Category: ശാസ്ത്രം
'കറുത്ത പൊന്ന്' എന്നറിയപ്പെടുന്ന കുരുമുളക് സുഗന്ധവ്യഞ്ജനവിളകളിൽ പ്രഥമസ്ഥാനം വഹിക്കുന്നു. വിദേശികളുടെ രസമുകുളങ്ങൾക്ക് ഏറെ പഥ്യമേകുന്ന കുരുമുളക് കേരളത്തിന്റെ സ്വന്തമെന്ന് നമുക്ക് അഭിമാനിക്കാം. ആയുർവേദത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഔഷധമാണ് കുരുമുളക്. നമ്മുടെ നാടൻ ചികിത്സകളിൽ മിക്കതിലും കുരുമുളക് സ്ഥാനംപിടിച്ചിട്ടുണ്ട്. അഷ്ടാംഗഹൃദയത്തിൽ പരാമർശിച്ചിട്ടുള്ള മിക്ക ഔഷധങ്ങളുടെയും ചേരുവയിൽ കുരുമുളകുണ്ട്. ഭക്ഷ്യവസ്തുക്കൾക്ക് മണവും രുചിയും പകരുന്ന അമൂല്യവസ്തുവായ കുരുമുളക് നമ്മുടെ നാട്ടിലും വിദേശങ്ങളിലും പുരാതനകാലംമുതൽ പ്രസിദ്ധി നേടിയിരിക്കുന്നു.