#

ചരിത്രം തിരുത്തിയ വിധിയും വിചാരണയും

ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ കാറും കോളും നിറഞ്ഞ കാലഘട്ടമായിരുന്നു 1921-22. കൊടുങ്കാറ്റുപോലെ മുംബൈയിൽ ആഞ്ഞുവീശിയ ഗാന്ധിതരംഗത്തിന് ദിശതെറ്റിയെന്ന ആരോപണങ്ങളും ആക്ഷേപങ്ങളുംകൊണ്ട് കലുഷിതമായിരുന്നു അന്തരീക്ഷം. ദേശീയബോധത്തിന്റെ വേലിയേറ്റത്തിൽ രാജ്യമെങ്ങും ചെറുതും വലുതുമായ നിരവധി സമരങ്ങൾ അരങ്ങേറി. മറുഭാഗത്ത് ബ്രിട്ടീഷ് സർക്കാരിന്റെ മർദനമുറകളും ശക്തിയാർജിച്ചു.

1921-ൽ വെയ്ൽസ് രാജകുമാരന്റെ ഭാരതസന്ദർശനം എരിതീയിൽ എണ്ണയൊഴിക്കുന്നമാതിരിയായി. ബഹിഷ്കരണത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തു. ഹർത്താൽ ആചരിക്കുന്നതിനുള്ള ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തു. എങ്ങും കരിങ്കൊടിയും ഹർത്താലും. കൊൽക്കത്തയടക്കം രാജകുമാരൻ സന്ദർശിച്ച സ്ഥലങ്ങളെല്ലാം വിജനമായത് ബ്രിട്ടീഷ് സർക്കാരിനെ വിറളിപിടിപ്പിച്ചു. മുംബൈയിൽ ഹർത്താൽ വിജയിച്ചെങ്കിലും അതിനെ പരാജയപ്പെടുത്താനുള്ള ചിലരുടെ കുതന്ത്രങ്ങൾ സാമുദായിക കലാപത്തിന് വഴിതെളിച്ചു. അത് ഗാന്ധിയെ നിരാശനാക്കി. നവംബർ 19ന് അദ്ദേഹം ഉപവാസം ആരംഭിച്ചു. അതിന് ഫലമുണ്ടായി. സമാധാനം പുനഃസ്ഥാപിക്കാനായതോടെ നവംബർ 22 ന് ഉപവാസം അവസാനിപ്പിച്ചു.

ഈ പശ്ചാത്തലത്തിലാണ് ഡിസംബറിൽ അഹമ്മദാബാദിൽ കോൺഗ്രസ് സമ്മേളനം നടന്നത്. അധ്യക്ഷനായി സി.ആർ.ദാസിനെ തിരഞ്ഞെടുത്തു. പക്ഷേ, അദ്ദേഹം ജയിലിലായതോടെ ചുമതല ഹക്കിം അജ്മൽഖാൻ ഏറ്റെടുത്തു. ചിത്തരഞ്ജൻദാസ് എഴുതി തയാറാക്കിയ അധ്യക്ഷ പ്രസംഗം വായിച്ചത് സരോജിനി നായിഡുവാണ്. ആ യോഗത്തിലാണ് നിയമലംഘനം എന്ന സമരാശയം ഗാന്ധി മുന്നോട്ടുവച്ചത്. ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യപ്രകടനത്തിനു പ്രതിബന്ധമായിനിൽക്കുന്ന എല്ലാ നിയമങ്ങളും ലംഘിക്കാനുള്ള ആഹ്വാനം ആറായിരം പ്രതിനിധികൾ പങ്കെടുത്ത യോഗം ഹർഷാരവത്തോടെ അംഗീകരിച്ചു.

പരാജയപ്പെട്ട അഖിലകക്ഷിയോഗം
പണ്ഡിറ്റ് മദൻമോഹൻ മാളവ്യയും മുഹമ്മദാലി ജിന്നയും മുൻകൈയെടുത്ത് സർക്കാരുമായി ഒത്തുതീർപ്പുണ്ടാക്കുന്നതിന് മുംബൈയിൽ അഖിലകക്ഷിയോഗം നടത്തി. സർ സി. ശങ്കരൻനായരായിരുന്നു അധ്യക്ഷൻ. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഗാന്ധി മാത്രമാണ് ആ യോഗത്തിൽ പ്രസംഗിച്ചത്. രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ചാൽ മാത്രമേ ഒത്തുതീർപ്പു ചർച്ചയ്ക്കുള്ളൂ എന്ന ഗാന്ധിയുടെ നിലപാട് വിവാദമായി. ശങ്കരൻനായർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പകരം സർ എം. വിശ്വേശ്വരയ്യർ അധ്യക്ഷനായി.

