രാജാരവിവർമ്മക്കും, കെ.സി.എസ് പണിക്കർക്കും ശേഷം തന്റെ സ്വതസിദ്ധമായ ശൈലികൊണ്ട് ലോകശ്രദ്ധ നേടിയ ചിത്രകാരനാണ് ശ്രീ.എ.രാമചന്ദ്രൻ. ഭാരതസംസ്‌കാരത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ അദ്ദേഹത്തിന്റെ ചിത്രകലാശൈലി പരമ്പരാഗതചുവർചിത്രശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതും കൂടിയാണ്. ചിത്രകാരൻ എന്ന നിലയിൽ മാത്രമല്ല, ശിൽപ്പി, സംഗീതജ്ഞൻ, എഴുത്തുകാരൻ, ചിത്രകലാ അധ്യാപകൻ എന്നീ നിലകളിലും അദ്ദേഹം തന്റേതായ ഒരിടം സൃഷ്ടിച്ചിട്ടുണ്ട്. പ്രകൃതിയായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും പ്രചോദനം. പ്രകൃ തിയിലെ ചെടികളും ഇലകളും പൂക്കളും ജീവജാലങ്ങളും മനുഷ്യരുമെല്ലാം സുന്ദരമായ രൂപത്തിൽ അദ്ദേഹത്തിന്റെ കാൻവാസിൽ പുനർ ജനിച്ചു. 1935-ൽ ആറ്റിങ്ങലിലായിരുന്നു അദ്ദേഹം ജനിച്ചത്. മുഴുവൻ പേര് അച്യുതൻ രാമചന്ദ്രൻ നായർ. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയശേഷം അദ്ദേഹം ശാന്തിനികേതനിൽ (വിശ്വഭാരതി) ചിത്രകല പഠിക്കാൻ ചേർന്നു. അതിനു മുൻപ് പത്തു വർഷത്തോളം കർണാടകസംഗീതം പഠിച്ച അദ്ദേഹം ആകാശവാണിയില്‍ സംഗീതജ്ഞനുമായി. ശാന്തിനികേതനാണ് അദ്ദേഹത്തിലെ കലാകാരനെ വാർത്തെടുത്തതെന്ന് നിസ്സംശയം പറയാം. രാം കിങ്കർ ബേയ്ഗ്, നന്ദലാൽ ബോസ് തുടങ്ങിയവരുടെ ശിക്ഷണത്തിലായിരുന്നു രാമചന്ദ്രന്റെ പഠനം. പഠനശേഷം ആധുനികശൈലിയിലുള്ള നിരവധി ചിത്രകലാ പരീക്ഷണങ്ങൾ നടത്തിയ അദ്ദേഹം പാശ്ചാത്യ ഇംപ്രഷണിസ്റ്റ് ശൈലിയിൽ തീർത്ത ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായി. 1961-ൽ ശാന്തിനികേതനിൽ നിന്ന് ഡിപ്ലോമ പൂർത്തിയാക്കിയ അദ്ദേഹം 1963-65 കാലഘട്ടത്തിൽ കേരളത്തിലെ ചുമർച്ചിത്രകലയെക്കുറിച്ച് ഗവേഷണം നടത്തുകയുണ്ടായി. ആ ഗവേഷണമാണ് പിൽക്കാലത്ത് ഇന്ത്യൻ പരമ്പരാഗത ശൈലിയിൽ അധിഷ്ഠിതമായ സ്വന്തം ശൈലി രൂപപ്പെടുത്താൻ ഏറെ സഹായിച്ചത്. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം ജാമിയ ഇസ്ലാമിയ, സർവകലാശാലയിൽ ചിത്രകലാ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. ഇതിനിടെ ചൈനീസ് പണ്ഡിതനായിരുന്ന താൻ യുൻഷാനിന്റെ മകളും സഹപാഠിയുമായിരുന്ന ചമേലിയെ അദ്ദേഹം പരിചയപ്പെടുകയും അവർ വിവാഹിതരാവുകയും ചെയ്തു. ജോലിയിലായിരിക്കുമ്പോഴും ചിത്രരചനയും എഴുത്തും നിർബാധം തുടർന്നുകൊണ്ടിരുന്നു. 1992-ൽ ജോലിയിൽ നിന്ന് വിരമിച്ചശേഷം മുഴുവൻ സമയവും ചിത്രരചനയിലും പുസ്തകമെഴുത്തിലും ഏർപ്പെടുകയായിരുന്നു.
