#

പെഗാസസും സൈബർ നിരീക്ഷണ സംവിധാനങ്ങളും

വ്യക്തി സ്വാതന്ത്ര്യം ഹനിച്ചു കൊണ്ട് ഒരു സമൂഹത്തേയും കെട്ടിപ്പടുക്കുവാൻ കഴിയില്ല-
മഹാത്മാ ഗാന്ധി

സൈബർ നിരീക്ഷണവും സംവിധാനങ്ങളും രാജ്യങ്ങളും സ്ഥാപനങ്ങളും പല രീതിയിൽ ആയി ഉപയോഗിച്ചു വരുന്നുണ്ട്. ഇതിൽ തന്നെ ലോകമെമ്പാടും വളരെയധികം ചർച്ച ചെയ്യുന്നതും കൂടുതലായി ആശങ്ക ഉയർത്തുന്നതുമായ ഒരു വിഷയമാണ് പെഗാസസ് സ്പൈവെയർ. ഇത് സംബന്ധിച്ച റിപ്പോർട്ടുകളിലൂടെയും പത്രറിപ്പോർട്ടുകള്‍ മുഖാന്തരവും രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളിൽനിന്ന് ലഭിക്കുന്ന വിവരങ്ങളും NSO ഗ്രൂപ്പിന്റെ വെബ്സൈറ്റിൽ പറയുന്നതുമനുസരിച്ച് അറുപതോളം രാജ്യങ്ങളിൽ പെഗാസസ് ഉപയോഗിക്കുന്നുണ്ട്. ഇത് വളരെയധികം ആശങ്കയുണർത്തുന്നതാണ്. പെഗാസുമായിട്ടുള്ള വിവാദങ്ങൾ എന്താണെന്നും അതിന് അനുബന്ധമായതും അന്തർലീനമായതുമായ വിഷയങ്ങളും പ്രത്യാഘാതങ്ങളും പ്രതിപാദിക്കേണ്ട കാര്യങ്ങൾ തന്നെയാണ്. മാത്രമല്ല, ജനാധിപത്യത്തിന് ഇതുണ്ടാക്കുന്ന വെല്ലുവിളികളെ കുറിച്ച് ചർച്ച ചെയ്യുകയും പ്രതിപാദിക്കു കയും ചെയ്യേണ്ടത് അനിവാര്യമാണ്.

2020-ൽ 80 ഓളം അന്വേഷണാത്മക പത്രപ്രവർത്തകരും മനുഷ്യാവകാശപ്രവർത്തകരും 17-ഓളം മാധ്യമസ്ഥാപനങ്ങളും പല വര്‍ഷങ്ങളായി സഹകരിച്ചു പരിശ്രമിച്ചതിന്റെ ഫലമായാണ് “The Project: Global democracy under cyber attack” (അഥവാ പെഗാസസ് റിപ്പോർട്ട്) പുറത്തു വരുന്നത്. അമേരിക്കൻ പത്രമായ വാഷിങ്ടണ്‍ പോസ്റ്റാണ് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇസ്രേയലി കമ്പനിയായ NSO ഗ്രൂപ്പ് പെഗാസസ് എന്ന സ്പൈവെയർ ഉപയോഗിച്ച് മൊബൈൽ ഫോൺ ഹാക്ക് ചെയ്തു എന്ന വിവരങ്ങൾ ആദ്യമായി വാർത്ത എന്ന രൂപത്തിൽ പുറത്തുവിടുന്നത്. ജഡ്ജിമാർ, പത്രപ്രവത്തകർ, മന്ത്രിമാർ, മനുഷ്യാവകാശ പ്രവർത്തകർ, വിദ്യാർഥികളുൾപ്പെടെ അമ്പതിനായിരത്തോളം ഫോണുകൾ ചോർത്തിയിട്ടുണ്ട് എന്ന് വ്യക്തമാകുന്ന വിവരം പുറത്തു വന്നുകൊണ്ടേയിരി ക്കുകയാണ്. ചോർത്തിയ വിവരങ്ങൾ സർക്കാരുകൾക്ക് വിൽക്കുകയും ചെയ്തു എന്നാണ് NSO ഗ്രൂപ്പിന്റെ തന്നെ വെളിപ്പെടുത്തൽ. പല രാജ്യങ്ങളിലും NSO യുടെ പേരിൽ അന്വേഷണം പ്രഖ്യാപിക്കുകയും ഇസ്രേയേലിൽ തന്നെ പല വ്യക്തികൾ NSO യ്ക്ക് എതിരെ കേസ് കൊടുത്തിരിക്കുകയാണ്. ഫ്രാൻസ് ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ഇസ്രേയലി സർക്കാരിനോട് പെഗാസസിനെപ്പറ്റി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

പെഗാസസും NSO ഗ്രൂപ്പും: ചരിത്രവും പശ്ചാത്തലവും
ഗ്രീക്ക് കടൽ ദേവനായ പോസിഡോണിന്റെ മകനാണ് പെഗാസസ്. ചിറകുള്ള ഒരു വെളുത്ത കുതിരയുടെ രൂപമാണ് പെഗാസസിനുള്ളത്. Pegasus എന്ന് ഇവിടെ വിശേഷിപ്പിക്കുന്ന, NSO ഗ്രൂപ്പിന്റെ spyware അഥവാ ചാര സോഫ്റ്റ്‌വെയർ ആണ്. NSO ഗ്രൂപ്പ് രൂപീകൃതമാകുന്നത് ഡിസംബർ 2009 നു ഇസ്രേയലെ ഹർസിലിയ്യാ എന്ന പട്ടണത്തിലാണ്. NSO സ്ഥിതി ചെയ്യുന്ന ഹർസിലിയ്യാ, NSO യുടെ വളർച്ചയിലും രൂപീകരണത്തിലും ഹർസിലിയ്യാ എന്ന പട്ടണത്തിന്റെ ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ഇസ്രേയലിന്റെ രാഷ്ട്രപിതാവായ തിയോഡർ ഹർസലി(Theodor Herzel)ന്റെ പേരിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് പേരിട്ടിരിക്കുന്നത്. ഹർസൽ ആധുനിക രാഷ്ട്രീയ സയണിസത്തിന്റെ ഉപജ്ഞാതാവ് എന്നാണ് അറിയപ്പെടുന്നത്. പലസ്തീനിൽ ജൂതർക്ക് ദേശീയ അവകാശങ്ങളും ഭൂപ്രദേശങ്ങളും നേടിക്കൊടുക്കാൻ നേതൃത്വം കൊടുത്ത വ്യക്തിത്വങ്ങളിൽ പ്രധാന പങ്കുവഹിച്ചത് ഹർസൽ ആണ്. ഇസ്രേയൽ രാഷ്ട്രത്തിന്റെ സൈദ്ധാന്തിക അടിത്തറപാകുന്നതിൽ മുഖ്യപങ്കുവഹിച്ചതും ഹർസൽ ആണ്. ഇസ്രേയൽ-അറബ് യുദ്ധങ്ങളിലെല്ലാം ഹർസിലിയ്യാ പട്ടണം വലിയ പങ്കുവഹിച്ചിട്ടുണ്ട്. 1940-ൽ ഹർസിലിയ്യാ ഇസ്രേയലിന്റെ ആദ്യ എയർ ഫോഴ്സ് സേനയുടെ ആസ്ഥാനമായി പ്രവർത്തിച്ചിട്ടുണ്ട്. 1960-കൾ മുതൽ 1970-കളിലും തുടരുന്ന ഇസ്രേയൽ-അറബ് യുദ്ധങ്ങളിൽ, ഇസ്രേയലിന്റെ ആദ്യകാല ചാരസംഘടനയായ യൂണിറ്റ്-848 (Unit-848) നു ഇലക്ട്രോണിക്, സൈബർ ചാരപ്രവർത്തനത്തിലൂടെ വൻ വിജയങ്ങൾ നേടാൻ സാധിച്ചു.