സമവായമെന്ന നിലയിൽ, ആലി സഹോദരന്മാരടക്കമുള്ള രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാൻ സർക്കാർ തയാറായാൽ ഒത്തുതീർപ്പുചർച്ചയാകാമെന്ന പ്രമേയം പാസ്സാക്കിയാണ് യോഗം പിരിഞ്ഞത്. അതുവരെ നിയമലംഘനസമരം നിർത്തിവയ്ക്കണമെന്ന് യോഗം കോൺഗ്രസിനോട് അഭ്യർഥിച്ചു. 1922 ജനുവരി 17 ന് മുംബൈയിൽ ചേർന്ന കോൺഗ്രസ്സ് യോഗം ആ നിർദേശം അംഗീകരിച്ചു. എന്നാൽ കൂടിയാലോചനയ്ക്ക് തയാറല്ലെന്ന് വൈസ്രോയ് പ്രഖ്യാപിച്ചതോടെ സൂറത്തിലെ ബർദോളിയിൽ സത്യഗ്രഹം ആരംഭിക്കാൻ ജനുവരി 22 ന് കോൺഗ്രസ്സ് തീരുമാനിച്ചു.

അതിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ഉത്തർപ്രദേശിലെ ചൗരിചൗരയിൽ അപ്രതീക്ഷിതമായി അക്രമസംഭവങ്ങൾ അരങ്ങേറിയത്. ഫെബ്രുവരി അഞ്ചിന് കോൺഗ്രസ്സ് പ്രവർത്തകരുടെ ജാഥയിൽ പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. അത് പൊലീസ്സ്റ്റേഷൻ തീവയ്പ്പിലും കൂട്ടക്കൊലപാതകത്തിലും കലാശിച്ചു. ഇതറിഞ്ഞ ഗാന്ധി ഞെട്ടിത്തരിച്ചു. പ്രായശ്ചിത്തമായി അഞ്ചുദിവസം ഉപവസിച്ചു.

ജനക്കൂട്ടത്തിന്റെ അക്രമപ്രവൃത്തികൾ നിയന്ത്രിക്കാനാകാത്തതുകാരണം ഫെബ്രുവരി 11 ന് അടിയന്തരയോഗം വിളിച്ചുചേർത്ത് ബർദോളി സത്യഗ്രഹം നിർത്തിവയ്ക്കണമെന്ന് ഗാന്ധി നിർദേശിച്ചു. അഹിംസാത്മകസമരം എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽനിന്നുള്ള വ്യതിയാനം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു, നിരാശനാക്കി. ഇതേച്ചൊല്ലി കോൺഗ്രസിനുള്ളിൽ അഭിപ്രായഭിന്നത രൂപം കൊണ്ടു.

ഗാന്ധിക്കെതിരായ പടയൊരുക്കം
സമരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായ സ്ഥിതിക്ക് അത് മാറ്റിവയ്ക്കുന്നതിനെ മോത്തിലാൽ നെഹ്രു, ലാലാ ലജ്പത് റായ്, ദേശബന്ധു ചിത്തരഞ്ജൻദാസ് ഉൾപ്പെടെയുള്ള നേതാക്കന്മാർ എതിർത്തു. അക്രമം പൂർണമായി ഇല്ലാതാകുന്ന സമയത്തിനുവേണ്ടിയാണ് സമരം മാറ്റിവയ്ക്കുന്നതെങ്കിൽ അതൊരിക്കലും നടക്കാൻ പോകുന്നില്ലെന്നതായിരുന്നു അവരുയർത്തിയ വാദം. എന്നാൽ ഗാന്ധിയുടെ തീരുമാനത്തെ തിരുത്താൻ അവർക്കായില്ല.

1922 ഫെബ്രുവരി 24 ന് ഡൽഹിയിൽ ചേർന്ന അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയിൽ ഗാന്ധിക്കെതിരായ പടയൊരുക്കം ശക്തമായി. ബാർദോളി സത്യഗ്രഹം നിർത്തിവയ്ക്കാനുള്ള തീരുമാനത്തിന്റെ പേരിൽ ഗാന്ധിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻപോലും നീക്കമുണ്ടായി. ഹക്കിം അജ്‌മൽഖാന്റെ അഭാവത്തിൽ ഗാന്ധിയാണ് ആ യോഗത്തിൽ ആധ്യക്ഷ്യം വഹിച്ചത്. എന്ത് അഭിപ്രായവും തുറന്നുപറയാൻ അദ്ദേഹം അംഗങ്ങളോട് ആവശ്യപ്പെട്ടു. ബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഗാന്ധിക്കെതിരെ ഏറ്റവുമധികം വിമർശനമുന്നയിച്ചത്.

