#

ഇ-മാലിന്യം സൃഷ്ടിക്കുന്ന പ്രതിസന്ധി

ലോകത്തിലെ അതിവേഗം വളരുന്ന മാലിന്യസ്രോതസ്സായി ഇ-മാലിന്യം മാറിയിരിക്കുന്നു. ഒരു ഇലക്‌ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണത്തിന്റെ ഉപയോഗപ്രദമായ കാലംകഴിഞ്ഞ് അതിനെ ഉപേക്ഷിക്കുമ്പോൾ ഇ-മാലിന്യമെന്നു വിളിക്കുന്നു. വിദ്യുച്ഛക്തിയിലോ ബാറ്ററിയിലോ പ്രവർത്തിക്കുന്നതും സർക്യൂട്ട്‌ബോർഡ് അല്ലെങ്കിൽ ഇലക്ട്രിക്കൽ ഘടകങ്ങൾ ഉള്ളതുമായ ഇലക്‌ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ കാലഹരണപ്പെടുന്നതുകൊണ്ടും പ്രയോജനരഹിതമായതു കൊണ്ടും കേടുവരുന്നതുകൊണ്ടും ഉപയോഗിക്കുന്നവർ ഉപേക്ഷിക്കുമ്പോൾ ഉണ്ടാവുന്നതാണ് ഇ-മാലിന്യം. 2016-ലെ ഇന്ത്യൻ ഇ-മാലിന്യനിയന്ത്രണ നിയമത്തിൽ [ഇ-വേസ്റ്റ് (മാനേജ്‌മെന്റ്) റൂൾസ്, 2016] ഇ-മാലിന്യത്തെ ഇപ്രകാരം നിർവചിക്കുന്നു- “ഉപഭോക്താവോ, മൊത്തമായി കൈകാര്യം ചെയ്യുന്ന ഉപഭോക്താവോ, ഇലക്ട്രിക്കൽ-ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ മുഴുവനായോ, ഭാഗികമായോ ഉപേക്ഷിക്കുമ്പോഴും ഉൽപ്പാദനത്തിലും പുനരുദ്ധാരണ ത്തിലും കേടുപോക്കലിലും ബാക്കിവരുന്ന പാഴ്‌വസ്തുക്കൾ തള്ളിക്കളയുമ്പോഴും ഉണ്ടാവുന്നതാണ് ഇ-മാലിന്യം.”

2016-ലെ ഈ നിയമം അനുസരിച്ച് മൊബൈൽഫോണും കമ്പ്യൂട്ടറും മാത്രമല്ല, വിവരസാങ്കേതിക വിദ്യാ-വാർത്താവിനിമയ ഉപകരണങ്ങളായ കമ്പ്യൂട്ടർ (സി.പി.യു, കീബോർഡ്, സ്‌കാനർ, മോണിറ്റർ, പ്രിന്റർ, സ്പീക്കർ ഉൾപ്പെടെ), ലാപ്‌ടോപ്, ഫോട്ടോസ്റ്റാറ്റ് മെഷീൻ, മൊബൈൽ ഫോൺ, ലാന്റ് ഫോൺ എന്നിവയും ഇ-മാലിന്യത്തിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ ഉപഭോക്തൃ ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് ഉപകരണങ്ങളായ ടെലിവിഷൻ, ഫ്രിഡ്ജ്, വാഷിങ്മെഷീൻ, എയർകണ്ടീഷണർ, മെർക്യുറി ഉള്ള ഫ്ലൂറസന്റ് വിളക്കുകൾ എന്നിവയും ഇ-മാലിന്യമാണ്.

ആയിരത്തിൽപ്പരം പദാർഥങ്ങൾ ഇ-മാലിന്യത്തിൽ കാണപ്പെടുന്നു. ഇവയിൽ ഹാനികരവും ഹാനികരമല്ലാത്തതുമായ പദാർഥങ്ങൾ ഉണ്ട്. ലോഹങ്ങൾ, ഉപലോഹങ്ങൾ, പ്ലാസ്റ്റിക്, മരം, ഗ്ലാസ്സ്, പ്ലൈവുഡ്, കോൺക്രീറ്റ്, സിറാമിക്കുകൾ, റബർ തുടങ്ങി വിവിധതരം പദാർഥങ്ങൾ ഇ-മാലിന്യത്തിൽ അടങ്ങിയിരിക്കുന്നു. പീരിയോഡിക് ടേബിളിലെ 69 മൂലകങ്ങളും ഇ-മാലിന്യത്തിൽ കാണപ്പെടുന്നുണ്ട്. അമൂല്യലോഹങ്ങളായ ഗോൾഡ്, സിൽവർ, പല്ലേഡിയം, പ്ലാറ്റിനം എന്നിവയും മാരകലോഹങ്ങളായ ലെഡ്, മെർക്യുറി, ക്രോമിയം (ഷഡ്ബലകം), കാഡ്മിയം, ആർസെനിക്, ആന്റിമണി, കോബാൾട്ട്, ബെറിലിയം, സെലിനിയം തുടങ്ങിയവയും ഇ-മാലിന്യത്തിൽ ഉൾപ്പെട്ടിരിക്കുന്നു. തീ പെട്ടെന്ന് പടർന്നു പിടിക്കാതിരിക്കാൻ ഇലക്ട്രോണിക് ഉപകരണങ്ങളിലെ പ്ലാസ്റ്റിക്കിൽ അടങ്ങിയ ബ്രോമിൻ ജ്വാലാശമനകാരികളായ, പോളിബ്രോമിനേറ്റഡ് ബൈഫീനൈൽ (പി.ബി.ബി) പോളിബ്രോമിനേറ്റഡ് ഡൈഈഥൈൽ ഈഥർ (പി.ബി.ഡി.ഇ) എന്നിവയും അനൗപചാരിക (ഇൻഫോർമൽ) പുനഃചംക്രമണത്തിൽ ഫ്രിഡ്ജിൽനിന്നും പുറത്തുവരുന്ന ക്ലോറോഫ്ലൂറോകാർബണുകളും ചിരസ്ഥായീ കാർബണിക ദൂഷകവസ്തുക്കളാണ്.