നിവ് കാർമി, ഷാലവ് ഹൂലിയോ, ഒമ്രി ലാവി എന്നീ മൂന്ന് സ്ഥാപകരുടെ പേരിന്റെ ചുരുക്കെഴുത്താണ് NSO. ഈ മൂന്നുപേരും ഇസ്രേയലി ചാരസംഘടനയിൽ പ്രവർത്തിച്ചവരാണ്. ഇസ്രേയലിന്റെ തലസ്ഥാനമായ ടെൽ അവീവിന്റെ വടക്കുഭാഗത്തായാണ് ഹർസിലിയ്യാ നഗരം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രൂപ്പിന്റെ മറ്റൊരു കമ്പനി 2009 ൽ സാമ്പത്തികമാന്ദ്യം മൂലം അടച്ചുപൂട്ടുകയും പിന്നീട് NSO ൽ മാത്രം കേന്ദ്രീകരിക്കുകയും ചെയ്തു. ഡിജിറ്റൽ സംവിധാനത്തിൽ അതായത് കമ്പ്യൂട്ടർ, ആൻഡ്രോയിഡ് ഫോൺ, ഐഫോൺ, ഇന്റർനെറ്റ് നെറ്റ്‌വർക്ക് എന്നിവയിൽനിന്നും അവരുടെ അറിവോ സമ്മതമോ ഇല്ലാതെ വിവരങ്ങൾ ചോർത്തിയെടുക്കുക എന്നതാണ് പെഗാസസിന്റെ പ്രധാന പ്രവർത്തനം. 2010 മുതൽ iMessage, Gmail, Viber, Facebook, WhatsApp, Telegram and Skype എന്നിവയിലെ കസ്റ്റമർ അക്കൗണ്ട്സ് Pegasus സ്ഥിരമായി ഹാക്ക് ചെയ്തിരുന്നു. 2014-19-ൽ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ അമേരിക്കൻ കമ്പനി ആയ (Francisco Partners Management LLC) ഫ്രാൻസിസ്കോ പാർട്നെർസ് മാനേജ്മന്റ് LLC ഈ ഗ്രൂപ്പിന്റെ ഭൂരിപക്ഷ ഷെയറുകളും 12 കോടി യു എസ് ഡോളേഴ്‌സിന് വാങ്ങുകയുണ്ടായി.

2019-ൽ NSO-യുടെ ആസ്തി 100 കോടി യുഎസ് ഡോളേഴ്സ് ആയി കണക്കാക്കിയിരുന്നു. പൊതുവെ ഇസ്രേയലിലെ സൈബർ സുരക്ഷയെ സംബന്ധിച്ചുള്ള കാര്യങ്ങളും സാങ്കേതിക കൈ മാറ്റങ്ങളും ഇസ്രേയൽ പ്രതിരോധ മന്ത്രാലയം അറിയാതെ നടക്കില്ല. ഈ വിൽപ്പനയെ പറ്റിയുള്ള വിവരങ്ങൾ ഹാരെറ്സ് പത്രവും അതിന്റെ ഹീബ്രു പതിപ്പായ ദി മാർക്കർ എന്ന പത്രവും റിപ്പോർട്ട് ചെയ്തു. ഈ കച്ചവടത്തിന്റെ ദുരൂഹത എന്താണെന്നുവച്ചാൽ അതിന്റെ കച്ചവട ഉടമ്പടികളാണ്. മൊത്തം കമ്പനി വാങ്ങിച്ച ശേഷവും എല്ലാ ഉല്‍പ്പന്നങ്ങളുടേയും ബൗദ്ധികസ്വത്തധികാരം (ഇന്റലെക്ച്വൽ പ്രോപ്പർട്ടി റൈറ്റസ് അഥവാ ഐ പി ആർ) മാതൃസ്ഥാപനത്തിന്റെ (NSO ഗ്രൂപ്പ്) തന്നെയായിരിക്കും. ഇസ്രേയൽ ആസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ തുടരുകയും വേണം. ചുരുക്കിപ്പറഞ്ഞാൽ അമേരിക്കൻ കമ്പനിക്ക് അധികാരം ഒന്നും കൈമാറിയില്ല. ഇത്രയും വലിയ തുകയ്ക്ക് കച്ചവടം നടക്കുമ്പോൾ ബൗദ്ധിക സ്വത്തു അധികാരം ഉൾപ്പെടെയാണ് കച്ചവടം നടക്കാറ്. പക്ഷേ, അത് ഇവിടെ നടന്നില്ല. 2019 ൽ ഷാലവും ഓമിറിയും യൂറോപ്പ് ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി ഫണ്ടായ നോവാൽപിനാ (Novelpina) യും ചേർന്ന് കമ്പനിയുടെ അറുപതു ശതമാനം ഷെയറുകൾ തിരിച്ചു വാങ്ങിയതായി ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തിരുന്നു. NSO പലപ്പോഴും രാജ്യങ്ങളുമായി കരാറിൽ ഏർപ്പെടാറുണ്ട്. ഇത് ചെയുന്നത് “ഷെൽ” കമ്പനി അല്ലെങ്കിൽ “പേപ്പർ” കമ്പനികൾ വഴി കരാറിൽ ഏർപ്പെട്ടാണ്.