അക്രമരാഹിത്യത്തിൽ വിശ്വാസമില്ലാത്തവർ പ്രസ്ഥാനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് ഉത്തമമെന്ന് ഗാന്ധി മറുപടി പ്രസംഗത്തിൽ പറഞ്ഞു. "ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുകയല്ല, തന്റെ ഉള്ളിലുള്ള വെളിച്ചത്തിനനുസരിച്ച് പ്രവർത്തിക്കുകയാണ് തന്റെ ദൗത്യ"മെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ സംഭവങ്ങളോടെ ദേശീയപ്രസ്ഥാനത്തിൽ ഗാന്ധിയുടെ സ്വാധീനം വൻതോതിൽ കുറഞ്ഞു എന്നു മനസ്സിലാക്കിയ ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ അറസ്റ്റുചെയ്ത് തുറുങ്കിലടയ്ക്കാൻ ഒരുക്കം നടത്തി.

അറസ്റ്റിനു വഴിയൊരുക്കിയ ലേഖനങ്ങൾ
ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയും അതേസമയം ഗവൺമെന്റിനെതിരെ ശക്തമായി ആഞ്ഞടിച്ചും യങ്ഇന്ത്യയിൽ പത്രാധിപക്കുറിപ്പുകളും ലേഖനങ്ങളും എഴുതി. കോൺഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ കൂടി മുതലെടുത്ത് ഗാന്ധിയെ അറസ്റ്റുചെയ്യാൻ തക്കംപാർത്തിരിക്കുകയായിരുന്ന സർക്കാരിന് ‘യങ്ഇന്ത്യ’യിൽ അദ്ദേഹമെഴുതിയ ലേഖനങ്ങൾ പിടിവള്ളിയായി.

ഡൽഹിയിലെ കോൺഗ്രസ്സ് യോഗം കഴിഞ്ഞ് മാർച്ച് 10 ന് ഗാന്ധി സബർമതി ആശ്രമത്തിലെത്തുമ്പോൾത്തന്നെ അറസ്റ്റ് സംബന്ധിച്ച ഊഹാപോഹങ്ങൾ നാടെങ്ങും പരന്നിരുന്നു. അത് പ്രതീക്ഷിച്ചതുപോലെയായിരുന്നു ഗാന്ധിയുടെ ഒരുക്കങ്ങളും. എന്നാൽ ആശ്രമങ്ങളിലെ ചിട്ടകൾക്കൊന്നും മാറ്റമുണ്ടായില്ല. വൈകുന്നേരം പതിവുപോലെ പ്രാർഥനയ്ക്കുള്ള മണിമുഴങ്ങിയപ്പോൾ ആശ്രമവാസികളെല്ലാം ഓടിക്കൂടി. എന്നാൽ പതിവിനു വിപരീതമായി ആശ്രമാന്തരീക്ഷം മ്ലാനമായി. തന്നെ അറസ്റ്റു ചെയ്യാനിടയുണ്ടെന്നും ആരും പ്രകോപിതരാവരുതെന്നും ഗാന്ധി പ്രാർഥനായോഗത്തിൽ മുന്നറിയിപ്പ് നൽകി.

പ്രാർഥനയ്ക്കുശേഷം അദ്ദേഹം പ്രധാന സഹായികളെ വിളിച്ച് ‘യങ്ഇന്ത്യ’യുടെ നടത്തിപ്പ് സംബന്ധിച്ച് നിർദേശങ്ങൾ നൽകി. അടിയന്തരമായി മറുപടി നൽകേണ്ട കത്തുകൾ വായിച്ച് മറുപടി എഴുതി. രാത്രി പത്തുമണിയോടെ ദേഹശുദ്ധി ചെയ്ത് വിശ്രമിക്കാൻ തുടങ്ങിയപ്പോഴേക്കും ആശ്രമത്തിന് പുറത്ത് കാലൊച്ചകൾ കേട്ടു. അദ്ദേഹം പുറത്തിറങ്ങി. പ്രതീക്ഷിച്ചപോലെ പൊലീസ് സൂപ്രണ്ടും ഏതാനും പൊലീസുകാരും. അറസ്റ്റുവാറണ്ട് കാട്ടി സൂപ്രണ്ട് തങ്ങളുടെ ദൗത്യം അറിയിച്ചു. താങ്കളുടെ സൗകര്യംപോലെ പുറപ്പെടാമെന്നും തങ്ങൾ കാത്തിരിക്കാമെന്ന് അവർ വിനയപൂർവം അദ്ദേഹത്തെ അറി യിച്ചു.

