ഡയറക്ടറുടെ സന്ദേശം

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍വന്നിട്ട് അന്‍പത്തിയാറുവര്‍ഷം പിന്നിട്ടു. ഇക്കാലയളവില്‍ അയ്യായിരത്തിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ.എം.എസ്. അധ്യക്ഷനായും ഡോ. എന്‍.വി. കൃഷ്ണവാരിയര്‍ ഡയറക്ടറായും നിലവില്‍ വന്നതാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ഉന്നതവിദ്യാഭ്യാസം ഘട്ടം ഘട്ടമായി മാതൃഭാഷയിലൂടെ വികസിപ്പിക്കുക എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലൊരു സ്ഥാപനം രൂപീകരിച്ചത്. ആ ലക്ഷ്യം പൂര്‍ണമായി ഇനിയും നേടാനായിട്ടില്ല. എന്നാല്‍ ശ്രദ്ധേയമായ ചില മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുമുണ്ട്.

ഡോ.ബി.ആര്‍. അംബേദ്കറുടെ സമ്പൂര്‍ണകൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ പ്രാദേശികഭാഷകളില്‍ ഈ ദൗത്യം പൂര്‍ത്തിയാക്കുന്ന ആദ്യത്തെ സംസ്ഥാനമാണെന്ന ഖ്യാതി കേരളത്തിന് നേടാന്‍ സാധിച്ചു.

പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഓൺലൈൻ മലയാളനിഘണ്ടു വികസിപ്പിച്ചു കഴിഞ്ഞു. മൊബൈൽഫോണിലും ഈ സൗകര്യം ലഭ്യമാകുന്നതാണ്. വിദ്യാര്‍ഥികള്‍ക്കും പൊതുവായനക്കാര്‍ക്കും ഏറെ ആവശ്യമായിവരുന്ന നിഘണ്ടുക്കള്‍, ഗ്ലോസറികള്‍ എന്നിവ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അനുക്ഷണവികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന വിജ്ഞാനമേഖലയെ മലയാളികള്‍ക്കു പരിചയപ്പെടുത്തുന്നതിനാവശ്യമായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ആ ലക്ഷ്യം നേടുന്നതിനുള്ള പരിശ്രമത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാര്‍ ഏകമനസ്സോടെ മുന്നോട്ടു പോവുകയാണ്.



ഡോ. സത്യന്‍ എം.
ഡയറക്ടര്‍