ഇ-മാലിന്യം കത്തിക്കുമ്പോഴുണ്ടാകുന്ന ഡയോക്സിൻ, ഫ്യൂറാൻ എന്നിവയും കൈകാര്യം ചെയ്യുമ്പോൾ പുറത്തുവരുന്ന കണികാപദാർഥങ്ങളും പ്ലാസ്റ്റിക്കിന്റെ മൃദുത്വത്തിന് ഉപയോഗിക്കുന്ന ഫ്താലേറ്റുകളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന പദാർഥങ്ങളാണ്. അടുക്കളമാലിന്യത്തെയും പ്ലാസ്റ്റിക്ക് മാലിന്യത്തെയും അപേക്ഷിച്ച് ഇ-മാലിന്യത്തിന്റെ പ്രത്യേകത വർധിച്ച വിഷലിപ്തതയാണ്. നമ്മുടെ കൈപ്പിടിയിലോ പോക്കറ്റിലോ മേശപ്പുറത്തോ ഇരിക്കുമ്പോഴും ബ്രീഫ്‌കേസിൽ കൊണ്ടുപോകുമ്പോഴും മൊബൈൽഫോൺ പരിസ്ഥിതി, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. എന്നാൽ ഉപയോഗം കഴിഞ്ഞ് മണ്ണിലും ജലസ്രോതസ്സുകളിലും വന്നുചേരുമ്പോഴും, അശാസ്ത്രീയ, അനൗപചാരിക പുനഃചംക്രമണംവഴിയും വൻമാലിന്യനിറകളിലും (ലാന്റ്ഫിൽ) മാലിന്യദഹനചൂള (ഇൻസിനറേറ്റർ)കളില്‍ എത്തുമ്പോഴും ഇവ പരിസരമലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

ഇ-മാലിന്യം ഉണ്ടാവുന്നതെങ്ങനെ?
കഴിഞ്ഞ 50കൊല്ലത്തിനിടയിൽ ദ്രുതഗതിയി ലുള്ള സാങ്കേതിക മുന്നേറ്റങ്ങളാണ് ലോകമാകമാനം ഉണ്ടായത്. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഉൽപ്പാദന സാങ്കേതികവിദ്യയിലുണ്ടായ പുരോഗതി, ഉല്‍പ്പന്നവിലയും ഉപകരണങ്ങളുടെ പ്രവർത്തന ത്തിനുവേണ്ട ഊർജവും ഗണ്യമായി കുറച്ചു. ഇത് ഉപകരണങ്ങൾ എല്ലാവരിലും എത്താൻ സഹായിച്ചു. അനലോഗ് ടെലിവിഷനിൽനിന്ന് ഡിജിറ്റൽ ടെലിവിഷനിലേക്കും കാഥോഡ്-റേ-ട്യൂബ് ടെലിവിഷനിൽനിന്ന് പരന്ന ടെലിവിഷനിലേക്കും കോംപാക്റ്റ് സിഡിയിൽനിന്ന് പെൻഡ്രൈവിലേക്കുമുള്ള മാറ്റങ്ങളും ഇതേപോലുള്ള മറ്റുമാറ്റങ്ങളും വലിയൊരളവിൽ ഇ-മാലിന്യം പുറത്തുകൊണ്ടുവരാൻ ഇടയാക്കി. 5ജി സാങ്കേതികവിദ്യയിലേക്ക് ലോകം ചേക്കേറുമ്പോൾ വലിച്ചെറിയപ്പെടുന്ന സ്മാർട്ട്‌ ഫോണുകളുടെ എണ്ണം ഇ-മാലിന്യപ്രളയം തന്നെ ഉണ്ടാക്കും.

പുതിയതും കട്ടികുറഞ്ഞതും ഭാരം കുറഞ്ഞതും വേഗതകൂടിയതും മെച്ചപ്പെട്ടതും കൂടുതൽ പ്രവർത്തനക്ഷമതയുള്ളതുമായ മോഡലുകൾ കരസ്ഥമാക്കാൻ ജനങ്ങൾ നെട്ടോട്ടമോടുന്നു. പുതിയ മോഡൽ സ്മാർട്ട്‌ഫോൺ ഇറക്കുമ്പോൾ പഴയത് ഇ-മാലിന്യമായി മാറുന്നു. ഉപകരണങ്ങളുടെ ശരാശരി ആയുസ്സ് കുറഞ്ഞുവരുന്നത് ഇ-മാലിന്യത്തിന്റെ വർധനയ്ക്ക് കാരണമാവുന്നു. കമ്പ്യൂട്ടറിന്റെ ആയുസ്സ് 6-7വർഷമായിരുന്നത് 2-3വർഷമായി കുറഞ്ഞു. മൊബൈൽ ഫോണിന്റെ ആയുസ്സ് 5-6 വർഷമായിരുന്നത് 1-2വർഷമായി ചുരുങ്ങി. വാഷിങ്‌മെഷീൻ, ഫ്രിഡ്ജ് എന്നിവയുടേത് 12-15വർഷമായിരുന്നത് 5-8വർഷമായി കുറഞ്ഞു.

ഉപകരണങ്ങളുടെ ആയുസ്സ് കൂട്ടുന്നത് വ്യാപാരതാൽപ്പര്യത്തിന് അനുഗുണമല്ലാത്തതിനാൽ ഉൽപ്പാദകർ ആസൂത്രിതമായ കാലഹരണപ്പെടുത്തൽ (ഓബ്‌സോലിസെൻസ്) ഉല്‍പ്പന്നങ്ങളിൽ പ്രയോഗിക്കുന്നു. ഒരു ഉല്‍പ്പന്നം പുറത്തിറക്കുമ്പോൾ അൽപ്പകാലംകൊണ്ട് കാലഹരണപ്പെടുന്ന വിധത്തിലുള്ള രൂപകല്‍പ്പന ചെയ്യുന്നതിനെയാണ് ആസൂത്രിതകാലഹരണപ്പെടുത്തൽ എന്ന് പറയുന്നത്. ഒരു നിശ്ചിതസമയത്തിനുള്ളിൽ ഉല്‍പ്പന്നത്തിന്റെ മരണം ഉറപ്പാക്കുന്നു. ദീർഘകാലം നിലനിൽക്കുന്ന ഉപകരണങ്ങൾ ബിസിനസ്സിലെ ദുരന്തമായി കണക്കാക്കപ്പെടുന്നു.

ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ പുറത്തിറങ്ങുന്ന ഉപകരണങ്ങളുടെ വലിപ്പം കുറയുന്നുവെങ്കിലും ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നതുകൊണ്ട് ഇ-മാലിന്യത്തിന്റെ അളവ് വർധിക്കുന്നു.

ആദ്യത്തെ കമ്പ്യൂട്ടറിന്റെ ഭാരം 50ടൺ ആയിരുന്നെങ്കിൽ ആപ്പിൾകമ്പനിയുടെ ഐപാഡിന്റെ ഭാരം 660ഗ്രാം മാത്രമാണ്. അത് വീണ്ടും ഭാരം കുറഞ്ഞ് ഐഫോൺ ആയപ്പോൾ ഭാരം 110 ഗ്രാം ആയി. എല്ലാവരും ഒന്നു കൈക്കലാക്കാൻ ശ്രമിച്ചു. അങ്ങനെ മൊബൈൽഫോൺ കൂടുതൽ ജനങ്ങളിലേക്കെത്തി. മൊബൈൽഫോൺ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചപ്പോൾ വില 25,000രൂപയായിരുന്നു. ഇപ്പോൾ വില ആയിരം രൂപയോ അതിൽ താഴെയോ ആയി. സ്മാർട്ട്‌ഫോണിന്റെ വിലയാകട്ടെ 4000-5000 രൂപയിലേക്ക് ഒതുങ്ങി. മൊബൈൽഫോൺ താഴേത്തട്ടിലേക്ക് എത്താൻ ഈ വിലക്കുറവ് സഹായിച്ചു. കേടുപാടുപോക്കൽ അസാധ്യമാക്കുന്ന ഉപകരണങ്ങൾ ഇറക്കുന്നതും കേടുവന്നത് നന്നാക്കാന്‍ തയാറാവാത്തതും വൻതോതിൽ ഇ-മാലിന്യം പുറത്തുവരാൻ ഇടയാക്കി.