അപ്പോഴേക്കും ആശ്രമവാസികളെല്ലാം അവിടെ തടിച്ചുകൂടി. പലരും കരഞ്ഞു. ചിലർ അദ്ദേഹത്തിന്റെ പാദനമസ്കാരം ചെയ്തു. അവരെയെല്ലാം ആശ്വസിപ്പിച്ച് യാതൊരു ഭാവഭേദവുമില്ലാതെ അദ്ദേഹം പുറപ്പെടാനൊരുങ്ങി. വൈകാരിക പിരിമുറുക്കം കുറയ്ക്കാനാവും, ‘വൈഷ്ണവ ജനതോ’ ഭജന ചൊല്ലാൻ അദ്ദേഹം നിർദേശിച്ചു.

അതുകഴിഞ്ഞ് എല്ലാവരോടും യാത്രചൊല്ലി അദ്ദേഹം കസ്തുർബയ്‌ക്കൊപ്പം പൊലീസിന്റെ വാഹനത്തിൽ പുറപ്പെട്ടു. ഒരു ദോത്തി, രണ്ടു പുതപ്പ്, അഞ്ചു പുസ്തകങ്ങൾ - ഭഗവദ്ഗീത, രാമായണം, ഖുർആൻ, ക്രിസ്തുവിന്റെ പർവതപ്രസംഗം, ആശ്രമഭജനാവലി - എന്നിവ മാത്രമാണ് അദ്ദേഹം കൈയിലെടുത്തത്. സബർമതി ജയിലിലേക്കാണ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്. കസ്തുർബയെ ജയിലധികൃതർ അപ്പോൾത്തന്നെ തിരികെ ആശ്രമത്തിലെത്തിച്ചു. അതിനകം ‘യങ്ഇന്ത്യ’യുടെ പ്രസാധകരിലൊരാളായ ശങ്കർലാൽ ബാങ്കറെ അവർ അറസ്റ്റുചെയ്ത് ജയിലിലെത്തിച്ചിരുന്നു.

ഇന്ത്യയിലെത്തിയശേഷം മുമ്പ് രണ്ടുതവണ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഔപചാരികമായ ആദ്യ അറസ്റ്റും ജയിൽവാസവുമായിരുന്നു അത്. 1917 ഏപ്രിൽ 16 ന് ചമ്പാരനിൽ പര്യടനം നടത്തവെ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ജില്ല വിടാനുള്ള നോട്ടീസ് നൽകി വിട്ടയയ്ക്കുകയായിരുന്നു. 1919 ഏപ്രിൽ 10ന് അമൃത്‌സറിലേക്കുള്ള യാത്രയ്ക്കിടെ പൾവലിൽ വച്ച് കസ്റ്റഡിയിലെടുത്ത ഗാന്ധിയെ അടുത്തദിവസം തിരികെ മുംബൈയിലെത്തിച്ച് വിട്ടയച്ചു.

തൊഴിൽ കൃഷിയും നെയ്ത്തും
മഹാത്മാഗാന്ധിയെയും ശങ്കർലാൽ ബാങ്കറെയും പിറ്റേന്ന്, 1922 മാർച്ച് 11ന് ഐ.പി.സി 124- എ വകുപ്പു പ്രകാരം അഹമ്മദാബാദിലെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എൽ.എൻ. ബ്രൗൺ മുമ്പാകെ പ്രാഥമികവിചാരണയ്ക്ക് ഹാജരാക്കി. അവിടെ വ്യക്തിപരമായ കാര്യങ്ങൾ സംബന്ധിച്ച് ഗാന്ധി നൽകിയ മൊഴി കോടതിയെ അമ്പരപ്പിച്ചു. തൊഴിലിന്റെ സ്ഥാനത്ത് കൃഷിയും നെയ്ത്തും. ഗാന്ധി ഇംഗ്ലണ്ടിൽ നിന്ന് നിയമബിരുദമെടുത്ത ബാരിസ്റ്ററാണെന്ന കാര്യം എല്ലാവർക്കുമറിയാമായിരുന്നു. കേസ് രേഖയിൽ കാണുന്നതിപ്രകാരമാണ്:

1922-ലെ കേസ് നമ്പർ 1-ൽ പ്രതികൾ: 1.മോഹൻദാസ് കരംചന്ദ് ഗാന്ധി, വയസ് 53, ജാതി ഹിന്ദു വൈശ്യ, തൊഴിൽ : കൃഷിയും നെയ്ത്തും, താമസം : സബർമതി ആശ്രമം, 2. ശങ്കർ ലാൽ ഗേലാഭായ് ബാങ്കർ. വയസ് 32, ജാതി: ഹിന്ദു വൈശ്യ, തൊഴിൽ: ഭൂവുടമ, താമസം : ബോംബെയിലെ ചൗപാത്തി.