ഇസ്രേയലി സൈബർ യുദ്ധ സംവിധാനങ്ങൾ
1973-ലെ യോം കിപ്പൂർ (Yom Kippur) യുദ്ധം, സൈബർ യുദ്ധതന്ത്രങ്ങളിലൂടെ ഇസ്രേയൽ ആറുദിവസം കൊണ്ടാണ് വിജയിച്ചത്. യുദ്ധങ്ങളാണ് ഇസ്രേയലി സൈബർ ടെക്നോളജിയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ചത്. ഇതിനെ ചുവടുപിടിച്ചാണ് ധാരാളം സ്വകാര്യ സൈബർ സെക്യൂരിറ്റി കമ്പനികൾ ഹർസിലിയ്യായിൽ തുടങ്ങിയത്. ഈ കമ്പനിയിലെ വലിയ ശതമാനം ഓഹരി ഉടമകളും ജീവനക്കാരും ഇസ്രേയലി ചാരസംഘടനയിലേയോ പ്രതിരോധ സേനയിലേയോ അംഗങ്ങളായി പ്രവർത്തിച്ചിട്ടുണ്ട്. ഇതിനെപ്പറ്റി ഇസ്രേയലിലെ തന്നെ ഏറ്റവും പ്രമുഖ അന്വേഷണാത്മക ലേഖകനായ യോസി മെൽമാനും (Yozi Melman) 1990 കളിൽ CBS-ന്റെ ലേഖകനായ ഡാൻ രവീവ് (Dan Raviv) ചേർന്ന് Every Spy a Prince: The Complete History of Israel’s Intelligence Community എന്ന പുസ്തകത്തിലൂടെയാണ് ലോകം അറിയുന്നത്. ഇസ്രേയൽ സൈബർ യുദ്ധം നടത്തുന്നത് എങ്ങനെ? സൈബർ പര്യവേക്ഷണം അഥവാ നിരീക്ഷണം (surveillance) നടത്തുന്നതെങ്ങനെ എന്നുള്ള കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് 2012 ൽ ഇവർ രണ്ടു പേരും ചേർന്ന് പ്രസിദ്ധീകരിച്ച Spies Against Armageddon: Inside Israel’s Secret Wars എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നു.

1970-കൾ വരെ ഇസ്രേയലിന്റെ പ്രവർത്ത നങ്ങൾ സൈബർ പ്രതിരോധം എന്ന രീതിയിലാണ് നടന്നിരുന്നത് എങ്കിൽ കാലക്രമേണ അത് സൈബർ ആക്രമണം (offensive) എന്ന നിലയിലേക്ക് രൂപാന്തരപ്പെട്ടു. മുൻകൂട്ടി കയറി ആക്രമിക്കുക, ഇടപെടുക - എന്നത് ഇസ്രയേലിന്റെ ഔദ്യോഗിക നയമായി മാറി. എല്ലാ രാജ്യങ്ങളിലും അങ്ങോട്ട് കയറി സൈബർ പര്യവേഷണവും ആക്രമണവും നടത്തുന്നത് ഇസ്രേയലിന്റെ രാഷ്ട്രീയനയമായി മാറി. ഉദാഹരണമായി ഇന്ത്യയിൽ നടക്കാൻ പോകുന്നതും നടന്നതുമായ പല ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് നൽകുന്നത് ഇസ്രേയലി ചാരസംഘടനയായ മൊസാദ് (Mossad) ആണ്. ഇത്തരത്തിലുള്ള സൈബർ സാങ്കേതികശേഷി ഇസ്രേയൽ ആർജിച്ചിട്ടുണ്ട്.

അമേരിക്കയുടെ ചാരസംഘടനയായ നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ (NSA) തത്തുല്യമായ ഇസ്രേയലി ചാരസംഘടനയായ യൂണിറ്റ്-8200 (Unit-8200), ഈ ലേഖനത്തിൽ നേരത്തെ സൂചിപ്പിച്ചിരുന്ന (യൂണിറ്റ്-848 ഇന്റെ പിൻഗാമി) ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈബർ പര്യവേക്ഷണ കഴിവുള്ള സംഘടനയായി കണക്കാക്കപ്പെടുന്നു. 2014-ൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ, ഈ രണ്ട് ചാരസംഘടനകളെയും ഔദ്യോഗിക നയം എന്ത്? ഇവർ എന്തൊക്കെ പ്രവർത്തനങ്ങൾ ചെയ്യുന്നു? ഇതിനായി ഇവർ സ്വീകരിക്കുന്ന മാർഗങ്ങൾ? സ്വന്തം രാജ്യക്കാരോടും ഇതര രാജ്യങ്ങളിലും ഇവർ ചെയ്യുന്ന സൈബർ പര്യവേക്ഷണങ്ങൾ തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടുത്തുകയുണ്ടായി.

ഇതിൽനിന്നും മനസ്സിലാക്കാൻ സാധിച്ചത് ഇസ്രേയലിന്റെ യൂണിറ്റ് 8200 പല രാജ്യങ്ങൾക്കും സൈബർ സുരക്ഷ എന്ന പേരിൽ കൈമാറുന്നത് അല്ലെങ്കിൽ കച്ചവടം ചെയ്യുന്ന പര്യവേക്ഷണ സാങ്കേതിക വിദ്യ (surveillance technology) സത്യത്തിൽ വൈറസുകളെ വിൽക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യം എഡ്വേർഡ് സ്നോഡൻ (Edward Snowden) റീട്വീറ്റ് ചെയ്യുകയും ഒരു അഭിമുഖത്തിൽ പറയുകയുമുണ്ടായി - പെഗാസസ് പ്രൊജക്റ്റ് വ്യക്തമാക്കുന്നത് ഈ വിഭാഗത്തിൽ അവരുടെ ഏകവസ്തു രോഗകാരിയായ വൈറസാണ്. സ്നോഡൻ പറയുന്നതനുസരിച്ച് “അവർ വാക്സിനുകൾ അല്ല ഉണ്ടാക്കുന്നത്, മറിച്ച് അവർ വിൽക്കുന്ന ഏക വസ്തു വൈറസുകളാണ്.” ഈയൊരു കമ്പോളം സാധാരണയുക്തിക്ക് നിരക്കുന്നതല്ല. സൈബർ വൈറസുകളുടെ ഒരു കമ്പോളം തീർത്തും അനാവശ്യവും ഉപദ്രവകരവുമാണ്. സൈബർ ഇടത്തിലൂടെ അരാജകത്വപരമായി വൈറസുകളെ കടത്തി വിടുന്നത് ദൂരവ്യാപകമായതും തിരുത്താൻ പറ്റാത്തതുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനേ സഹായിക്കൂ.