മധ്യവർഗത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നത് കൂടുതൽ ഡിജിറ്റൽ ഉപകരണങ്ങൾ വിറ്റഴിക്കാൻ കാരണമായി. ഉയരുന്ന ഗാർഹികവരുമാനവും അത്യാവശ്യച്ചെലവ് കഴിച്ച് മാറ്റിവയ്ക്കാവുന്ന വരുമാനത്തിന്റെ വർധനയും ആഗോള ഉപഭോക്തൃ ഇലക്ട്രോണിക്, ഇലക്ട്രിക്കൽ വിപണിയുടെ വളർച്ചയ്ക്ക് സഹായിച്ചു. പുതിയത് എപ്പോഴും നല്ലതെന്ന് കരുതുന്ന മധ്യവർഗം പഴയത് വലിച്ചെറിഞ്ഞ് പുതിയത് കരസ്ഥമാക്കുന്നു.

ഇ-മാലിന്യത്തിന്റെ ഉൽഭവം
ഈ മാലിന്യത്തിന്റെ ആഗോളതലത്തിലുള്ള ഉൽഭവത്തിന്റെ പ്രാമാണികമായ പുതിയ കണക്ക് 2020 ജൂലൈയിലെ “ആഗോള ഇ-മാലിന്യ വസ്തുതാ പഠനം -2020” (ദി ഗ്ലോബൽ ഇ-വേസ്റ്റ് മോണിറ്റർ 2020) വഴിയാണ് പുറത്തു വന്നത്. ഐക്യരാഷ്ട്രസഭയുടെ സ്വയംഭരണ സ്ഥാപനമായ യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റി, ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ, ഇന്റർനാഷണൽ സോളിഡ് വേസ്റ്റ് അസ്സോസ്സിയേഷൻ എന്നിവ ചേർന്നാണ് ഈ റിപ്പോർട്ട് തയാറാക്കിയത്. ഈ റിപ്പോർട്ട് അനുസരിച്ച് 2019ൽ 53.6 ദശലക്ഷം ടൺ ഇ-മാലിന്യം ആഗോളതലത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ആഗോള വാർഷിക ആളോഹരി ഉൽപ്പാദനം 7.3കിലോഗ്രാം ആയിരുന്നു. ആകെയുള്ള മാലിന്യത്തിന്റെ 17.4ശതമാനം മാത്രമേ ശേഖരിക്കുകയും ശാസ്ത്രീയമായി സംസ്‌കരിക്കുകയും ചെയ്തിട്ടുള്ളൂ. പുനഃചംക്രമണം ചെയ്യാത്ത 82.6 ശതമാനം, മാലിന്യക്കൂമ്പാരങ്ങളിൽ നിക്ഷേപിക്കപ്പെടുകയോ വൻമാലിന്യനിറ (ലാന്റ്ഫിൽ)കളിൽ കൊണ്ടിടുകയോ, മാലിന്യദഹനചൂള (ഇൻസിനറേറ്റർ)കളിൽ കത്തിക്കുകയോ ചെയ്യപ്പെട്ടു. ഇതുകൂടാതെ പരിസ്ഥിതിക്കും ആരോഗ്യത്തിനു പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പ്രാകൃതവും അശാസ്ത്രീയവുമായ അനൗപചാരിക പുനഃചക്രമണവും വ്യാപകമായി.

2020ലെ ഈ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ വാർഷിക ഇ-മാലിന്യ ഉൽപ്പാദനം 3.23ദശലക്ഷം ടണ്ണും, വാർഷിക ആളോഹരി ഉൽപ്പാദനം 2.4കിലോഗ്രാമും ആയിരുന്നു. 1,64,663ടൺ ഇ-മാലിന്യം 2019ൽ പുനഃചംക്രമണം ചെയ്തതായി ഗവൺമെന്റ് രേഖകൾ വ്യക്തമാക്കുന്നു. അതായത് 5ശതമാനം ഇ-മാലിന്യം മാത്രമെ 2019ൽ പുനഃചംക്രമണം ചെയ്തിട്ടുള്ളൂ. ബാക്കിവരുന്ന 95ശതമാനം മാലിന്യക്കൂമ്പാരങ്ങളിലേക്കും വൻമാലിന്യനിറകളിലേക്കും പൊളിച്ചെടുക്കൽ കേന്ദ്രങ്ങളിലേക്കും പോകുന്നു. കാര്യക്ഷമത ഏറ്റവും കുറഞ്ഞ പ്രാകൃതസാങ്കേതികവിദ്യ ഉപയോഗിച്ച് കോപ്പർ, ഗോൾഡ് എന്നിവ വീണ്ടെടുത്തതിനുശേഷം അവശിഷ്ടങ്ങൾ മണ്ണിലേക്കും കുഴികളിലേക്കും പുഴകളിലേക്കും ഒഴുക്കിക്കളയുന്നു.

കേരളത്തിൽ 2019ൽ 82,565ടൺ ഇ-മാലിന്യം ഉൽപ്പാദിപ്പിക്കപ്പെട്ടിട്ടുണ്ട് (കേരളത്തിലെ പ്രതിശീർഷ ഉൽപ്പാദനക്കണക്കുകൾ ലഭ്യമല്ല. 2020ലെ റിപ്പോർട്ടിലുള്ള ഇന്ത്യയുടെ പ്രതിശീർഷ ഉൽപ്പാദനം ആസ്പദമാക്കി കണക്കാക്കിയത്). 2000 മുതൽ 2019വരെ 20വർഷംകൊണ്ട് കേരളത്തിൽ ഉണ്ടായത് 4,63,000ടൺ ഇ-മാലിന്യമാണ്. കേരളത്തിൽ 2019വരെ സംഭവിച്ചത് 2350ടൺ ഇ-മാലിന്യം മാത്രമാണ്.