പ്രോസിക്യൂഷൻ സ്വന്തം ആരോപണങ്ങൾക്കനുകൂലമായി തെളിവുകൾ നിരത്തിയ ശേഷം മജിസ്ട്രേറ്റ് ഗാന്ധിയോട് ചോദിച്ചു:. "നിങ്ങളുടെ വാദം കേട്ട സമയത്ത് തെളിവുകൾ നൽകിക്കഴിഞ്ഞിട്ടുണ്ട്. അതേക്കുറിച്ച് നിങ്ങൾക്കെന്തെങ്കിലും പറയാനുണ്ടോ?''

ഉത്തരം: "ഉചിതമായ സന്ദർഭം വരുമ്പോൾ, സർക്കാരിന്റെ നേരെയുള്ള വിപ്രതിപത്തി സംബന്ധിച്ചിടത്തോളം ഞാൻ "കുറ്റക്കാരനാ"ന്നെന്ന് പറയുമെന്ന് മാത്രമേ എനിക്ക് ബോധിപ്പിക്കാനുള്ളൂ." യങ്ഇന്ത്യയുടെ പത്രാധിപർ ഞാനാണെന്നത് ശരിയാണ്. എന്റെ മുമ്പിൽ വച്ച് വായിച്ച ലേഖനങ്ങൾ ഞാൻ തന്നെ എഴുതിയവയാണ്. പത്രത്തെ മുഴുവൻ സമയവും നിയന്ത്രിക്കാൻ ഉടമസ്ഥരും പ്രസാധകരും എന്നെ അനുവദിച്ചിരുന്നു. ഇത്രമാത്രം."

ഒന്നാം നമ്പർ പ്രതി, പ്രതിഭാഗം സാക്ഷികളാരെയും വിളിക്കാനാഗ്രഹിച്ചില്ലെന്നും സെഷൻസ് കോടതിയിലെ വിചാരണ ഒട്ടും വൈകിക്കാതെ തുടരുന്നതിൽ അയാൾക്ക് എതിർപ്പൊന്നുമുണ്ടായിരുന്നില്ലെന്നും കോടതി നടപടി ക്രമത്തിൽ രേഖപ്പെടുത്തിയിരുന്നു.

രണ്ടാം നമ്പർ പ്രതി, പ്രതിഭാഗം സാക്ഷികളാരെയെങ്കിലും വിളിക്കാൻ വിസമ്മതിക്കുകയും കേസ് ഒട്ടും താമസിപ്പിക്കാതെ തീർപ്പാക്കാൻ കോടതിയോട് അപേക്ഷിക്കുകയും ചെയ്തു.

ലേഖനങ്ങൾ രാജ്യദ്രോഹം
മജിസ്ട്രേട്ട് 213 -ാം വകുപ്പു പ്രകാരം താഴെ ചേർക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചു.

"ഒന്നാം നമ്പർ പ്രതി പത്രാധിപരും രണ്ടാം നമ്പർ പ്രതി പ്രിന്ററുമായുള്ള "യങ് ഇന്ത്യ "യിൽ ഏതാനും ലേഖനങ്ങൾ പ്രസിദ്ധീകരിച്ച് പ്രതികൾ രാജ്യദ്രോഹം ശക്തിപ്പെടുത്തുന്നതായി ഇതിനാൽ കുറ്റപ്പെടുത്തുന്നു. ഉചിതമായ സമയത്ത് കുറ്റംചെയ്തതായി സമ്മതിക്കാനുള്ള ഉദ്ദേശ്യം ഇവർ വ്യക്തമാക്കിയിട്ടുണ്ട്."

എൻ.എൻ. ബ്രൗൺ എന്ന ഞാൻ, മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന നിങ്ങൾക്കെതിരേ താഴെ ചേർക്കുന്ന കുറ്റങ്ങൾ ചുമത്തുന്നു:

"നിങ്ങൾ 'യങ്ഇന്ത്യ' എന്ന പത്രത്തിന്റെ അധിപനെന്ന നിലയ്ക്ക് 1921 സെപ്തംബർ 21-ാം തിയതി അഥവാ അതോടടുപ്പിച്ച് 1921 ഡിസംബർ 15-ാം തീയതിയും, 1922 ഫെബ്രുവരി 23-ാം തീയതിയും അഹമ്മദാബാദിൽ വച്ച് ഈ കുറ്റാരോപണത്തിനുള്ള അനുബന്ധത്തിൽ അടങ്ങിയിട്ടുള്ള വാക്കുകൾ എഴുതുകയും ഈ വാക്കുകൾ മുഖേന രാജാവ് തിരുമനസ്സിനോട് അഥവാ ബ്രിട്ടീഷ് ഇന്ത്യയിൽ നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള സർക്കാരിനോട് വിദ്വേഷം അഥവാ അവജ്ഞ അഥവാ വിപ്രതിപത്തി സൃഷ്ടിക്കുകയോ അഥവാ അതിനു ശ്രമിക്കുകയോ ചെയ്യുകയും അതുവഴി ഇന്ത്യൻ പീനൽ കോഡിലെ 124- എ വകുപ്പു പ്രകാരം ശിക്ഷാർഹവും സെഷൻസ് കോടതിക്ക് വിചാരണ ചെയ്യാവുന്നതുമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളതിനാൽ, "നിങ്ങളെ മുകളിൽപ്പറഞ്ഞ കോടതി, മുകളിൽപ്പറഞ്ഞ കുറ്റങ്ങൾക്ക് വിചാരണ ചെയ്യണമെന്ന് ഞാൻ ഉത്തരവിടുന്നു... അപരാധം, എനിക്ക് സ്വയം ശിക്ഷ വിധിക്കാൻ വയ്യാത്ത വിധം ഗുരുതരമായതിനാൽ അവ സെഷൻസ് കോടതിക്ക് വിചാരണയ്ക്കായി നിർദേശിക്കുകയല്ലാതെ മറ്റു പോംവഴിയൊന്നുമില്ല.”

ഇന്ത്യൻ പീനൽകോഡിലെ 124 - എ വകുപ്പു പ്രകാരം ഗാന്ധിയും ബാങ്കറും 'അപരാധിക’ളാണെന്നു വിധിയെഴുതി കേസ് അഹമ്മദാബാദ് സെഷൻസ് കോടതിയിലേക്ക് മാറ്റുകയും സെഷൻസ് കോടതിയിൽ മാർച്ച് 18-ന് വാദം കേൾക്കുന്നതിനുള്ള തീയതിവരെ അവരെ സബർമതി ജയിലിൽ പാർപ്പിക്കുകയും ചെയ്തു.

ലോകം ഉറ്റുനോക്കിയ വിചാരണ
18-ന് അഹമ്മദാബാദിൽ ജില്ലാജഡ്ജിയുടെ മുന്നിലായിരുന്നു അന്തിമ കുറ്റവിചാരണ. അതിനായി സർക്കാരിന്റെ സർക്ക്യൂട്ട് ഹൗസ് കോടതിമുറിയായി പരിവർത്തനം ചെയ്തു.

ഭീതി പരത്തുന്ന അന്തരീക്ഷത്തിലായിരുന്നു സർക്ക്യൂട്ട് ഹൗസിലെ നടപടിക്രമങ്ങൾ. നഗരത്തിലെമ്പാടും പൊലീസും പട്ടാളവും. ജഡ്ജിയുടെ വസതി മുതൽ കോടതി മുറിവരെ സുരക്ഷാമതിൽ തീർത്ത് തോക്കേന്തിയ ഭടന്മാർ. പുലർച്ച മുതൽ ജനം കോടതിയിലേക്ക് ഒഴുകിത്തുടങ്ങിയിരുന്നു. പുറത്ത് വൻജനക്കൂട്ടം. അകത്ത് നിറയെ പൗരപ്രമുഖരും വിദേശ-ദേശീയ പത്രലേഖകരും അഭിഭാഷകരും.

ജനക്കൂട്ടത്തെ ചികഞ്ഞുമാറ്റി കൂപ്പുകൈയുമായി ഗാന്ധി കോടതിയിലേക്ക് പ്രവേശിക്കുമ്പോൾ ജയ്‌വിളികളും പ്രാർഥനാഗീതങ്ങളും അഭിവാദ്യങ്ങളും കൊണ്ട് അന്തരീക്ഷം വികാരനിർഭരമായി. ശാന്തരാകാൻ എല്ലാവരോടും അഭ്യർഥിച്ചുകൊണ്ട് അദ്ദേഹം പുഞ്ചിരിയോടെ നടന്നു നീങ്ങി.

