 
                                  
                                                                       
                                                              Category: ശ്രീനാരായണ ഗുരു പഠനം
ശ്രോത്രിയ ബ്രഹ്മനിഷ്ഠനും അനുഭവസമ്പന്നനുമായ ശ്രീനാരായണഗുരുദേവൻ തന്റെ അനുഭൂതികളെത്തന്നെ ശബ്ദങ്ങളിൽ കൂടി പ്രകാശിപ്പിക്കുകയാണ് ഈ ഗ്രന്ഥംകൊണ്ട് സാധിച്ചിരിക്കുന്നതെന്നു പറയണം. സാമാന്യമായ 1-വേദാന്തശാസ്ത്രബോധത്തോടുകൂടി ഈ മാർഗത്തിൽ സഞ്ചരിക്കുന്ന ജിജ്ഞാസുവായ സാധകന് ഇതിലും വലിയൊരനുഗ്രഹം ഇനി കിട്ടാനില്ല. അത്രമാത്രം പ്രൗഢവും പൂർണവും അനുവാചകനെ അസ്തസംശയനാക്കിത്തീർക്കുന്നതുമായൊരു തത്വപ്രതിപാദനമാണീ ഗ്രന്ഥം കൊണ്ടു സാധിച്ചിരിക്കുന്നത്. ഗുരുദേവൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരായ വേദാന്തമാർഗ സഞ്ചാരികളിൽ ചൊരിഞ്ഞ മഹത്തായ ഒരനുഗ്രഹം തന്നെയാണ് ഈ മഹൽഗ്രന്ഥം. അങ്ങനെയാണെങ്കിലും വേണ്ടത്ര ശാസ്ത്രവ്യുൽപ്പത്തിയും ശരിയായ സാധനാനുഷ്‌ഠാനങ്ങളും ഉയർന്ന സത്വശുദ്ധിയും ഉള്ളവർക്കു മാത്രമേ സൂത്രപ്രായങ്ങളായ ഇതിലെ പദ്യങ്ങളെ തട്ടിയുടച്ച് അതിലടങ്ങിയ ജ്ഞാനാമൃതത്തെ നുകരാൻ കഴിയൂ. വേദാന്തശാസ്ത്രത്തിലെ ഇതര ഗ്രന്ഥങ്ങളിലെന്നപോലെ ശ്രീഗുരു ദേവ കൃതികളിലും വേണ്ടത്ര അവഗാഹവും വിചാരവും ചെയ്‌തിട്ടുള്ളൊരു സാധക നാണ് ശ്രീ ബാലകൃഷ്ണൻനായർ, അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ ഭാഷ്യ ശൈലിയെയോ ഞാൻ പരിചയപ്പെടുത്തേണ്ടതില്ല. അത്രമാത്രം അദ്ദേഹവും അദ്ദേഹത്തിന്റെ വേദാന്ത പ്രതിപാദ.റവും കേരളത്തിലറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്‌തുകഴിഞ്ഞിട്ടുണ്ട്. ശ്രീനാരായണഗുരുദേവർക്കോ അവിടത്തെ വിശിഷ്ട കൃതിയായ ദർശനമാ ലയ്ക്കോ എന്റെ അവതാരിക ആവശ്യമില്ല. അതുപോലെ ശ്രീ ബാലകൃഷ്‌ണൻ നായരെയോ അദ്ദേഹത്തിൻ്റെ സുപ്രസിദ്ധവും സുന്ദരവുമായ ഭാഷ്യത്തേയോ ഞാൻ അവതരിപ്പിക്കേണ്ടതില്ല. അവരിൽക്കൂടെ ഈ അവതാരികാമാർഗമായി ഞാൻ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് പരമാർഥം. സ്വാമി ജ്ഞാനാനന്ദസരസ്വതി