ഇ-മാലിന്യം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ
ഇ-മാലിന്യം സൃഷ്ടിക്കുന്ന പരിസരമലിനീകരണം അസുഖങ്ങൾക്കും ശാരീരികവൈകല്യങ്ങൾക്കും മരണത്തിനുവരെയും കാരണമാകുന്നു. ഇവയിലെ മാരകപദാർഥങ്ങൾ മനുഷ്യാവയവങ്ങളായ ശ്വാസകോശം, വൃക്ക, മസ്തിഷ്‌കം, ചർമം, കരൾ, ഹൃദയം, അസ്ഥി, ആമാശയം, ഗർഭാശയം എന്നിവയെ ബാധിക്കുന്നു. കാഡ്മിയം, ആർസെനിക്ക്, ഷഡ്ബലകക്രോമിയം എന്നിവ കാൻസർകാരികളുമാണ്. ഇവ മനുഷ്യാവയവങ്ങളെ കൂടാതെ, നാഡീവ്യവസ്ഥ, രോഗപ്രതിരോധശക്തി, രക്തപര്യയനവ്യൂഹം, പ്രത്യുല്‍പ്പാദനവ്യവസ്ഥ, ലൈംഗികപുഷ്ടി എന്നീ ശരീരവ്യവസ്ഥകളെയും മാനസികാരോഗ്യത്തെയും അപകടകരമായി ബാധിക്കുന്നു. ഇ-മാലിന്യത്തിലെ ഹാനികരമായ പദാർഥങ്ങൾ, അവയുടെ സ്രോതസ്സ്, സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവ പട്ടിക-1ൽ കൊടുത്തിരിക്കുന്നു.

പുനഃചംക്രമണം (നാഗരികഖനനം) എന്തുകൊണ്ട്?
ഇ-മാലിന്യത്തിലെ ഉപയോഗപ്പെടുത്താൻ കഴിയുന്ന ഘടകങ്ങളെയും പദാർഥങ്ങളെയും വീണ്ടെടുക്കുന്നതിനെയാണ് പുനഃചംക്രമണം എന്ന് പറയുന്നത്. ഇ-മാലിന്യത്തിലെ വിലകൂടിയ ലോഹങ്ങളായ ഗോൾഡ്, സിൽവർ, കോപ്പർ, പല്ലേഡിയം, പ്ലാറ്റിനം മുതലായവയും ഹാനികരമായ പദാർഥങ്ങളായ ലെഡ്, മെർക്യുറി,ക്രോമിയം (ഷഡ്ബാലകം), കാഡ്മിയം മുതലായവയും പുനഃചംക്രമണം ചെയ്ത് പുതിയ ഉപകരണങ്ങളുടെ ഉൽപ്പാദത്തിന് ഉപയോഗിക്കുന്നു. ഇ-മാലിന്യത്തിൽനിന്ന് ലോഹങ്ങളും പ്ലാസ്റ്റിക്കുകളും മറ്റുപദാർഥങ്ങളും വീണ്ടെടുക്കുന്നതിനെ നാഗരികഖനനം എന്നുപറയുന്നു. പ്രധാനമായും നഗരങ്ങളെയും നഗരസമീപപ്രദേശങ്ങളെയും കേന്ദ്രീകരിച്ചാണ് ഇ-മാലിന്യം കാണപ്പെടുന്നത് എന്നതുകൊണ്ടാണ് നാഗരികഖനനം എന്നുപറയുന്നത്.

പരമ്പരാഗത ഖനനത്തിൽ ഉണ്ടാവുന്ന ഉയർന്ന ഊർജോപയോഗം, പരിസരമലിനീകരണം, ജൈവവൈവിധ്യനാശം, വനനശീകരണം, മനുഷ്യാവകാശലംഘനം എന്നീ പ്രശ്നങ്ങൾ നാഗരികഖനനംവഴി വലിയൊരളവുവരെ പരിഹരിക്കപ്പെടുന്നു. കാലാവസ്ഥാവൃതിയാനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങളുടെ 40ശതമാനവും പരമ്പരാഗതഖനനത്തിൽ നിന്നാണ് ഉണ്ടാകുന്നത്. ഒരുടൺ ഗോൾഡ് ഉൽപ്പാദിപ്പിക്കുമ്പോൾ 10,000ടൺ കാർബൺഡയോക്സൈഡ് ബഹിർഗമിക്കുന്നു. ഖനനത്തിന് ഒരുടൺ സ്‌ഫോടകവസ്തു ഉപയോഗിക്കുമ്പോൾ 40-50ക്യൂബിക്‌മീറ്റർ നൈട്രജൻ ഓക്‌സൈഡും വൻതോതിൽ പൊടിപടലങ്ങളും വായുവിൽ എത്തുന്നു. പ്രാഥമിക ലോഹസംസ്‌കരണത്തിലും സള്‍ഫർ ഡയോക്‌സൈഡ്, കാർബൺഡയോക്‌സൈഡ്, കാർബൺമോണോക്‌സൈഡ് എന്നിവ പുറത്തുവരുന്നുണ്ട്.

ലോഹങ്ങൾ ഇ-മാലിന്യത്തിൽനിന്ന് വേർതിരിച്ചെടുക്കുന്നതിന് ഊർജം കുറവു മാത്രമെ ആവശ്യമുള്ളൂ. പരമ്പരാഗത ഖനനത്തെ അപേക്ഷിച്ച് ശരാശരി 75ശതമാനം ഊർജം ലഭിക്കുന്നു. അലുമിനിയം ഇ-മാലിന്യത്തിൽനിന്ന് വേര്‍തിരിച്ചെടുക്കുമ്പോൾ ബോക്‌സൈറ്റ് അയിരിൽനിന്ന് എടുത്തതിനേക്കാൾ 94ശതമാനം കുറവ് ഊർജംമതി. അമേരിക്കയിലെ ഇൻവിയോണ്‍മെന്റൽ പ്രൊട്ടെക്ഷൻ ഏജൻസിയുടെ കണക്ക് അനുസരിച്ച് പുനഃചംക്രമണംവഴി സ്റ്റീൽ ഉൽപ്പാദിപ്പിക്കുമ്പോൾ വായുമലിനീകരണം 86ശതമാനവും ജലമലിനീകരണം 76ശതമാനവും ജലോപയോഗം 40ശതമാനവും കുറയുന്നു. പരമ്പരാഗതഖനനത്തിന് ഉപയോഗിക്കുന്ന ആസിഡും മറ്റുഹാനികരമായ രാസപദാർഥങ്ങളും ഭൂഗർഭജലത്തെയും ഉപരിജലത്തെയും മലിനമാക്കുന്നു. ഇത് മത്സ്യബന്ധനത്തെയും കൃഷിയെയും ഗാർഹികാവശ്യങ്ങൾക്കുള്ള ജലവിതരണത്തെയും ബാധിക്കുന്നു. സസ്യവർഗങ്ങളുടെയും ജന്തുജാലങ്ങളുടെയും നിലനിൽപ്പുതന്നെ ചോദ്യംചെയ്യപ്പെടുന്നു. 2010ൽ നൈജീരിയയിലെ സാംഫാറയിലെ സ്വർണഖനനത്തിന് ഉപയോഗിച്ച മാരകവസ്തുവായ സയനൈഡ് കുടിവെള്ളത്തിൽ കലരുകവഴി 400കുട്ടികളാണ് മരിച്ചത്. പലലോഹങ്ങളും കാണപ്പെടുന്നത് വനമേഖലയിലാണ്. ഖനനം വനങ്ങൾ നശിക്കുന്നതിനും വന്യജീവികളുടെ എണ്ണം കുറയ്ക്കുന്നതിനും കാരണമാണ്.

കഴിഞ്ഞ 50കൊല്ലംകൊണ്ട് നാം ഭൂമിയിൽനിന്നും ഊറ്റിയെടുക്കുന്ന പദാർഥങ്ങൾ മൂന്നിരട്ടിയായി. നാം ഉപയോഗിക്കുന്ന പ്രകൃതിവിഭവങ്ങൾ 94ശതമാനവും പുനരാവർത്തനക്ഷമമല്ല. ഭൂമിയിലെ പരിമിതമായ വിഭവങ്ങൾ നാം ഉപയോഗിച്ചുതീർക്കുകയായിരുന്നു. ഇന്നത്തെ നിരക്കിൽ ഉപയോഗിക്കു കയാണെങ്കിൽ കോബാൾട്ട് 5 വർഷവും ഇൻഡിയം 10 വർഷവും ലിഥിയം 16 വർഷവും മാത്രമെ ഭൂമിക്കടിയിൽ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് ഇ-മാലിന്യത്തിൽനിന്നുള്ള ലോഹനിഷ്കർഷണം നമ്മുടെ മുഖ്യഅജണ്ടയായിരിക്കണം. 2020 ടോക്കിയോ ഒളിമ്പിക്‌സിന് ആവശ്യമായ 5000ൽപ്പരം ഗോൾഡ്, സിൽവർ, ബ്രോൺസ് മെഡലുകൾ 75 ദശലക്ഷം ഇ-മാലിന്യത്തിൽനിന്ന് പുനഃചംക്രമണം ചെയ്താണ് നിർമിച്ചത്. ഇ-മാലിന്യത്തിൽനിന്ന് ലോഹങ്ങളും പ്ലാസ്റ്റിക്കും മറ്റുപദാർഥങ്ങളും പുനഃചംക്രമണം ചെയ്യുമ്പോൾ ഭൂമിക്കടിയിലുള്ള ഖനിജവസ്തുക്കളും ഖനിജഇന്ധനങ്ങളും ഭാവിതലമുറയ്ക്കുവേണ്ടി മാറ്റിവയ്ക്കാൻ നമുക്ക് സാധിക്കുന്നു. ഇത് സുസ്ഥിരവികസന ലക്ഷ്യങ്ങളെ പ്രാവർത്തികമാക്കാൻ സഹായിക്കുന്നു.

പുനഃചംക്രമണപദ്ധതികൾ
ഇ-മാലിന്യം പുനഃചക്രമണം ചെയ്യുന്നതിന് പ്രധാനമായും മൂന്നുപ്രക്രിയകൾ ഉപയോഗിക്കുന്നു. 1) യാന്ത്രിക പുനഃചംക്രമണം 2) ദ്രവലോഹസംസ്കരണം 3) താപലോഹസംസ്കരണം. യാന്ത്രികപുനഃചംക്രമണ പ്രക്രിയയിൽ ടെലിവിഷൻ, ഫ്രിഡ്ജ്, എയർകണ്ടീഷനർ, കമ്പ്യൂട്ടർ എന്നിവയിൽനിന്ന് ഇരുമ്പും സ്റ്റീലും ഇരുമ്പിതരലോഹങ്ങളായ കോപ്പർ, അലുമിനിയം, ഗോൾഡ്, സിൽവർ, ലെഡ്, സിങ്ക് മുതലായവയും അസംസ്കൃതരൂപത്തിൽ ലഭിക്കുന്നു. ഗ്ലാസ്സ്, പ്ലാസ്റ്റിക് എന്നിവയും വേർതിരിക്കപ്പെടുന്നു.

പരിസ്ഥിതിയെയും ആരോഗ്യത്തെയും ഹനിക്കുന്ന ക്ലോറോഫ്‌ളൂറോകാർബൺ വാതകങ്ങൾ ഫ്രിഡ്ജിൽനിന്നും വാക്വം ഉപയോഗിച്ച് വലിച്ചെടുത്ത് പ്രത്യേകം സംഭരിക്കുന്നു. യാന്ത്രികപുനഃചംക്രമണപ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം ഹാമർമിൽ, ഷ്‌റെഡ്ഡർ എന്നിവ ഉപയോഗിച്ച് ഇ-മാലിന്യത്തെ ചെറുകഷണങ്ങൾ ആക്കുക എന്നതാണ്. അതിനുശേഷം ശക്തിയേറിയ കാന്തം ഉപയോഗിച്ച് അയൺ, സ്റ്റീൽ എന്നിവയെ വേർതിരിക്കുന്നു. എഢ്ഡികറന്റ് പ്രക്രിയയിലൂടെ അസംസ്‌കൃതരൂപത്തിലുള്ള അലുമിനിയം, കോപ്പർ, സിൽവർ, സിങ്ക്, ലെഡ് എന്നിവ ലഭിക്കുന്നു. സാന്ദ്രതയനുസരിച്ച് വിവിധപ്ലാസ്റ്റിക്കുകളെ വേർതിരിച്ചെടുക്കുന്നു.

ദ്രവലോഹസംസ്‌കരണപ്രക്രിയയിൽ ഊറ്റുലായകങ്ങളായ അക്വാറീജിയ, നൈട്രിക് ആസിഡ്, സള്‍ഫ്യൂറിക് ആസിഡ്, സയനൈഡ്, തയോസൽഫേറ്റ്, തയോയൂറിയ എന്നിവ ഉപയോഗിച്ച് ദ്രാവകരൂപത്തിലാണ് രാസപ്രവർത്തനങ്ങൾ നടക്കുന്നത്. ബാറ്ററികൾ പൊടിരൂപത്തിലാക്കി ലിഥിയം, നിക്കൽ, കോമ്പാൾട്ട്, മാംഗനീസ്, കോപ്പർ, അലുമിനിയം എന്നിവയും ദ്രവലോഹസംസ്‌കരണംവഴി വേർതിരിക്കുന്നുണ്ട്.

താപലോഹസംസ്‌കരണപ്രക്രിയയിൽ താപം ഉപയോഗിച്ചാണ് ലോഹങ്ങളെ നിഷ്‌കർഷിക്കുന്നത്. അയിരുരുക്കുചൂളകൾ ഇതിനായി ഉപയോഗിക്കുന്നു. ലോഹങ്ങളുടെ പരിശുദ്ധിക്കുവേണ്ടി ഇലക്‌ട്രോലോഹസംസ്‌കരണപ്രക്രിയയും ഉപയോഗി ക്കുന്നു. താപലോഹപ്രക്രിയയിൽ ലെഡ്, ആന്റിമണി, ആർസെനിക്ക്, പല്ലേഡിയം, ഇൻഡിയം, ലിഥിയം, കാഡ്മിയം തുടങ്ങി ലോഹങ്ങൾ വേർതിരിക്കപ്പെടുന്നു.

ഇ-മാലിന്യത്തിൽനിന്ന് ഹാനികരവും ഉപയോഗപ്രദവുമായ ലോഹങ്ങൾ വേർതിരിക്കുന്ന പ്രക്രിയ ചിത്രം-1-ല്‍ വിശദീകരിക്കുന്നു.


ചാക്രികസമ്പദ്‌വ്യവസ്ഥ
ധാതുക്കൾ കുഴിച്ചെടുക്കുക, ശുദ്ധീകരിക്കുക, ഉല്‍പ്പന്നം നിർമിക്കുക, ഉപയോഗിക്കുക, ഇ-മാലിന്യം കുഴിച്ചുമൂടുക അല്ലെങ്കിൽ കത്തിക്കുക എന്നതാണ് നേർരേഖാ സമ്പദ്‌വ്യവസ്ഥയുടെ (ലിനിയർ ഇക്കോണമി) അടിസ്ഥാനം. ഇത് പരിസരമലിനീകരണവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. ചാക്രികസമ്പദ്‌വ്യവസ്ഥ (സർക്യുലർ ഇക്കോണമി) ഒരു സംവൃതവലയമാണ്. അതിലെ കണ്ണികൾ ഉൽപ്പാദനം, പരിവർജനം, ഉപഭോഗം, പുനരുപയോഗം, പുനരുദ്ധാരണം, പുനഃചംക്രമണം, ഹരിതരൂപകൽപ്പന എന്നിവയാണ്. ചാക്രികസമ്പദ്‌വ്യവസ്ഥയുടെ സംവൃതവലയം ചിത്രം.2ൽ കാണിച്ചിരിക്കുന്നു.

ഏറെ ഊർജവും മാരകരാസപദാർഥങ്ങളും ഉപയോഗിച്ച് നിർമിച്ചശേഷം ഇലക്‌ട്രോണിക് ഉപകരണങ്ങൾ കുറച്ചുകാലംമാത്രം ഉപയോഗിച്ച് വലിച്ചെറിയലല്ല ചാക്രികസമ്പദ്‌വ്യവസ്ഥയിലുള്ളത്.

അത്യാവശ്യമല്ലെങ്കിൽ പുതിയ ഉപകരണങ്ങൾ ഒഴിവാക്കുക എന്നതാണ് ഇ-മാലിന്യം കുറയ്ക്കുന്നതി നുള്ള ആദ്യനടപടി. ഒരാളുടെ ഉപയോഗം കഴിഞ്ഞാൽ മറ്റുള്ളവർക്ക് ദാനംചെയ്ത് വീണ്ടും ഉപയോഗിക്കാൻ അവസരമുണ്ടാക്കണം. പ്രവർത്തന രഹിതമായ ഉപകരണങ്ങൾ കേടുപോക്കി പുനരുപയോഗിക്കണം. ഉപകരണം കേടുവന്നാൽ പുനഃചംക്രമണം ചെയ്ത് ലഭിക്കുന്ന ഘടകങ്ങളോ പുത്തൻഘടകങ്ങളോ പുതിയ സോഫ്റ്റ്‌വെയറോ ഉപയോഗിച്ച് പുനരുദ്ധാരണം നടത്തണം. ഇങ്ങനെ ഉപകരണങ്ങൾ ദീർഘകാലം ഉപയോഗിക്കുകവഴി ഇ-മാലിന്യം സൃഷ്ടിക്കപ്പെടുന്നില്ല. ഇതെല്ലാം കഴിഞ്ഞ് ഉപകരണം ഉപയോഗിക്കാൻ കഴിയില്ലെങ്കിൽ പുനഃചംക്രമണം ചെയ്ത് ലോഹങ്ങളും പ്ലാസ്റ്റിക്കും വേർതിരിക്കുന്നു. ഈ സംവൃതവലയത്തിലൂടെ പദാർഥങ്ങൾ വീണ്ടും വീണ്ടും ഉപയോഗിക്കാൻ കഴിയുന്നു. അങ്ങനെ ഭൂമിയിലെ പരിമിതമായ അസംസ്കൃതവസ്തുക്കൾ ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കാൻ കഴിയുന്നു.

ചാക്രികസമ്പദ്‌വ്യവസ്ഥയിൽ ഇ-മാലിന്യം കുഴിച്ചുമൂടാനോ കത്തിച്ചുകളയാനോ ഉള്ള ഒന്നല്ല. പ്രത്യുത വിലയേറിയ ഒരു വിഭവമാണ്. വിഭവങ്ങളുടെ ഉപയോഗത്തിലും ഉപഭോഗത്തിലും സുസ്ഥിരത കൈവരിക്കാനുള്ള മാർഗമാണ് ചാക്രികസമ്പദ്‌വ്യവസ്ഥ. സുഖാനുഭോഗതൽപ്പരതയുടെ ‘വലിച്ചെറിയൽ’ സംസ്കാരത്തിനു പകരമായി സമുദ്ധാരണത്തിന്റെയും പുനരുജ്ജീവനത്തിന്റെയും മാർഗങ്ങളാണ് ചാക്രിക സമ്പദ്‌വ്യവസ്ഥ മുന്നോട്ടുവയ്ക്കുന്നത്.

അന്താരാഷ്ട്ര ബാസൽ ഉടമ്പടി
1989ൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്വിറ്റ്‌സർലണ്ടിലെ ബാസലിൽ ഒരു അന്താരാഷ്ട്രസമ്മേളനം നടന്നു. വ്യവസായവൽകൃതരാജ്യങ്ങളിൽ നിന്ന് വികസ്വരരാജ്യങ്ങളിലേക്ക് ഹാനികരമായ മാലിന്യങ്ങൾ കയറ്റി അയയ്ക്കുന്നത് തടയുക എന്നതായിരുന്നു സമ്മേളനത്തിലെ മുഖ്യവിഷയം. അക്കൊല്ലം ബാസൽ ഉടമ്പടി നിലവിൽവന്നു. 1992ൽ ബാസൽ ഉടമ്പടി പ്രാബല്യത്തിലായി. 170 രാജ്യങ്ങൾ ഈ ഉടമ്പടിയിൽ ഒപ്പുവച്ചിട്ടുണ്ട്.

1992ൽ ഗ്രീൻപീസ് ഇന്റർനാഷണൽ എന്ന ഗവൺമെന്റിതര സംഘടന ‘വിഷം വിതയ്ക്കുന്ന കോളനിവൽക്കരണ’ത്തിന് എതിരായി ശബ്ദിക്കാൻ തുടങ്ങി. വികസിത-വ്യവസായവൽക്കൃത രാജ്യങ്ങൾ തങ്ങളുടെ ഇ-മാലിന്യം അവികസിതരാജ്യങ്ങളിൽ ഉപേക്ഷിക്കാൻ കാട്ടുന്ന പ്രവണത ബാസൽ ആക്ഷൻ നെറ്റ്‌വർക്ക് പുറത്തുകൊണ്ടുവന്നു.