ഗാന്ധി കോടതിയിൽ പ്രവേശിച്ച രംഗം ഒപ്പമുണ്ടായിരുന്ന സരോജിനി നായിഡു ഇങ്ങനെ വർണിച്ചു: "നിയമത്തിന്റെ മുന്നിൽ കുറ്റവാളിയായ, അതേസമയം കൃശഗാത്രനും പ്രശാന്തനും അല്‍പ്പവസ്ത്രധാരിയുമായ അജയ്യനായ മഹാത്മാഗാന്ധി, സമർപ്പിതസേവകരായ ശിഷ്യന്മാരും സഹകാരാഗൃഹവാസി ശങ്കർലാൽ ബാങ്കറുമൊന്നിച്ച് പ്രവേശിച്ച നിമിഷം മുഴുവൻ കോടതിയാകെ സ്വാഭാവികമായ ആദരപ്രകടനമെന്നോണം എഴുന്നേറ്റു നിന്നുപോയി. അടുത്തുനിന്ന എന്നോട് ആനന്ദദായകമായ മന്ദഹാസത്തോടെ അദ്ദേഹം ചോദിച്ചു: "വിധികേട്ട് ഞാൻ ഒരുപക്ഷേ തളർന്നു വീഴുകയാണെങ്കിൽ സഹായിക്കാൻ വേണ്ടിയാകും എന്റെയടുത്തു തന്നെ നിങ്ങൾ ഇരിക്കുന്നത്, അല്ലേ?" അങ്ങനെ ഇടയ്ക്കിടെ തമാശകൾ പൊട്ടിച്ചും വിവിധയിടങ്ങളിൽ നിന്ന് തങ്ങളുടെ സ്നേഹ ബഹുമാനങ്ങൾ പ്രകടിപ്പിക്കുന്ന തിനായി വന്നെത്തിയ നിരവധി സ്ത്രീപുരുഷന്മാരുടെ പരിചിതമുഖങ്ങൾ ചുറ്റും വീക്ഷിച്ചുകൊണ്ടും അദ്ദേഹം തുടർന്നു: "ഇത് ഇപ്പോൾ കുടുംബാംഗങ്ങളുടെ ഒത്തുചേരൽ പോലെയാണ്, നിയമക്കോടതിയല്ല."

കൃത്യം പന്ത്രണ്ടു മണിക്ക് ജസ്റ്റിസ് സി.എൻ ബ്രൂംഫീൽഡും മുംബൈ അഡ്വക്കേറ്റ് ജനറൽ ജെ.റ്റി സ്ട്രഞ്ചുമാനും തോക്കേന്തിയ ഭടന്മാരുടെ സുരക്ഷിത വലയത്തിൽ ഒരുമിച്ച് കാറിൽ കോടതിയിലെത്തി.

കുറ്റപത്രം
ഗാന്ധി ജഡ്ജിയെ കൈകൂപ്പി അഭിവാദ്യം ചെയ്തു. അദ്ദേഹം തിരിച്ചും. ഇരിപ്പിടത്തിലെത്തിയ ജഡ്ജി ഗാന്ധിക്കെതിരായ കുറ്റപത്രം വായിക്കാൻ അഡ്വക്കേറ്റ് ജനറലിനെ ക്ഷണിച്ചു. അത് വായിക്കാൻ തുടങ്ങുമ്പോഴേക്കും ജഡ്‌ജിയുടെ കണ്ണുകൾ പ്രതികരണമറിയാനെന്നവണ്ണം ഗാന്ധിയിൽ തറച്ചു. താടിക്ക് കൈകൊടുത്ത് മുഖപ്രസാദമില്ലാതെയാണ് ജഡ്ജി അതെല്ലാം കേട്ടിരുന്നതെന്ന് ദൃക്‌സാക്ഷികളായ പത്രലേഖകരെ ഉദ്ധരിച്ച് ഗാന്ധിയുടെ ജീവചരിത്രകാരനായ ഹരിഭാവു ഉപാധ്യായ രേഖപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിയാകട്ടെ, എല്ലാം പ്രതീക്ഷിച്ചമാതിരി നിർവികാരത്തോടെ അതെല്ലാം കേട്ടുകൊണ്ടുനിന്നു. കേസ് വാദിക്കാൻ അദ്ദേഹം അഭിഭാഷകരെ ഏർപ്പെടുത്തിയിരുന്നില്ല.

കുറ്റപത്രം തുടങ്ങുന്നതിങ്ങനെയാണ്: “1860-ലെ ഇന്ത്യൻ പീനൽ കോഡിലെ 124 - എ വകുപ്പിൻ കീഴിൽ ‘യങ്ഇന്ത്യ’ എന്ന വർത്തമാനപത്രത്തിന്റെ യഥാക്രമം പത്രാധിപരും പ്രിന്ററുമായ മോഹൻദാസ് കരംചന്ദ് ഗാന്ധിക്കും ശങ്കർലാൽ ഗേലാഭായ് ബാങ്കർക്കുമെതിരെ അഹമ്മദാബാദിൽ നിന്ന് അച്ചടിച്ച് പ്രസിദ്ധപ്പെടുത്തുന്ന ‘യങ്ഇന്ത്യ’ എന്ന വർത്തമാനപ്പത്രത്തിന്റെ താഴെ ചേർക്കുന്ന പതിപ്പുകളിൽ വിവരിക്കപ്പെട്ടിട്ടുള്ള ലേഖനങ്ങൾ പ്രസിദ്ധീകരി ച്ചതിന് "1898-ലെ ക്രിമിനൽ നടപടിക്രമ നിയമത്തിലെ 196-ാം വകുപ്പു പ്രകാരം, ഗവർണർ-ഇൻ-കൗൺസിൽ അഹമ്മദാബാദ് ജില്ലാ പൊലീസ് സൂപ്രണ്ട് ഡാനിയൽ ഹീലിയെ പരാതി രേഖപ്പെടുത്താൻ അധികാരപ്പെടുത്തുന്നു.