ചിത്രകലാരചനയ്ക്ക് പുറമേ നിരവധി ശിൽപ്പങ്ങളും രാമചന്ദ്രന്റേതായിട്ടുണ്ട്. വെങ്കലം, കല്ല് തുടങ്ങിയ മാധ്യമങ്ങളിൽ അദ്ദേഹം തീർത്ത ശിൽപ്പങ്ങൾ നിരവധി മ്യൂസിയങ്ങളെ അലങ്കരിക്കുന്നുണ്ട്. ഭാരതീയ പുരാണങ്ങളിലെ അനശ്വരങ്ങളായ കഥാപാത്രങ്ങളെ ആസ്പദമാക്കി അദ്ദേഹമൊരുക്കിയ ചിത്ര പരമ്പരകൾ ഏറെ ശ്രദ്ധേയമായി. യയാതി, ഉർവ്വശി തുടങ്ങിയവ അവയിൽ ചിലതാണ്. പുരാണങ്ങളിലൂടെ നാം മനസ്സിലാക്കിയതിനപ്പുറം തലങ്ങൾ ചിത്രങ്ങളിലൂടെ അദ്ദേഹം വരച്ചുകാട്ടി.
രാമചന്ദ്രന്റെ ഏറ്റവും വലിയ പ്രത്യേകത ആശയങ്ങളിലുള്ള വ്യക്തതയായിരുന്നു. സ്വയം നിരന്തരം നവീകരിക്കുക എന്ന പ്രക്രിയ അദ്ദേഹത്തിന്റെ രചനാരീതികളിൽ വ്യക്തവും സ്പഷ്ടവുമായിരുന്നു. പുതിയ നിറക്കൂട്ടുകൾ പരീക്ഷിക്കുന്നതിനും വരകളുടെ പുതിയ സാധ്യതകൾ കണ്ടെത്തുന്നതിനും നിരന്തരമായ അന്വേഷണം അദ്ദേഹം നടത്തി. പ്രകൃതിയിൽ നിന്ന് സ്വാംശീകരിച്ച ഇമേജുകൾ അദ്ദേഹത്തിന്റെ ബ്രഷുകളിലൂടെ ക്യാൻവാസിൽ പതിച്ചപ്പോൾ അനുവാചകർക്ക് പുതിയ അനുഭൂതി പകരുന്നതിന് കാരണമായി. സ്വന്തം ചിത്രങ്ങളെപ്പറ്റി വാക്കുകളുപയോഗിച്ച് വിവരിക്കാൻ അദ്ദേഹം ഒരിക്കലും തയാറായില്ല. ചിത്രങ്ങൾ ആസ്വാദകരുമായി സ്വയം സംവദിക്കേണ്ടതാണെന്നും കൂടുതൽ കാണുന്തോറും ചിത്രത്തിന്റെ അർഥതലങ്ങൾ ആസ്വാദകരുടെ മുൻപിൽ അനാവൃതമാകുമെന്നും അദ്ദേഹം കരുതി. പ്രകൃതിയിലുള്ള എന്തു വസ്തുക്കളുമാകാം അത്. പാറയായികൊള്ളട്ടെ, മനുഷ്യരൂപമാകട്ടെ, ഇലയോ പൂക്കളോ മരങ്ങളോ, ലാന്റ്‌സ്‌കേപ്പോ എന്തുമായിക്കൊള്ളട്ടെ, കാഴ്ചക്കാർക്ക് അവയെ ബോധ്യപ്പെടുത്തുന്ന ദൃശ്യ ഇമേജായി മാറ്റുകയാണ് ചിത്രകാരന്റെ ധർമം. ഒരു ചിത്രത്തിൽ നിന്ന് മറ്റു ചിത്രത്തിലേക്ക് വാതായനങ്ങൾ തുറക്കപ്പെടും. സൃഷ്ടിക്കപ്പെടുന്ന പുതിയ നിറക്കൂട്ടാകാം, രേഖാവിന്യാസമാകാം, ഘടനയാകാം, ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് നയിക്കുന്ന ഒരു നൈരന്തര്യമാണ് അദ്ദേഹത്തിന് ചിത്രരചന. സ്വാഭാവികമായ ഒരു വികാസമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കുള്ളത്. ഒരു രേഖയിൽ നിന്ന് മറ്റൊന്നിലേക്ക് ഒരു രൂപഘടനയിൽ നിന്ന് മറ്റൊന്നിലേക്ക് എന്നിങ്ങനെ സ്വാഭാവികമായുള്ള ഒരു ഒഴുക്കാണ് പലപ്പോഴും ചിത്രരചന. വലിയചിത്രങ്ങൾ നിർമിക്കുമ്പോൾ തന്നെ അതേ ചായക്കൂട്ടുകൾ കൊണ്ട് ചെറിയ ചിത്രങ്ങളും ഒരേ ആശയത്തിൽ അദ്ദേഹം സൃഷ്ടിച്ചിരു ന്നു. പുതുതായി കണ്ടെത്തിയ നിറക്കൂട്ടുകൾ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്.
ചിത്രകാരന്റെ പ്രത്യയശാസ്ത്രം
മനുഷ്യര്‍ മുഴുവൻ വീടിനുള്ളിൽ തടവിലാക്കപ്പെട്ട കോവിഡ് മഹാമാരിക്കാലം രാമചന്ദ്രൻ ഉപയോഗിച്ചത് ചിത്രരചനയിൽ പുതിയ പരീക്ഷണങ്ങള്‍ക്കാണ്. കോവിഡിന്റെ ഏകാന്തതയില്‍ നിന്നും മാധ്യമങ്ങളിലെ നിരാശപ്പെടുത്തുന്ന വാർത്തകളിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗമായി ചിത്രകലയെ അദ്ദേഹം മാറ്റി. കൊറോണക്കാലത്തെ വിഷാദവും ദുരിതങ്ങളുമായിരുന്നില്ല വിഷയം. മറിച്ച് പ്രകൃതിവൈവിധ്യങ്ങളുടെ പ്രത്യാശ ജനിപ്പിക്കുന്ന ഇമേജുകളായി അദ്ദേഹത്തിന്റെ ചിത്രങ്ങൾ. അദ്ദേഹം പറയുന്നു - ''നിറങ്ങളും ചിത്രങ്ങളും കൊണ്ട് സമൂഹത്തെ നന്നാക്കാൻ സാധിക്കും. പക്ഷേ മാറ്റിമറിക്കാനാകില്ല. അങ്ങനെ സാധിച്ചിരുന്നെങ്കിൽ എത്രയോ നല്ല ചിത്രകാരന്മാർ നല്ല ചിത്രങ്ങൾ വരച്ചിട്ടും ലോകം വിനാശബുദ്ധിയോടെ എങ്ങനെയാണ് മുന്നോട്ട് പോകുന്നത്. ചിത്രങ്ങളുടെ ശക്തിയും, സാഹിത്യത്തിന്റെ ശക്തിയും, സംഗീതത്തിന്റെ ശക്തിയുമെല്ലാം കാണുമ്പോഴോ കേൾക്കുമ്പോഴോ ലഭിക്കുന്ന അനുഭൂതിമാത്രമാണ് (Momentery Enlightment). അത് മറ്റു അനുഭവങ്ങളിൽ നിന്ന് ലഭിക്കുകയുമില്ല.''