സമ്പന്നരാജ്യങ്ങളിൽ പരിസ്ഥിതി നിയമങ്ങൾ കർശനമാക്കിയപ്പോൾ ചെലവേറിയ മാലിന്യസംസ്‌കരണ പദ്ധതികൾ ആവശ്യമായിവന്നു. ഇത് ഒഴിവാക്കാനായി ഇ-മാലിന്യം മറ്റു പലപേരും പറഞ്ഞു സൂത്രത്തിൽ ദരിദ്രരാജ്യങ്ങളെ അടിച്ചേൽപ്പിച്ചു.

പരിസരമലിനീകരണത്തെക്കുറിച്ച് ശക്തമായ നിയമങ്ങൾ ഇല്ലാത്തതുകൊണ്ടും വികസ്വരരാജ്യങ്ങളിലെ ദുർബലഭരണസംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയും പണംകാട്ടി പ്രലോഭിപ്പിച്ചും സമ്പന്നരാജ്യങ്ങൾ മാരകമാലിന്യങ്ങൾ ദരിദ്രരാജ്യങ്ങളെ അടിച്ചേൽപ്പിച്ചു. ആ രാജ്യങ്ങളിലെല്ലാം ഗുരുതരമായ പരിസ്ഥിതി-ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇ-മാലിന്യം ലഭിച്ച രാജ്യങ്ങൾ അവ തല്ലിച്ചതച്ചും കത്തിച്ചും ഉരുക്കിയും ആസിഡ് ഉപയോഗിച്ച് വേർതിരിച്ചും അസംസ്കൃതരൂപത്തിൽ ലോഹങ്ങൾ ഉണ്ടാക്കി. മാരകവസ്തുക്കൾ അടങ്ങുന്ന അവശിഷ്ടങ്ങൾ മാലിന്യക്കൂമ്പാരം, പുഴ, കിണർ, മണ്ണ് എന്നിവയിലേക്ക് ഒഴുക്കി.

ഇ-മാലിന്യം ശാസ്ത്രീയമായും പരിസ്ഥിതിസൗഹൃദപരമായും കൈകാര്യം ചെയ്യുക, വികസ്വരരാജ്യങ്ങളിലേക്കുള്ള അനധികൃതമായ വ്യാപാരം തടയുക, ആഗോളതലത്തിൽ പുനഃചംക്രമണത്തി നുള്ള സാങ്കേതികശേഷി കെട്ടിപ്പടുക്കുക എന്നിവയായിരുന്നു ബാസൽ ഉടമ്പടിയുടെ ലക്ഷ്യങ്ങൾ.

2016-ലെ ഇ-മാലിന്യനിയന്ത്രണനിയമം
2016ൽ നിലവിൽ വന്നിട്ടുള്ള ഇ-മാലിന്യനിയന്ത്രണനിയമം [ഇ-വേസ്റ്റ് (മാനേജ്‌മെന്റ്) റൂൾസ്, 2016] ആണ് ഇന്ത്യയിലെ ഇ-മാലിന്യം നിയന്ത്രിക്കാനുള്ള പ്രസക്തമായ നിയമം. 2018ൽ ഈ നിയമത്തിന്റെ ഭേദഗതിയും നിലവിൽവന്നു. ഈ നിയമം നിർമാതാവിനും ഉൽപ്പാദകനും ഉപഭോക്താവിനും വ്യാപാരിക്കും ശേഖരണകേന്ദ്രങ്ങൾക്കും പുനഃചംക്രമണം നടത്തുന്നവർക്കും ബാധകമാണ്.

മലിനീകരണത്തിന് കാരണക്കാരൻതന്നെ പരിഹാരത്തിനുള്ള ചെലവും വഹിക്കണമെന്ന തത്വം അനുസരിച്ച് ഈ നിയമത്തിൽ അനുബന്ധ ഉൽപ്പാദക ഉത്തരവാദിത്വം (എക്സ്റ്റൻഡ് പ്രൊഡ്യൂസർ റെസ്‌പോൺസിബിലിറ്റി) ചേർത്തിരിക്കുന്നു. ആയുഷ്‌ക്കാലം കഴിഞ്ഞ ഉപകരണങ്ങളുടെ ശേഖരണം, പുനഃചംക്രമണം, നിർമാര്‍ജനം എന്നിവയുടെ ഉത്തരവാദിത്വം ഉൽപ്പാദകനാണ്.

ഉൽപ്പാദകന്റെ ഉത്തരവാദിത്വം വേറൊരു കക്ഷിയെ ഏൽപ്പിക്കാമെന്ന് 2016-ലെ നിയമം അനുശാസിക്കുന്നു. ഉത്തരവാദിത്വ ഉൽപ്പാദക സംഘടന (എക്സ്റ്റൻഡ് റെസ്‌പോൺസിബിലിറ്റി ഓർഗനൈസേഷൻ)യിലൂടെ ഇതു നടപ്പാക്കാം. ഉൽപ്പാദകർ ഒറ്റയ്‌ക്കോ മറ്റുള്ള ഉൽപ്പാദകരുമായി കൂട്ടായോ ആരംഭിക്കേണ്ടതാണ് ഈ സംഘടന. ഈ സംഘടനയുടെ ചെലവ് വഹിക്കേണ്ടത് ഉൽപ്പാദകരാണ്. 2018ൽ വന്ന ഇ-മാലിന്യനിയമഭേദഗതി അനുസരിച്ച് ഉത്തരവാദിത്വ-ഉൽപ്പാദക സംഘടന സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിൽ റെജിസ്റ്റർ ചെയ്തുപ്രവർത്തിക്കണം.

2016-ലെ ഇ-മാലിന്യ നിയന്ത്രണ നിയമത്തിൽ ഇലക്ട്രിക്കൽ-ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ഹാനികരമായ പദാർഥങ്ങളുടെ അനുവദനീയമായ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് ലെഡ്, മെർക്യുറി, ഷഡ്ബലക ക്രോമിയം, പോളിബ്രോമിനേറ്റഡ് ഡൈഫീനൈൽ ഈഥർ എന്നിവ 0.1 ഭാരശതമാനമായും കാഡ്മിയം 0.01 ഭാരശതമാനമായും സജാതീയ പദാർഥങ്ങളിൽ (ആകെ ഉപകരണത്തിലല്ല) അനുവദനീയമായ പരിധിയായി നിശ്ചയിച്ചിരിക്കുന്നു.

ഇ-മാലിന്യ പ്രശ്‌നംഎങ്ങനെ പരിഹരിക്കാം
ഇ-മാലിന്യ പ്രതിസന്ധി പരിഹരിക്കുന്നതിന് അഞ്ചുമാർഗങ്ങളാണ് ഉള്ളത്. അവ താഴെ വിവരിക്കുന്നു.