ഇസ്രേയലി കമ്പനികൾ സൈബർ സാങ്കേതികവിദ്യയിൽ ഈ കൊല്ലം മാത്രം സമാഹരിച്ചത് 1780 കോടി യു എസ് ഡോളേഴ്സ് ആണ്. ഹർസിലിയ്യായിൽ 1400 പേർക്ക് ഒരു കമ്പനി വച്ചുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2021 ൽ ഹർസിലിയ്യാ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടെക് ഭീമന്മാരുടെ പേരുകൾ അറിയുമ്പോൾ നമുക്ക് ഇതിന്റെ ഗൗരവം മനസ്സിലാക്കാം. ഇതിൽ മുഖ്യമായിട്ടും Microsoft, Dell, Google, HP, IBM, SAP, Facebook, Apple, Cisco, Oracle, GM, ebay, Amazon, Verizon, Intel, Samsung, Qualcomm, EMC, Mitsui എന്നിവ ഉൾപ്പെടും. 2014-19 കാലയളവിൽ ഇസ്രേയലിൽ കരാറിൽ ഏർപ്പെട്ട വിദേശ കമ്പനികളിൽ പ്രമുഖർ ഇൻറ്റൽ (52), സാംസങ് (36), ക്വാൽകോം (28), ഡെൽ (26), സിസ്കോ (22), മിത്സുയി (21) എന്നിവയാണ്. അതുകൊണ്ട് തന്നെ പ്രധാനപ്പെട്ട വിദേശ കമ്പനികൾ എല്ലാം ഇസ്രേയലി സോഴ്സ് കോഡ് (sourcecode) ഉപയോഗിക്കുന്നു അല്ലെങ്കിൽ അതിന് സമാനമായ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതുകൂടാതെ ഇസ്രേയലി ചാരസംഘടനയിൽ പ്രവർത്തിച്ച വ്യക്തികളുടെ കമ്പനിയിൽനിന്ന് അവരുടെ (സൈബർ)സെക്യൂരിറ്റി ഉല്‍പ്പന്നങ്ങളുടെ ഉപഭോക്തതാവാകാം.

സെക്യൂരിറ്റി സോഫ്ട്‍വെയറുകളുടെ രസകരമായ കാര്യം എന്തെന്നാൽ വൾനറബിലിറ്റീസ് (vulnerabilities) ബോധകങ്ങൾ കൂടുമ്പോഴാണ് (സൈബർ)സെക്യൂരിറ്റി ഉല്‍പ്പന്നങ്ങളുടെ ആവശ്യകത കൂടുന്നത്. ഈ വൾനറബിലിറ്റീസ് സൃഷ്ടിക്കുന്നതും അതിന്റെ പരിഹാരമായ (സൈബർ)സെക്യൂരിറ്റി സോഫ്റ്റ്‌വെയറുകൾ പ്രധാനമായും ഉൽപ്പാദിപ്പിക്കുന്നതും ഇസ്രേയൽ ആസ്ഥാനമായ കമ്പനികളോ, ഇസ്രേയലി കമ്പനികളുടെ (സൈബർ)സെക്യൂരിറ്റി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന വിദേശകമ്പനികളോ ആകാം. ഏകദേശം അടുത്ത രണ്ട് ദശാബ്ദം വരെ ലോകത്ത് ഏതു വൾനറബിലിറ്റീസുള്ള (സൈബർ)സെക്യൂരിറ്റി ഉല്‍പ്പന്നങ്ങൾ ഇസ്രേയലിൽ ലഭ്യമാണെന്നാണ് കണക്കാക്കപ്പെടുന്നത്.

2014-ൽ യൂണിറ്റ്-8200 ന്റെ ഭാഗമായിരുന്ന നാൽപ്പത്തിമൂന്ന് ഉദ്യോഗസ്ഥരും മുൻ ഉദ്യോഗസ്ഥരും കൂടിച്ചേർന്ന് ഒപ്പിട്ട ഒരു തുറന്ന കത്ത് ഹാരെറ്റ്സ് പത്രം ഹീബ്രൂ പതിപ്പും തുടർന്ന് ഈ കത്തിന്റെ തർജമ ദി ഗാർഡിയൻ പത്രവും പ്രസിദ്ധീകരിച്ചു. കത്ത് അഭിസംബോധന ചെയ്തത് അന്നത്തെ പ്രധാന മന്ത്രിയായ ബെഞ്ചമിൻ നെതന്യാഹു, ചീഫ് ഓഫ് ജനറൽ സ്റ്റാഫ്, മിലിട്ടറി ഇന്റലിജൻസ് ഡയറക്ടർ, യൂണിറ്റ് 8200 ഇൻറ്റെ കമാൻഡർ എന്നിവരെയാണ്. കത്തിന്റെ ഉള്ളടക്കമിതാണ് - ഇസ്രേയലി ചാരപ്രവർത്തനം അല്ലെങ്കിൽ പര്യവേക്ഷണം സ്വന്തം പൗരന്മാരുടെ മേൽ നടത്തുന്നതിന് നിയപരമായി വിലക്കുകൾ ധാരാളമുണ്ട്, പക്ഷേ, ഇത് പലസ്തീൻ ജനതയുടെ മേൽ പ്രയോഗിക്കുന്നതിന് യാതൊരു തടസ്സവും ഇല്ല. ഇതുകൂടാതെ, പലപ്പോഴും ഇതിന്റെ ഫലം ക്രൂരമായ രാഷ്ട്രീയ അന്യായങ്ങളിലേക്ക് നയിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി പലസ്തീൻ ജനതയ്ക്ക് ഒരു നിയമപരിരക്ഷയും കിട്ടുന്നില്ല, എന്നുമാത്രമല്ല അവർക്ക് ഒരു സാധാരണ ജീവിതം നയിക്കാൻ സാധിക്കുന്നുമില്ല, എന്ന കാര്യമാണ് പുറത്തുവന്നത്.

പെഗാസസിന്റെ സ്വേച്ഛാധിപത്യ പ്രവണതകൾ
പെഗാസസിന്റെ സ്വേച്ഛാധിപത്യ പ്രവണതകൾ ലോകമെമ്പാടും കുറെ കാലമായി കണ്ടുവരികയാണ്. ഈ പഠനവുമായി ബന്ധപ്പെട്ട് മെക്സിക്കോ, പനാമ, മൊറോക്കോ, ടർക്കി എന്നീ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ അവലോകനം ചെയ്യുകയാണ്. മെക്സിക്കോയിൽ ഫിലിപ്പെ കാൾഡറോൺ (2006-12) മെക്സിക്കൻ പ്രസിഡന്റ് ആയിരുന്ന കാലത്ത് ഏകദേശം 2011-12 കാലയളവിൽ മയക്കുമരുന്ന് മാഫിയകളെ ഇല്ലാതാക്കുവാൻ 320 ലക്ഷം യു.എസ്. ഡോളേഴ്സിന് പെഗാസസിന്റെ സേവനങ്ങൾ വാങ്ങിച്ചു. പിന്നീട് എന്റിക്‌ പെന നെയിട്ടോ (2012-18) പ്രസിഡന്റ് സ്ഥാനം ഏൽക്കുന്നതിനു ശേഷം, 2016 ഓടെ വിജയകരമായി മയക്കുമരുന്ന് മാഫിയകളെ പെഗാസസിന്റെ സഹായത്തോടെ ഇല്ലാതാക്കുവാൻ സാധിച്ചു എന്ന് മാത്രമല്ല, എൽ ചാപ്പോ എന്ന് അറിയപ്പെടുന്ന ലോക കുപ്രസിദ്ധിയാർജിച്ച ജോക്വിൻ ഗുസ്മാൻനെ തടവിലാക്കാനും സാധിച്ചു. എന്നാൽ, 2016 മുതൽ പെഗാസസ് മെക്സിക്കൻ സർക്കാരിന് താല്‍പ്പര്യമില്ലാത്ത വ്യക്തികൾക്കു മേൽ ഉപയോഗിച്ച് തുടങ്ങി. ഫോർബ്സിന്റെ പത്രലേഖകനായ തോമസ് ബ്രുസ്റ്ററിന്റെയും ന്യൂ യോർക്ക് ടൈംസിന്റെയും 2016-17 കാലഘട്ടത്തിൽ സ്വതന്ത്രമായി നടത്തിയ അന്വേഷണത്തിൽ പത്രപ്രവർത്തകർ, രാഷ്ട്രീയ എതിരാളികൾ, മനുഷ്യാവകാശ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, ചില സമയങ്ങളിൽ വിദ്യാർഥികളെയും ലക്ഷ്യംവച്ചിരുന്നുവെന്ന് വെളിപ്പെടുകയുണ്ടായി. ഈ കാര്യങ്ങളെല്ലാം ആർട്ടിക്കിൾ 19 എന്ന സംഘടന കൃത്യമായി പിന്തുടർന്ന് കൊണ്ടിരുന്നതിന്റെ ഫലമായി 2018-ൽ പുതിയ പ്രസിഡന്റായി ഓബ്റോഡോർ (ആന്ദ്രേ മാനുവൽ ലോപ്പസ് ഓബ്റോഡോർ) സ്ഥാനം ഏറ്റശേഷം 2016 മുതൽ സർക്കാർതലത്തിൽ നടന്ന പ്രവർത്തികൾ പുറത്തുവരാൻ തുടങ്ങി. 50000 ഫോണുകൾ ലോകവ്യാപകമായി പെഗാസസ് ഉപയോഗിച്ച് ഹാക്ക് ചെയ്തു എന്ന് പറയുമ്പോഴും അതിൽ 15000 ഉം മെക്സിക്കോ കേന്ദ്രീകരിച്ചാണ്.

പനാമയിൽ പെഗാസസ് എതിരാളികളെ അടിച്ചമർത്താൻ സർക്കാർ ദുരുപയോഗിച്ചു എന്ന് ഫോർബ്‌സിന്റെയും ന്യൂയോർക്ക് ടൈംസിന്റെയും സ്വതന്ത്രമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മെക്സിക്കോയുടെ തൊട്ടടുത്ത രാഷ്ട്രമായ പനാമയിലെ പ്രസിഡന്റായിരുന്ന റിക്കാർഡോ മാർട്ടിനെല്ലി (2009-14) 135 ലക്ഷം യു.എസ് ഡോളേഴ്സിന് പെഗാസസ് വാങ്ങി തന്റെ രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കാനും വേട്ടയാടാനും ഉപയോഗിച്ചതായി കണ്ടെത്തി. അഴിമതി അന്വേഷണ കാലഘട്ടത്തിൽ പോലും മാർട്ടിനെല്ലി പെഗാസസിന്റെ ദുരുപയോഗം നടത്തി എന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നു. എന്നാൽ ഇതേസമയം മൊറോക്കൻ ഇന്റലിജൻസ് ഏജൻസി പെഗാസസ് ഉപയോഗിച്ച് ഫ്രാൻസ് ആസ്ഥാനമായുള്ള മീഡിയപാർട്ട് എന്ന ഓൺലൈൻ അന്വേഷണാത്മക പത്രപ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും മറ്റും ഫോണുകൾ ഹാക്ക് ചെയ്തു എന്ന് ഫ്രാൻ‌സിൽ കേന്ദ്രീകരിച്ചു നടന്ന അന്വേഷണങ്ങളിൽ പുറത്തു വരികയുണ്ടായി. ഇതുകൂടാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണും (2017-ഇപ്പോൾ) അദ്ദേഹത്തിന്റെ പതിനാല് മന്ത്രിമാര്‍ അവരുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടേയും ഫോണുകൾ മറ്റും മൊറോക്കൻ ഇന്റലിജൻസ് പെഗാസസ് ഉപയോഗിച്ച് ഹാക്ക് ചെയ്തതായി മീഡിയപാർട്ടിലെ മോൺട്‌ പത്രങ്ങൾ, ബിബിസി തുടങ്ങിയ വാർത്താമാധ്യമങ്ങൾ കണ്ടെത്തുകയും വാർത്ത പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ഫ്രഞ്ച് സർക്കാർ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

2018-ൽ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ജമാൽ ഖഷോഗി എന്ന സൗദി മാധ്യമ പ്രവർത്തകന്റെ കൊലപാതകത്തിൽ പെഗാസസ് ഉപയോഗിച്ചിരുന്നതായി ടർക്കിയുടെ ഇന്റെലിജൻസ് ഏജൻസിയെ ഉദ്ധരിച്ചു റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഖഷോഗിയുടെ മാത്രമല്ല പ്രതിശ്രുതവധുവിന്റെയും സുഹൃത്തായ ഒമർ അബ്ദുൽ അസീസിന്റേയും ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടിരുന്നു എന്ന് ടർക്കി ഇന്റലിജൻസ് ഏജൻസികൾ വെളിപ്പെടുത്തിയിരുന്നു. ഖഷോഗിയുടെ ഫോൺ കൊലപാതകത്തിന് തൊട്ടുമുൻപും ശേഷവും നാല് തവണ ഹാക്ക് ചെയ്യാൻ ശ്രമം നടന്നതായും ഖഷോഗിയുടെ മരണം അന്വേഷിക്കാൻ വന്ന ടർക്കി അന്വേഷണ അംഗങ്ങളുടെ ഫോണുകൾ, ടർക്കിയുടെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഫോൺ, നാഷണൽ സെക്യൂരിറ്റി അഡ്വൈസറുടെ ഫോൺ വരെ ഹാക്ക് ചെയ്യാൻ ശ്രമം നടന്നു.

ഒമർ അബ്ദുൽ അസീസ് എന്ന കാനഡയിൽ താമസം ആക്കിയതും ഖഷോഗിയുടെ സുഹൃത്തായ സൗദി പൗരൻ പെഗാസസിന്റെ ഉപയോഗത്തിന് NSO-ക്ക് എതിരായി ഇസ്രേയലി കോടതിയിൽ തന്നെ കേസ് നൽകിയിരിക്കുകയാണ്. കേസ് പ്രകാരം സൗദി അറേബ്യ, യു.എ.ഇ. പോലുള്ള രാജ്യങ്ങൾ പെഗാസസ് ഉപയോഗിച്ച് പൗരന്മാരെ അടിച്ചമർത്താനും വധിക്കാനും ഉപയോഗിക്കുന്നു. ഇതിനെത്തുടർന്ന് ടർക്കി-സൗദി ബന്ധം വഷളാവുകയും ഇസ്രായൽ-സൗദി-യു.എ.ഇ സഖ്യം രൂപപ്പെടുന്നു എന്ന വിമർശനം ഉയരുകയും ചെയ്തിരുന്നു. ഇത് കൂടാതെ ഡിസംബർ 2020-ൽ ഖത്തർ ആസ്ഥാനമായുള്ള അൽ-ജസീറയുടെ പത്രപ്രവർത്തകരുടെ ഫോണുകൾ ഹാക്ക് ചെയ്തിരുന്നതായി യൂണിവേഴ്സിറ്റി ഓഫ് ടൊറോന്റോയിൽ പ്രവര്‍ത്തിക്കുന്ന സിറ്റിസൺ ലാബ് എന്ന സൈബർ സെക്യൂരിറ്റി കമ്പനി കണ്ടെത്തിയിരുന്നു.