ആദ്യകാല ചിത്രങ്ങളിൽ സ്വാഭാവികമായി രാഷ്ട്രീയം കടന്നു വന്നു. യുവത്വത്തിന്റെ വിപ്ലവാവേശമെല്ലാം ചിത്രങ്ങളിൽ ഉണ്ടായിരുന്നു. ഡൽഹിയിലെ 1984 ലെ സിക്കുകാർക്ക് എതിരെയുള്ള കലാപം അദ്ദേഹം നേരിട്ട് കണ്ടയാളാണ്. ആ ക്രൂരതകൾ അദ്ദേഹത്തെ ബാധിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കൂടുതലും പ്രകൃതി വർണനകളായിരുന്നു. മനോഹരമായ പ്രകൃതിയെയും മനുഷ്യനെയും എത്ര പെട്ടെന്നാണ് മനുഷ്യർ നശിപ്പിക്കുന്നത് എന്ന് ലോകത്തിന് കാട്ടികൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നദ്ദേഹം പറയുന്നു. ചിത്രകല മനോഹരമായ ഒരു മാധ്യമമാണ്. ക്രൂരതയും അക്രമവും നിരാശയുമൊന്നും ചിത്രീകരിക്കാൻ തയാറല്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇതിനെ വിമർശിക്കുന്നവരുടെ വാദഗതിക്കൊന്നും അദ്ദേഹം വഴങ്ങിയില്ല. ആകർഷകങ്ങളായ നിറങ്ങൾ കൊണ്ടും ചിത്ര വിന്യാസങ്ങൾ കൊണ്ടും രാമചന്ദ്രൻ ചിത്രങ്ങൾ കാഴ്ചയുടെ വസന്തമൊരുക്കി. കേരളത്തിലെ പുരാതന ചുവർച്ചിത്ര കാരന്മാരുടെ ആധുനികകാല പിൻഗാമിയാണ് താൻ എന്നദ്ദേഹം അഭിമാനപൂർവം പറയാറുണ്ട്. 1993 ഡൽഹിയിലെ നാഷണൽ ആർട്ട്ഗാലറിയിൽ രാജാരവിവർമ്മയുടെ ചിത്രപ്രദർശനം അദ്ദേഹം ക്യൂറേറ്റു ചെയ്തു. രവിവർമ്മയുടെ മഹത്വത്തെ നിരാകരിച്ച ഉത്തരേന്ത്യൻ ചിത്രകലാ ലോകത്തിന് രവിവർമ്മയുടെ മഹത്വം മനസ്സിലാക്കികൊടുക്കുക എന്ന ഉദ്ദേശ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ചിത്രകാരന്മാരെ അവർ ജീവിച്ച കാലഘട്ടം കൂടെ പരിഗണിച്ചു വേണം വിലയിരുത്താൻ എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
യാത്രകളിലും പഠനങ്ങളിലും തയാറാക്കുന്ന സ്‌കെച്ചുകളും ഓർമകളുമാണ് പിന്നീട് ചിത്രമായി മാറുന്നത്. യയാതി എന്ന ചിത്ര-സീരീസിലൂടെ പുതിയൊരു ശൈലി അദ്ദേഹം ഉണ്ടാക്കി. പുരാണങ്ങളിലെ യയാതിയെ കേരള ചുവർചിത്രകലാ ശൈലിയിൽ മനോഹരമായ വർണങ്ങളിൽ ചിത്രീകരിച്ചു. യയാതിയെ അദ്ദേഹത്തിന്റെ ചിത്രകലാ ജീവിതത്തിലെ ഒരു വിപ്ലവമായിത്തന്നെ അദ്ദേഹം കണക്കാക്കുന്നുണ്ട്. ഇന്ത്യൻ ചിത്രകാരന്മാരെ ഇന്ത്യൻശൈലിയുടെ പ്രയോക്താക്കളാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. ഓരോ രാജ്യത്തിനും അതിന്റേതായ സംസ്‌കാരവും കലാപാരമ്പര്യവുമുണ്ടാകും. അവയാകണം ചിത്രകാരന്മാരുടെ അടിസ്ഥാനം. യൂറോപ്യൻ, അമേരിക്കൻ ചിത്രകല അനുകരിക്കാൻ ശ്രമിച്ച അദ്ദേഹത്തിന് അതിൽ നിന്ന് പാരമ്പര്യത്തിലേക്കുള്ള ഒരു തിരിച്ചുപോക്കായി യയാതി.
കേരളത്തിലെ ക്ഷേത്രങ്ങളിലെ ശിൽപ്പകലയും ചിത്രകലയുമെല്ലാം അദ്ദേഹത്തെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ മുത്തച്ഛനാണ് കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിച്ചത്. രാമചന്ദ്രന്റെ സംഗീതം പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. പട്ടാളോദ്യോഗസ്ഥനായ അച്ഛന്റെ അസാന്നിധ്യം മുത്തച്ഛനിലൂടെ അദ്ദേഹം മറന്നു. മുത്തച്ഛനുമായുള്ള വൈകുന്നേര നടത്തങ്ങളിൽ പ്രകൃതിയെ നിരീക്ഷിക്കാനും മനസ്സിലാക്കാനും അദ്ദേഹം പഠിച്ചു. വീട്ടിനടുത്തുള്ള അമ്പലവും ജലാശയവും പ്രകൃതിയുമെല്ലാം പാഠശാലയായി.
രാംകിങ്കർ ബെയ്ഗിന്റെ ചിത്രങ്ങളും ശിൽപ്പങ്ങളും ഒരു പ്രദർശനത്തിൽ കാണാനായത് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ആ ഗുരുവിൽ നിന്ന് ചിത്രകല പഠിക്കാനുള്ള ആഗ്രഹമാണ് അദ്ദേഹത്തെ ശാന്തിനികേതനിൽ എത്തിച്ചത്. നന്ദലാലിബോസിന്റെയും സുബ്രഹ്‌മണ്യത്തിന്റെയുമെല്ലാം ശൈലികൾ അദ്ദേഹത്തെ സ്വാധീനിച്ചു. ശാന്തിനികേതനിൽ നിരവധി ചിത്രകാരന്മാരെയും ചിത്രശൈലികളെയും പരിചയപ്പെടുന്നതിന് അദ്ദേഹത്തെ സഹായിച്ചു. സന്ദാൾവില്ലേജിലെ മനുഷ്യരുടെ സ്‌കെച്ചുകൾ ആദ്യകാലരചനയിൽ ഉൾപ്പെട്ടു.
താമരപ്പൊയ്കകള്‍
ഇന്ത്യൻ തത്വശാസ്ത്രപ്രകാരം താമര സമ്പത്തിന്റെയും ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായും ദൈവങ്ങളുടെ ഇരിപ്പിടമായും കണക്കാക്കപ്പെടുന്നു. ഹിന്ദുബുദ്ധ സംസ്‌കാരങ്ങളുടെ പ്രധാന പ്രതീകമായും താമരയെ കണക്കാക്കപ്പെടുന്നു. താന്ത്രിക ചിത്രീകരണത്തിലും കുണ്ഡലിനിയുടെ പ്രതിനിധാനത്തിന് താമരയെ ഉപയോഗപ്പെടുത്താറുണ്ട്. ബോധോദയത്തിന്റെയും സൗന്ദര്യത്തിന്റെയും, അഭിവൃദ്ധിയുടെയും അനശ്വരതയുടെയും പ്രതീകമായും താമര കണക്കാക്കപ്പെടുന്നു. ഇന്ത്യൻ സാഹിത്യത്തിലും കലകളിലുമെല്ലാം താമര ദിവ്യപരിവേഷത്തോടെ കടന്നുവരുന്നുണ്ട്. സാഞ്ചിയിലെയും, അജന്തയിലെയും എല്ലോറയിലെയും ശിൽപ്പങ്ങളിലും ചുവർ മോട്ടിഫുകളിലുമെല്ലാം താമരച്ചിത്രങ്ങൾ കടന്നു വരുന്നുണ്ട്. ഇവിടുത്തെ ശിൽപ്പങ്ങളും അനുബന്ധമായി കാണപ്പെടുന്ന താമരക്കുളങ്ങളും സന്ദർശിക്കുമ്പോൾ അജ്ഞാതനായ പുരാതന ശിൽപ്പി താമരശിൽപ്പങ്ങളിൽ സൃഷ്ടിച്ച വൈവിധ്യങ്ങൾ അദ്ദേഹത്തിന് പുതിയ ഉൾക്കാഴ്ച ഉണ്ടാകാൻ കാരണമായി. അദ്ദേഹം അതിനുശേഷം താമരയെയും താമരക്കുളങ്ങളെയും കുറിച്ച് ആഴത്തിൽ പഠിക്കാനാരംഭിച്ചു. രാത്രിയിലും, പകലും, നിലാവിലും, സന്ധ്യക്കുമെല്ലാം താമരക്കുളങ്ങളും താമരയും സൃഷ്ടിച്ച വൈവിധ്യം അദ്ദേഹത്തിനെ അത്ഭുതപ്പെടുത്തുകയും അത് ഒരു പുതിയ ചിത്രസഞ്ചാരത്തിന് തുടക്കം കുറിക്കുകയും ചെയ്തു. കണ്ട കാഴ്ചകളെ അദ്ദേഹത്തിന്റേതായ രീതിയിൽ പുനരാവിഷ്‌കരിക്കാൻ അദ്ദേഹം ശ്രമിച്ചു. താമരച്ചെടിയുടെ വിവിധഘട്ടങ്ങൾ, വളർച്ച, തളർച്ച, അനുബന്ധമായ ജീവജാലങ്ങൾ തുടങ്ങിയവയെല്ലാം ചിത്രീകരണ വിഷയമായി. ഇന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗത്തെയും താമരക്കുളങ്ങളിലൂടെ ഒരു തീർഥയാത്ര തന്നെ അദ്ദേഹം നടത്തി. രാജസ്ഥാനിലെയും കേരളത്തിലെയും എല്ലാം ഇമേജുകൾ സ്വാംശീകരിച്ച് വിവിധ വർണങ്ങളിലും ഭാവങ്ങളിലും സൃഷ്ടിച്ച ചിത്രങ്ങൾക്ക് അനുവാചകരിൽ അസാധാരണമായ അനുഭൂതിസൃഷ്ടിക്കാൻ കഴിഞ്ഞു. പരമ്പരാഗതമായ വർണങ്ങൾക്കപ്പുറം അത്ഭുതപ്പെടുത്തുന്ന പുതിയ വർണക്കൂട്ടുകളും വിന്യാസങ്ങളും താമരചിത്രങ്ങളിൽ കാണാം. താമരയും, ഇലകളും വള്ളികളും കൂടിച്ചേർന്ന പ്രകൃതിയിൽ ജലജീവികളെയും, വണ്ടുകളെയും ഷഡ്പദങ്ങളെയുമെല്ലാം അദ്ദേഹം വിന്യസിച്ചു. ഒരുപക്ഷേ പ്രകൃതിയുടെ ഒരു മിനിയേച്ചർ തന്നെ അതുവഴി സൃഷ്ടിക്കപ്പെട്ടു. മറ്റൊരു ചിത്രകാരനും ഇത്രയും വൈവിധ്യമാർന്ന ചിത്രങ്ങൾ രചിച്ചിട്ടുണ്ടാവില്ല. അക്കാലത്തെ മോഡേൺ ചിത്രകാരന്മാരുടെയും ചിത്രവിമർശകരുടെയും എതിർപ്പുകൾ അദ്ദേഹം വകവച്ചില്ല.
കേരളത്തിലെ മ്യൂറലുകളെപ്പറ്റി അദ്ദേഹം രചിച്ച മ്യൂറർ ചിത്രങ്ങളുടെ സ്കെച്ചുകളും ചിത്രങ്ങളും ഉൾപ്പെടുത്തിയ പുസ്തകം ചുവർചിത്രകലയിലെ ആധികാരികഗ്രന്ഥമാണ്.
കുട്ടികൾക്കായി രചിക്കപ്പെട്ട നിരവധി പുസ്തകങ്ങൾക്ക് ഇല്യുസ്‌ട്രേഷൻ നിർവഹിച്ചിട്ടുണ്ട് അദ്ദേഹം. അവ പലതും ഇപ്പോഴും പല മ്യൂസിയങ്ങളിൽ സൂക്ഷിക്കുന്നുണ്ട്. കുട്ടികളുടെ ചിത്രങ്ങൾക്കായുള്ള ഇല്യുസ്‌ട്രേഷന് അദ്ദേഹത്തിന് ജാപ്പാനീസ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കുഞ്ചൻനമ്പ്യാരുടെ കല്യാണസൗഗന്ധികം ആധാരമാക്കി രചിച്ച പുസ്തകം അദ്ദേഹം ജാപ്പാനീസ് ഭാഷയിൽ ചിത്രീകരിച്ചു.
ചിത്രങ്ങൾക്കായി നിരവധി സ്‌കെച്ചുകൾ തയാറാക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. ബാല്യം മുതലുള്ള ഈ ശീലം അദ്ദേഹം അവസാനം വരെയും തുടർന്നു. ഇതായിരുന്നു ചിത്രങ്ങൾക്കുള്ള അടിസ്ഥാന അക്ഷരങ്ങൾ. ഈ ശീലമാണ് കൂടുതൽ വ്യത്യസ്തവും വിപുലവുമായ ചിത്രങ്ങൾ നിർമിക്കാൻ സഹായിച്ചത് എന്നദ്ദേഹം കരുതുന്നു. ഇവയ്ക്ക് പുറമേ രാമചന്ദ്രൻ ഗ്രാനൈറ്റിൽ രൂപകൽപ്പന നിർവഹിച്ച ശ്രീ പെരുമ്പത്തൂരിലെ രാജീവ്ഗാന്ധി മെമ്മോറിയലിലെ റിലീഫ് ശിൽപ്പങ്ങൾ ഏറെ ശ്രദ്ധേയമായി. 125 അടിനീളവും 20 അടിവീതിയുമുള്ള ഭീമാകാരമായ ശിൽപ്പ റിലീഫ് ആണിത്.
പ്രചോദനമായ രാജസ്ഥാൻ
രാജസ്ഥാൻ അദ്ദേഹത്തിന്റെ മറ്റൊരു പ്രണയമായിരുന്നു. ചിത്രകലാജീവിതത്തിലെ മറ്റൊരു പ്രചോദനമായി രാജസ്ഥാൻ മാറി. ഉദയ്പൂർ, നാജ്ഭാ, ദോൽഗഞ്ചി തുടങ്ങിയ പ്രദേശങ്ങളിൽ അദ്ദേഹം സഞ്ചരിക്കുകയും പ്രകൃതിയെയും മനുഷ്യരെയും ചിത്രീകരിക്കുകയും ചെയ്തു. സ്റ്റുഡിയോയിലിരുന്ന് യാന്ത്രികമായി ചിത്രീകരിക്കുന്നതിനുപകരം പ്രകൃതിയിലേക്കിറങ്ങി കണ്ടും മനസ്സിലാക്കുകയും ചെയ്ത ശേഷം വരയ്ക്കുന്ന ശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്. 1970-ൽ ഉദയ്പൂർ സന്ദർശിച്ചപ്പോൾ തന്നെ അവിടത്തെ കോട്ടകളും പ്രകൃതിയും ചിത്രശിൽപ്പകലയും ജനങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ചിത്രകലക്ക് ആവശ്യമായ പ്രചോദനവും വിഷയവും നൽകി. അതിനുശേഷം നിരന്തരമായി അവിടം സന്ദർശിക്കുകയും സ്‌കെച്ചുകളും ചിത്രങ്ങളും രചിക്കുകയും ചെയ്തു. രാജസ്ഥാനെക്കുറിച്ച് ആയിരക്കണക്കിന് ചിത്രങ്ങൾ അദ്ദേഹം വരച്ചു. സ്വാഭാവികമായ മനുഷ്യരുടെ കൃത്രിമമല്ലാത്ത ഭാവങ്ങൾ സ്വാഭാവിക പരിസ്ഥിതിയിൽ ചിത്രീകരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആദിവാസികളുടെയും ഗ്രാമീണരുടെയും അകൃത്രിമമായ ഭാവങ്ങൾ ചിത്രങ്ങൾക്ക് വിഷയമായി.
സാധാരണക്കാരനായി രാജസ്ഥാനിലെ വിദൂരവും ഒറ്റപ്പെട്ടതുമായ ഗ്രാമങ്ങളിൽ അദ്ദേഹം സഞ്ചരിച്ചു. ജീവിതങ്ങളെ പകർത്തി. ചിത്രകലയിൽ വിവിധ പരീക്ഷണങ്ങൾ അദ്ദേഹത്തിന് ഹരമായിരുന്നു. ശിൽപ്പകല, കുട്ടികളുടെ ചിത്രകാരൻ, സ്‌കെച്ചർ, ചുവർചിത്രകാരൻ, ചിത്രകാരൻ, എഴുത്തുകാരൻ അങ്ങനെ വിവിധ തരത്തിൽ കലാപ്രവർത്തനം നടത്താൻ കഴിഞ്ഞതിൽ അദ്ദേഹത്തിന് അഭിമാനം തന്നെയുണ്ടായിരുന്നു.
എന്റെ ചിത്രകലയ്ക്കുള്ള അന്തർലീനമായ ഗുണവും ദോഷവും മലയാളിയുടെ സ്വായത്തമായ ഗുണദോഷങ്ങളാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. തന്റെ ചിത്രങ്ങൾക്ക് എവിടെയോ ഒരു മലയാളിത്തമുണ്ട് എന്നും അദ്ദേഹം പറയുന്നു. പല ചിത്രങ്ങളിൽ അദ്ദേഹം സ്വന്തം രൂപത്തിനെയും ചിത്രീകരിച്ചു. യയാതിയിലെ ഗന്ധർവനായി അവതരിച്ച ചിത്രകാരൻ പിന്നെ പല രൂപങ്ങളിലും ഭാവങ്ങളിലും ഒരു ബഹുരൂപിയായി പ്രത്യക്ഷപ്പെട്ടു.
പുസ്തകങ്ങൾ
നേരത്തേ സൂചിപ്പിച്ചതുപോലെ കേരള ചുവർചിത്രകലയെക്കുറിച്ച് അദ്ദേഹം രചിച്ച 'Adobe of Gods: Mural traditions of Kerala'' എന്ന പുസ്തകം ഈ രംഗത്തെ ആധികാരിക ഗ്രന്ഥമാണ് ഇവയ്ക്കു പുറമേ ബഹുരൂപി, Art and Murals of Icons of Raw Earth, The Art of Ramachandran., A. Ramachandran Yayathi limited Edition serigraphs എന്നിവയും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പുസ്തകങ്ങളാണ്. ഇവയ്ക്ക് പുറമേ ചിത്രകലാ സംബന്ധിയായി നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
അംഗീകാരങ്ങൾ
ചിത്രശിൽപ്പകലാരംഗത്തെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. 2005-ൽ കേന്ദ്രസർക്കാർ പത്മവിഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. കേരള സർക്കാരിന്റെ ഈ രംഗത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായ ''രാജാ രവിവർമ്മ അവാർഡ്, 1978ലെയും 1980ലെയും ജപ്പാൻ സർക്കാരിന്റെ കുട്ടികൾക്കുള്ള ഇല്യുസ്‌ട്രേഷനുവണ്ടിയുള്ള നാമ കോൺകോർഡ് അവാർഡ് എന്നിവ അവയിൽ ചിലതാണ്. ഇവയ്ക്ക് പുറമേ ലോകമെമ്പാടുമുള്ള നിരവധി ആർട്ട്ഗാലറികളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ചിത്രശിൽപ്പകലയുടെ വിവിധ മേഖലകളിൽ സ്വന്തമായ ശൈലി സൃഷ്ടിക്കുകയും തന്റെ മാതൃരാജ്യത്തിന്റെ പാരമ്പര്യത്തിലൂന്നി നിന്നുകൊണ്ട് അനശ്വരങ്ങളായ വർണവിസ്മയങ്ങൾ കാൻവാസിൽ സൃഷ്ടിക്കുകയും ചെയ്ത ഈ കലാകാരന്റെ സൃഷ്ടികൾ ലോകപ്രശസ്ത പ്രകൃതി ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ ശ്രേണിയിൽപ്പെടുത്താവുന്നതാണ്. അദ്ദേഹം ഒരു കേരളീയനാണെന്നതിൽ നമുക്ക് അഭിമാനിക്കാം.
(ജി.ബി. ഹരീന്ദ്രനാഥ് - 9446100532)