  • "Tampering with Loyalty" - Young India September 29, 1921
  • "The Puzzle and Its Solution" - Young India December 15, 1921
  • "Shaking the; Manes" - Young India February 23, 1922.

‘യങ്ഇന്ത്യ’യിൽ ഗാന്ധി എഴുതിയ മേല്‍പ്പറഞ്ഞ മൂന്നു ലേഖനങ്ങൾ രാജ്യദ്രോഹകരമാണെന്ന് അഡ്വക്കേറ്റ് ജനറൽ വാദിച്ചു. ഇന്ത്യൻ ശിക്ഷാനിയമം 124 എ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ അദ്ദേഹം വിശദീകരിച്ചു. കുറ്റം സമ്മതിക്കുന്നുണ്ടോ ഇല്ലയോ എന്നു ചോദിച്ചു.

“ഇനിയും ഞാൻ അതുതന്നെ ചെയ്യും”

ആലോചിച്ചുറച്ചതായിരുന്നു ഗാന്ധിയുടെ മറുപടി. കുറ്റം സമ്മതിക്കുന്നു എന്ന് അദ്ദേഹം പ്രസ്താവിച്ചു. ബാങ്കറും കുറ്റം സമ്മതിച്ചു. കുറ്റാരോപണം സംബന്ധിച്ച് എന്തെങ്കിലും മറുപടി പറയാനുണ്ടോ എന്ന് ജഡ്ജി ആരാഞ്ഞു.

ഗാന്ധി ഇങ്ങനെ പറഞ്ഞു: "അഡ്വക്കേറ്റ് ജനറൽ പറഞ്ഞതെല്ലാം ശരിയാണ്. ഒരു അതിശയോക്തിയുമില്ല. ഇന്നത്തെ ഗവണ്‍മെന്റിന്റെ നടപടികളിന്മേലുള്ള അതൃപ്തി ജനങ്ങളിൽ വളർത്തിയെടുക്കാനാണ് ഞാൻ ശ്രമിക്കുന്നത്. തീകൊണ്ടുകളിക്കു കയാണ് എന്ന് എനിക്ക് അറിയാമായിരുന്നു. എങ്കിലും അത്തരമൊരു സാഹസത്തിന് ഞാൻ തയാറായി. എന്നെ ഇവിടെ നിന്ന് മോചിപ്പിച്ചാൽ ഇനിയും ഞാൻ അതുതന്നെ ചെയ്യും."

അദ്ദേഹം തുടർന്നു: "അക്രമങ്ങൾ ഒഴിവാക്കണം എന്ന ആഗ്രഹം എനിക്കുണ്ട്. അക്രമരാഹിത്യമാണ് എന്റെ വിശ്വാസപ്രമാണം. അക്രമാസക്തമായ നിസ്സഹകരണംകൊണ്ടു തിന്മ പെരുകുക മാത്രമേയുള്ളുവെന്നും തിന്മ നിലനില്ക്കുക അക്രമംവഴി മാത്രമാണെന്നും എന്റെ രാജ്യവാസികൾക്ക് കാണിച്ചു കൊടുക്കാൻ ഞാൻ ശ്രമിച്ചുവരികയാണ്. തിന്മയ്ക്കുള്ള പിന്തുണ പിൻവലിക്കുന്നതിന് അക്രമം പൂർണമായി വർജിക്കേണ്ടതാവശ്യമാണ്. അക്രമരാഹിത്യത്തിൽ, തിന്മയുമായി നിസ്സഹകരിക്കുന്നതു മൂലമുണ്ടാകുന്ന ശിക്ഷയ്ക്ക് സ്വമേധയാ വഴങ്ങിക്കൊടുക്കൽ അന്തർലീനമാണ്. അതിനാൽ നിയമത്തിന്റെ കണ്ണിൽ മനഃപൂർവം ഒരു കുറ്റംചെയ്തതിന്, എന്നാൽ എന്റെ അഭിപ്രായത്തിൽ ഒരു പൗരന്റെപരമോന്നത കർത്തവ്യം നിർവഹിച്ചതിന്, നