവശ്യമായ പ്രത്യേക അച്ചുകള്‍ നിര്‍മിച്ച് പ്രസ്സുകൾക്കു നല്‍കിയാണ് ചില പുസ്തകങ്ങള്‍ അച്ചടിപ്പിച്ചെടുത്തിരുന്നത്. അക്കാലങ്ങളില്‍ വളരെയേറെ മൂലധനനിക്ഷേപമുള്ള ഗവണ്മെന്റ് പ്രസ്സിലെ സൗകര്യങ്ങള്‍ പല കാരണങ്ങളാൽ ഉപയോഗിക്കാന്‍ സാധിച്ചി രുന്നതുമില്ല. ഈ സാഹചര്യത്തില്‍ 1970 മെയ് 18-ന് മാതൃഭൂമി ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായ എന്‍.വി. കൃഷ്ണവാരിയര്‍ ഇങ്ങനെ വിവരിക്കുന്നു: “പുസ്തകങ്ങള്‍ അച്ചടിച്ചു പുറത്തിറക്കുന്നതിനുള്ള സൗകര്യക്കുറവാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഇന്ന് അലട്ടുന്ന ഏറ്റവും പ്രധാന പ്രശ്നം. ഗവണ്മെന്റ് പ്രസ്സുകളില്‍നിന്ന് ഉദ്ദേശിച്ചപോലെയോ ആവശ്യമനുസരിച്ചോ പേജുകള്‍ അച്ചടിച്ചുകിട്ടുന്നില്ല; സ്വകാര്യഅച്ചുകൂടങ്ങളില്‍ സൗകര്യങ്ങള്‍ കുറവാണ്. ഇപ്പോള്‍ 21 പ്രസ്സുകളിലായിട്ടാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും അച്ചടിച്ചുകൊണ്ടിരിക്കുന്നത്.” ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്ന അവസ്ഥയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വന്തമായ ഒരു പ്രസ്സ് എന്ന ആശയം ഉദിക്കുന്നത്. 1969 ജൂണ്‍ മാസം 20 -നു കൂടിയ സ്റ്റാന്‍ഡിങ് കമ്മിറ്റി, അന്നത്തെ ഡയറക്ടറുടെ ശുപാര്‍ശ പരിഗണിച്ച്, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴില്‍ ഒരു അച്ചടിശാല സ്ഥാപിക്കുന്നതിനുള്ള അനുമതി നല്‍കി. തുടര്‍പരിശ്രമങ്ങളുടെ ഫലമായി ‘1972 മെയ് മാസം 2’ ന് പ്രത്യേക ഫാക്ടറി ആക്ട് പ്രകാരം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനത്ത് വിജ്ഞാനമുദ്രണം പ്രസ്സ് പ്രവര്‍ത്തനമാരംഭിച്ചു.

കേരളത്തില്‍ ആദ്യമായി ഉന്നതനിലവാരത്തിലുള്ള ശാസ്ത്ര- സാങ്കേതികഗ്രന്ഥങ്ങള്‍ അച്ചടിക്കാന്‍ സുസജ്ജമായ വിജ്ഞാനമുദ്രണം പ്രസ്സിന്റെ സ്ഥാപനത്തിലൂടെ ഇന്‍സ്റ്റിറ്റ്യൂട്ട് അതിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഒരു ഘട്ടത്തിലേക്കാണ് കടന്നത്. പ്രവര്‍ത്തനപാരമ്പര്യത്തിന്റെ അരനൂറ്റാണ്ടു വിജയകരമായി പിന്നിട്ട വിജ്ഞാനമുദ്രണം പ്രസ്സ് ഇന്നും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ഡി.റ്റി.പി, പ്രൂഫ് റീഡിങ് മുതല്‍ പാക്കിങ് ജോലികള്‍ വരെയുള്ള ഒരു പ്രസ്സിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കാന്‍ കഴിയുന്നതരത്തില്‍ വിജ്ഞാനമുദ്രണം ഉയര്‍ന്നു കഴിഞ്ഞു. ആധുനികരീതിയിലുള്ള ഡി.റ്റി.പി. ഓഫ്‌സെറ്റ് സംവിധാനങ്ങളായ രണ്ട് സിംഗിള്‍ യൂണിറ്റ് ഡബിള്‍ ഡമ്മി പ്രിന്റിങ് മെഷീനുകള്‍, കട്ടിങ് മെഷീന്‍, ബൈന്റിങ് മെഷീന്‍ എന്നിവ ഇപ്പോള്‍ വിജ്ഞാനമുദ്രണം പ്രസ്സിലുണ്ട്. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി സെമി ഓട്ടോമാറ്റിക് സ്യൂയിങ് മെഷീന്‍, ഷ്രിങ്ക് മെഷീന്‍ തുടങ്ങിയവ വാങ്ങുന്നതിനുള്ള നടപടികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുരോഗമിക്കുകയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങളുടെ തൊണ്ണൂറു ശതമാനം അച്ചടിയും വിജ്ഞാനമുദ്രണം പ്രസ്സിലാണ് നിര്‍വഹിക്കുന്നത്.