മൊറോക്കൻ പ്രധാനമന്ത്രിയുടെ ഫോൺ പെഗാസസ് ഉപയോഗിച്ചുള്ള ചോർത്തലിന് തന്നെ ഇരയാക്കപ്പെട്ടത് കൂടുതൽ ആശങ്ക ഉളവാക്കിയിരുന്നു. ചോർത്തലിന്റെ ശ്രോതസ്സ് പോലും മനസ്സിലാക്കാൻ പറ്റാത്ത അരക്ഷിതാവസ്ഥയാണ് മൊറോക്കോ നേരിടേണ്ടി വന്നത്. പിന്നീട് വന്ന വാർത്തയനുസരിച്ച് ഇറാഖ്, സൗത്ത് ആഫ്രിക്ക, പാകിസ്ഥാൻ, ഈജിപ്ത്, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങളുടെ തലവന്മാരുടെ ഫോണുകൾ പെഗാസസ് ഉപയോഗിച്ച് ഹാക്ക് ചെയ്തതായി വെളിപ്പെടുത്തലുകളും റിപ്പോർട്ടുകളും പുറത്തു വന്നു. പെഗാസസ് റിപ്പോർട്ടിൽ പത്തു രാജ്യങ്ങൾ ആണെങ്കിൽ, ഫോർബ്സും ന്യൂയോർക്ക് ടൈംസും യു.എ.ഇ., തായ്ലൻഡ്, ഖത്തർ, കെനിയ, ഉസ്ബെക്കിസ്ഥാൻ, മൊസാംബിക്, യമൻ, ഹംഗറി, നൈജീരിയ, ടർക്കി, സൗദി അറേബ്യ, ബഹ്റൈൻ തുടങ്ങിയ 12 ഓളം രാജ്യങ്ങൾ കൂടെ പരാമര്‍ശിക്കുന്നുണ്ട്.

2019-ൽ NSO ഗ്രൂപ്പിനെതിരെ വാട്സാപ്പിന്റെ കേസ് യു.എസ്. കോടതി ഫയലിൽ സ്വീകരിക്കുകയും പെഗാസസിന്റെ ഉപയോഗത്തെക്കുറിച്ചുള്ള പല വിമർശനങ്ങളും അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം ഗൂഗിൾ, മൈക്രോസോഫ്ട്, സിസ്കോ, ഡെൽ എന്ന കമ്പനികൾ ഡിസംബർ 2020-ൽ ഈ കേസിൽ NSO യുടെ എതിരെ വാട്സ്ആപ്പും ആയി കക്ഷി ചേരുകയാണ് കണ്ടത്. 2021-ൽ ആപ്പിൾ കമ്പനി NSO യ്ക്ക് എതിരെ കോടതിയെ സമീപിപ്പിക്കുകയാണുണ്ടായത്. തീവ്രവാദവും മറ്റു കുറ്റകൃത്യങ്ങളും നേരിടുന്നതിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ ആണെന്നുള്ള വാദം ആയിരുന്നു NSO ഗ്രൂപ്പിന്റേത്. എന്നാൽ സർക്കാരുകൾക്ക് എതിർ ശബ്ദം അടിച്ചമർത്താനുള്ള ഒരു ഉപാധിയാണ് പെഗാസസ് പോലുള്ള സ്പൈവെയർ എന്ന വാദം യു.എസ്. കോടതി അംഗീകരിച്ചു. ഇതുകൂടാതെ NSO യുടെ കൈയിലുള്ള ടെക്നോളജിയെ “powerful and dangerous” ആയി അമേരിക്കൻ കോടതി വരെ വിശേഷിപ്പിച്ചത്. മാത്രമല്ല, ഇതുപയോഗിക്കുന്ന കമ്പനികൾക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്ന് കോടതി താക്കീതും നൽകി. ഈ സംഭവത്തോട് കൂടി കമ്പനിയുടെ അമേരിക്കൻ പ്രവർത്തനങ്ങളുടെ സാമ്പത്തിക തകർച്ചയ്ക്ക് തുടക്കമായി.

ഇന്ത്യ: ജനാധിപത്യ മൂല്യങ്ങൾക്കുള്ള വെല്ലുവിളികൾ
ഇന്ത്യയിലും പെഗാസസിന്റെ പ്രയോഗങ്ങളെപ്പ റ്റിയുള്ള വിവരങ്ങൾ വ്യത്യസ്തമല്ല. പത്രപ്രവർത്തകർ, പ്രമുഖ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കന്മാർ, കേന്ദ്രമന്ത്രിമാർ, മുൻ സേനാതലവർ, സുപ്രീംകോടതി ജഡ്‌ജി ഉൾപ്പെടെ ഒരുപാട് വ്യക്തികളുടെ ഫോൺ വിവരങ്ങളാണ് പെഗാസസ് മൂലം ചോർന്നു, എന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ ഇത് ഇന്ത്യയിൽ ഏറ്റവും വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾ ഉണ്ടാക്കുകയും ഭരണകക്ഷിയിലുള്ള ചില എംപിമാർ വരെ ഇതിനുള്ള അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നതായി മനസ്സിലാക്കാം.

രാജ്യസുരക്ഷയാണോ പൗരന്റെ അവകാശങ്ങൾക്കാണോ മുൻതൂക്കം? ഇതിൽ ഏതാണ് കൂടുതൽ ഗൗരവം അർഹിക്കുന്നത്? ഇവ രണ്ടും തമ്മിൽ ഒരു സമീകരണമാണ് ഭരണഘടനപോലും അനുശാസിക്കുന്നത്. ഇന്ത്യയിൽ പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ, നിയമപരമായിട്ടാണോ അല്ലതെയാണോ എന്നീ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി കിട്ടേണ്ടതുണ്ട്. 2016-ൽ കേംബ്രിഡ്ജ് അനാലിറ്റിക്ക അമേരിക്കപോലുള്ള രാജ്യത്ത് അവരുടെ തന്നെ പൗരന്മാരിൽ ജനാധിപത്യ ഇലക്ഷൻ പ്രക്രിയയിൽ എങ്ങനെയാണ് നിയമവിരുദ്ധമായി ഇടപെട്ടത് എന്നത് ലോകം സാക്ഷ്യം വഹിച്ചതാണ്. ഇങ്ങനെ ഒരു സംഭവം ഇന്ത്യയിൽ സംഭവിക്കാതിരിക്കാൻ അതീവ ജാഗ്രത എല്ലാ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത് അനിവാര്യമാണ്. പൗരന്മാരുടെ മേലുള്ള ആക്രമണങ്ങളും വിഭജനപരമായ നീക്കങ്ങളും നിയമപരമായി തന്നെ കടിഞ്ഞാൺ ഇടേണ്ടതാണ്.

ഐ.ടി വിഭാഗം പാര്‍ലമെന്ററി കമ്മിറ്റിയുടെ ചെയർമാനായ ശശി തരൂർ എം.പി. പറയുന്നത് സർക്കാരിന്റെ ഈ അവകാശവാദം മുഖവിലയ്ക്കെ ടുത്താലും ഇതിന് കൃത്യമായ അന്വേഷണം വേണമെന്നാണ്. പെഗാസസ് മറ്റ് രാജ്യങ്ങളിൽ പൗരന്റെ അവകാശങ്ങൾ ധ്വംസിക്കുന്ന പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നു എന്നുള്ളത് ആശങ്കാജനകമാണ്. ഭാരതസർക്കാർ ഇതുവരെ നിയമവിരുദ്ധമായി ഒരു പര്യവേക്ഷണവും നടത്തിയിട്ടില്ല എന്നാണ് അവകാശപ്പെടുന്നത്. ഇന്ത്യ പോലത്തെ ജനാധിപത്യ രാജ്യത്ത് പൗരാവകാശങ്ങൾ ഹനിക്കുന്ന ഒരു പ്രവർത്തനവും പ്രോത്സാഹിപ്പിക്കരുത് എന്നത് ഭരണനിർവാഹക സമിതി (എക്സിക്യൂട്ടീവ്), നിയമ നിർമാണ സഭയുടേയും (ലെജിസ്ലേച്ചർ) നീതിന്യായവകുപ്പിന്റെയും (ജുഡീഷ്യറി) ഭരണഘടനാപരമായ കടമയാണ്. ഇതു കൂടാതെ മറ്റ് രാജ്യങ്ങളിൽ സംഭവിച്ചതുപോലെ അന്യരാജ്യങ്ങൾ രാജ്യത്തിന് മേൽ പെഗാസസിനെ ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയേണ്ടതുണ്ട്. മന്ത്രിമാർ ഉൾപ്പടെ സ്നൂപ് ചെയ്യപ്പെട്ടു എന്ന് പറയപ്പെടുന്നതുകൊണ്ട് ഔദ്യോഗിക രഹസ്യങ്ങളോ രാജ്യസുരക്ഷയെ സംബന്ധിച്ച കാര്യങ്ങളോ ചോർത്തപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമായി അറിയണം. ഐ.ടി. ആക്ടിന്റെ സെക്ഷൻ 43 ഉം 66 ഉം പ്രകാരം വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് നിയമവിരുദ്ധമായി വിവരങ്ങൾ ചോർത്തിയിട്ടുണ്ടോ എന്ന് വിശദമായ അന്വേഷണം വേണം. ഈ നിലയ്ക്ക് വ്യക്തിസ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും ജനാധിപത്യ രീതികളെയുമെല്ലാം ഉൾക്കൊള്ളുന്ന രാജ്യസുരക്ഷയ്ക്കും പെഗാസസ് വെല്ലുവിളികൾ ഉയർത്തുകയും അതിനെ പലപ്പോഴും നിഷ്‌പ്രഭമാക്കുകയും ചെയ്യുന്നതായി കാണാം.

പലപ്പോഴും ഇന്ത്യൻ സർക്കാരിന്റെ പ്രതികരണങ്ങൾ ഊന്നൽ നൽകുന്നത് ഇന്ത്യൻ ടെലിഗ്രാഫ് ആക്റ്റിനെപ്പറ്റിയാണ്. പക്ഷേ, ഈ നിയമം ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ ജനങ്ങളെ വിഭജിച്ചു ഭരിക്കാൻവേണ്ടി ഉപയോഗിച്ച ഒരു കരിനിയമമാണ്. ഇന്ത്യ പോലത്തെ ഒരു ജനാധിപത്യ രാജ്യത്ത് ഇങ്ങനെ ഒരു നിയമം ഇപ്പോഴും നിലനിൽക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ല. ഒരു ജനാധിപത്യ സർക്കാരിന്റെ ചുമതലയാണ് ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യ നിയമങ്ങൾ പാലിക്കുകയും പാലിക്കപ്പെടുന്നു എന്നുറപ്പ് വരുത്തേണ്ടതും.അങ്ങനെ പറയുമ്പോൾ തന്നെ വിദേശ രാജ്യങ്ങളിൽനിന്നോ ശത്രു രാജ്യങ്ങളിൽനിന്നോ ഉള്ളതായ കടന്നു കയറ്റങ്ങളുടെ എല്ലാ വിവരങ്ങളും പൊതുഇടത്ത് പ്രസിദ്ധപ്പെടുത്താനാകില്ല. പക്ഷേ, പാര്‍ലമെന്റിനെയും നീതിന്യായ വകുപ്പിനേയും (ജുഡിഷ്യറിയെയും) വിശ്വാസത്തിലെടുത്ത് വേണം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കേണ്ടത്. ഭരണ നിർവഹണ സമിതി (എക്സിക്യൂട്ടീവ്) മാത്രമായി രാജ്യസുരക്ഷാ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് ഭരണഘടനാപരമായി അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. മൗലികാവകാശങ്ങളെ ബാധിക്കുന്ന കാര്യമാണെങ്കില്‍ സുപ്രീം കോടതിക്ക് ഇടപെടാനുള്ള അധികാരം ഉണ്ട്.

ഇനി ഇന്ത്യൻ സര്‍ക്കാർ അറിയാതെയുള്ള പ്രവര്‍ത്തനം നടന്നിട്ടുണ്ടെങ്കിൽ അത് രാജ്യസുരക്ഷയ്ക്ക് തന്നെ വെല്ലുവിളിയാണ്.- മാത്രമല്ല അത് കണ്ടുപിടിക്കേണ്ടതുണ്ട്. 2021-ൽ വാട്സ്ആപ്പിന്റെ പ്രൈവസി പോളിസി വന്നപ്പോൾ തന്നെ ചർച്ചകളിലെല്ലാം ഉയർന്നുവന്ന ആശങ്ക ഇന്ത്യയിൽ 2015-16 മുതൽ പാർലമെന്റിൽ ചർച്ചയ്ക്കുള്ള ഡേറ്റാ പ്രൊട്ടക്ഷൻ ബില്ല് ഇതുവരെ നടപ്പാക്കിയിട്ടില്ല എന്നതാണ്. 2016 മുതൽ വാട്സ്ആപ് ഇന്ത്യൻ പൗരന്മാരുടെ ഡാറ്റാ കൈയ്ക്കലാക്കാനുള്ള അനുവാദം ഡൽഹി ഹൈക്കോടതി വിധിയിലൂടെ നേടിയെടുത്തു. ഈ പഴുതുപയോഗിച്ചാണ് പല കമ്പനികളും ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കുന്നത്. ഇത് യൂറോപ്യൻ ജനതയുടെ മേൽ സാധ്യമല്ല, കാരണം അവിടെ ജിഡിപിആർ (General Data Protection Regulation) പോലുള്ള ശക്തമായ നിയമങ്ങൾ നിലനിൽക്കുന്നു എന്നതാണ്. അതുകൊണ്ടു തന്നെ ഡേറ്റ പ്രൊട്ടക്ഷൻ ബില്ല് ഉടനടി പാർലമെന്റിൽ പാസ്സാക്കിയെടുക്കേണ്ടത് അനിവാര്യമാണ്.

മറ്റൊരു നിർദേശം മുന്നോട്ട് വയ്ക്കാനുള്ളത് - സ്വദേശിവൽക്കരണം ആണ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഇന്ത്യയിൽ വികസിപ്പിക്കുകയും ഉപയോഗിക്കുകയും വേണം. നമ്മൾ ഇതുവരെ കണ്ട എല്ലാ പ്രമുഖകമ്പനികളും സോഫ്റ്റ്‌വെയറുകളും സോഴ്സ് കോഡുകളും വികസിപ്പിക്കുന്നത് പ്രധാനമായും ഇസ്രേയൽ പോലുള്ള രാജ്യങ്ങളിൽനിന്നാണ്. വൈറസും അതിനുള്ള പരിഹാരവും ഇതേ രാജ്യങ്ങളിൽ തന്നെ നിർമിക്കുന്നു. ഈ രീതിയിലുള്ള വക്രീകരിച്ച കമ്പോളത്തിൽപോയി ഇന്ത്യ അടിമപ്പെടുകയാണ്. ആത്മനിർഭർ ഭാരത്, മേക് ഇൻ ഇന്ത്യ തുടങ്ങിയ പദ്ധതികൾക്ക് കാര്യക്ഷമതയും ലക്ഷ്യവും ഉണ്ടാകണം. ഇത് കൂടാതെ ഓപ്പൺ സോഴ്സ് സോഫ്‌ട്‌വെയറുകൾക്ക് കൂടുതൽ പ്രാധാന്യം നൽകണം. അവയ്ക്ക് സുരക്ഷിതത്വവും സുതാര്യതയും ഉണ്ട് എന്നതുകൊണ്ടുതന്നെ കൂടുതൽ ഊന്നൽ നൽകണം. അവയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കണം. ജനകീയമായ ധനസമാഹരണം (crowd funding) ആണ് ഓപ്പൺ സോഴ്സ് സോഫ്‌ട്‌വെയർ വികസിപ്പിക്കാനുള്ള ഒരു മാർഗം. ഇത് എല്ലാവർക്കും താങ്ങാനാവുന്ന വിലയ്ക്ക് വാണിജ്യവല്‍ക്കരിച്ചാൽ ഇന്ത്യയുടെ ഡിജിറ്റൽ മാർക്കറ്റ് പുറത്തെ മാർക്കറ്റിൽനിന്ന് സുരക്ഷാപരവും സാമ്പത്തികവും സാമൂഹികമായും സ്വാതന്ത്ര്യം ലഭിക്കും.

(രാംനാഥ് രഘുനാഥൻ, മദ്രാസ് ഐ.ഐ.ടിയിൽ ഗവേഷകനാണ് ലേഖകൻ 9496819580, ഗണേഷ് എം.വി., ടൊറന്റ് ഫാര്‍മയിലെ ബിസിനസ് എക്സിക്യൂട്ടീവാണ് ലേഖകന്‍ - 9447396310)

അടിക്കുറിപ്പുകൾ/റഫറൻസ്

  • Aljazeera. (2021). French prosecutor opens probe into Pegasus spyware allegations. https://www.aljazeera.com/news/2021/7/20/french-prosecutor-opens-probe-into-pegasus-spyware-allegations
  • Article 19. (2021). Mexico: Pegasus revelations prompt fresh calls for truth. https://www.article19.org/resources/mexico-pegasus-revelations-prompt-fresh-calls-for-truth/
  • Dan Raviv and Yossi Melman (1991). Every Spy a Prince: The Complete History of Israel’s Intelligence Community. Boston: Houghton Mifflin.
  • Dan Raviv and Yossi Melman. (2012). Spies Against Armageddon: Inside Israel’s Secret Wars. New York: Levant Books.
  • Dana Priest, Craig Timberg, and Souad Mekhennet. (2021). Private spy software sold by NSO Group found on cellphones worldwide. Washington Post. https://www.washingtonpost.com/investigations/interactive/2021/nso-spyware-pegasus-cellphones/
  • Gili Cohen. (2014). Reservists From Elite IDF Intel Unit Refuse to Serve Over Palestinian 'Persecution'. Haaretz. https://www.haaretz.com/43-ex-unit-8200-soldiers-to-refuse-reserve-duty-1.5264418
  • IVC-GKH-IATI Multinationals Report. (2019). Multinational Companies (MNC) – Contribution to the Israeli Tech Ecosystem. https://www.ivc-online.com/Portals/0/MNC%20Report/MNCs_Report_Dec_2019_Final.pdf?ver=2019-12-26-135727-537×tamp=1577361659949&_atscid=7_134353_48041634_1003863_0_Teatezwezwuhwdcwd
  • Lisa Catherin Wallace. (2014). LOOSE LIPS BUILD SHIPS? Secrecy and Human Capital Management in US NSA and Israel Unit 8200. https://stacks.stanford.edu/file/druid:xz076zd9171/Wallace_Loose%20Lips%20Build%20Ships.pdf
  • Mike Stone and Greg Roumeliotis. (2021). Secretive cyber warfare firm NSO Group explores sale: sources. Reuters. https://www.reuters.com/article/us-nsogroup-m-a-idUSKCN0SR2JF20151103
  • NSO Group. (2021). https://www.nsogroup.com/about-us/
  • Raghav Bikhchandani. (2021). The NSO Group behind Pegasus list & its murky past — from Mexico to Jamal Khashoggi to India. The Print. https://theprint.in/theprint-essential/the-nso-group-behind-pegasus-list-its-murky-past-from-mexico-to-jamal-khashoggi-to-india/700425/
  • The Editors of Encyclopaedia Britannica. (1998). Herzliyya. https://www.britannica.com/place/Herzliyya
  • Thomas Brewster. (2016). Everything We Know About NSO Group: The Professional Spies Who Hacked iPhones With A Single Text. Forbes. https://www.forbes.com/sites/thomasbrewster/2016/08/25/everything-we-know-about-nso-group-the-professional-spies-who-hacked-iphones-with-a-single-text/?sh=39d325133997
  • Washington Post Staff. (2021). Takeaways from Pegasus Project. Washington Post. https://www.washingtonpost.com/investigations/2021/07/18/takeaways-nso-pegasus-project/