  • പരിവർജനം
    പുതിയ ഉപകരണങ്ങൾ അത്യാവശ്യം തന്നെയോ എന്ന് പുനർവിചിന്തനം ചെയ്ത് അത്യാവശ്യമില്ലെങ്കിൽ അവ വർജിക്കുക അഥവാ ഒഴിവാക്കുക. പരസ്യപ്രലോഭനങ്ങൾക്ക് കീഴ്‌പ്പെട്ടാണ് നാം പുതുപുത്തൻ ഉപകരണങ്ങൾ വാങ്ങാൻ നിർബന്ധിതരാവുന്നത്. ഏറ്റവും പുതിയതായി ഇറങ്ങുന്ന ഉപകരണങ്ങളോടുള്ള അമിതഭ്രമം ഒഴിവാക്കി ഉപയോഗം കുറയ്ക്കണം.
  • കേടുപോക്കൽ
    കേടുകൾപോക്കി ഉപകരണങ്ങൾ നന്നാക്കി എടുക്കുന്നത് ഉപകരണത്തിന്റെ ആയുസ് നീട്ടുന്നതിനും തദ്വാരാ ഇ-മാലിന്യം കുറെക്കാലത്തേക്ക് ഒഴിവാക്കുന്നതിനും സഹായിക്കും. കേടുവരുന്ന ഉപകരണങ്ങൾ വലിച്ചെറിയാതെ നന്നാക്കി ഉപയോഗിക്കുന്നത് പ്രകൃതിക്കും സുസ്ഥിരവികസന ത്തിനും നല്ലതാണ്. വലിയ കമ്പനികൾ അറ്റകുറ്റപ്പണി ചെയ്യാൻ തയാറാകാതെ പുതിയ മോഡലുകൾ വാങ്ങാൻ ജനങ്ങളെ നിർബന്ധിക്കുന്നു. യൂറോപ്യൻ യൂണിയൻ നടപ്പിലാക്കുന്ന ‘അറ്റക്കുറ്റപ്പണി ജനങ്ങളുടെ അവകാശം’ എന്ന നിയമം ഇന്ത്യയിലും നടപ്പാക്കണം.
  • പുനരുപയോഗം
    ഒരാളുടെ ഉപയോഗം കഴിഞ്ഞതിനുശേഷം കേടുവരാത്ത ഉപകരണം മറ്റുള്ളവർ വീണ്ടുംവീണ്ടും ഉപയോഗിക്കുന്നതിനെയാണ് പുനരുപയോഗം എന്ന് പറയുന്നത്. പുനരുപയോഗം ഉപകരണങ്ങളുടെ ആയുസ്സ് നീട്ടികൊണ്ടുപോവുകയും തദ്വാരാ ഇ-മാലിന്യത്തിന്റെ വരവ് അത്രത്തോളം കുറയ്ക്കുകയും ചെയ്യും. പുനരുപയോഗം ഒരു പരിസ്ഥിതി സൗഹൃദമാർഗമാണ്.
  • പുനരുദ്ധാരണം
    ഉപയോഗം കഴിഞ്ഞതും കേട്‌വന്നതുമായ മൊബൈൽഫോൺ, കമ്പ്യൂട്ടർ മുതലായ ഉപകരണങ്ങളിലെ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും പുതുക്കി മെച്ചപ്പെടുത്തുന്നതിനെയാണ് പുനരുദ്ധാരണം എന്നുപറയുന്നത്. ഇങ്ങനെ ഉപകരണങ്ങൾ ഇ-മാലിന്യമാവാതെ വീണ്ടും ഉപയോഗത്തിൽ കൊണ്ടുവരാൻ പുനരുദ്ധാരണം സഹായിക്കുന്നു. പുനരുദ്ധാരണത്തിൽ പുനഃചംക്രമണത്തിൽനിന്ന് കിട്ടുന്ന നല്ല ഘടകങ്ങളും ഉപയോഗിക്കുന്നു.
  • പുനഃചംക്രമണം
    പുനരുപയോഗത്തിന് പറ്റാത്തതും കേടുപോക്കൽ അസാധ്യവുമായ ഇ-മാലിന്യം പുനഃചംക്രമണം വഴി ഘടകഭാഗങ്ങളും ലോഹം, ഗ്ലാസ്സ്, പ്ലാസ്റ്റിക് മുതലായ പദാർഥങ്ങളും ആയി വേർതിരിക്കുന്നു. അവയെല്ലാം പുതിയ ഉല്‍പ്പന്നങ്ങളുടെ നിർമിതിക്ക് ഉപയോഗിക്കുന്നു. ഇങ്ങനെ പുനഃചക്രമണംവഴി വിഭവങ്ങൾ വീണ്ടും സമ്പദ്‌വ്യവസ്ഥയിലേക്ക് തിരിച്ചുവരുന്നു.

ഇ-മാലിന്യമെന്ന സുനാമി
ഭൂമിയിലെ പരിമിതമായ പദാർഥങ്ങളെ ആശ്രയിക്കുകയും മാരകമായ രാസപദാർഥങ്ങൾ ഉപയോഗിച്ച് ലോഹങ്ങൾ നിഷ്‌കർഷിക്കുകയും കാലാവസ്ഥാവ്യതിയാനത്തിനു കാരണമാകുന്ന ഊർജസ്രോതസ്സുകൾ ഉപയോഗിക്കുകയും ചെയ്ത് കുറച്ചുകാലം മാത്രം നിലനിൽക്കുന്ന ഉപകരണങ്ങൾ നിർമിക്കുന്നത് അപകടകരമാണെന്ന് ഗ്രീൻപീസ് ഇന്റർനാഷണൽ എന്ന അന്താരാഷ്ട്രസംഘടന മുന്നറിയിപ്പ് നൽകുന്നു.

2019ൽ സ്വിറ്റ്‌സർലണ്ടിലെ ഡാവോഡിൽ നടന്ന അന്താരാഷ്ട്രസമ്മേളനം ഇന്നത്തെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉൽപ്പാദന-വിപണന വ്യവസ്ഥയിൽ അടിമുടി മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

വലിയതോതിലുള്ള ഇ-മാലിന്യത്തിന്റെ ഉൽപ്പാദനവും പുനഃചംക്രമണ സംവിധാനങ്ങളുടെ അപര്യാപ്തതയും ഇ-മാലിന്യനിയന്ത്രണനിയമങ്ങൾ വേണ്ടുംവിധം നടപ്പാക്കാത്തതും കാരണം ലോകരാഷ്ട്രങ്ങൾ പ്രതിസന്ധിയെ നേരിടുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നൽകുന്നു. 5ജി നടപ്പാവുമ്പോൾ ഇ-മാലിന്യം സുനാമിപോലെ പ്രഹരം ഏൽപ്പിക്കുമെന്ന അപകടസൂചനയും ഐക്യരാഷ്ട്രസഭ നൽകുന്നുണ്ട്. ഡിജിറ്റവൽക്കരണപദ്ധതികളായ ഡിജിറ്റൽ ഇന്ത്യ, ഡിജിറ്റൽ കേരള എന്നിവ നടപ്പാക്കുമ്പോൾ ഇ-മാലിന്യസംസ്ക്കരണപദ്ധതികളും തത്തുല്യപ്രാധാന്യത്തോടെ നടപ്പാക്കണം.

(വി.കെ. ശശികുമാർ - 9946664027)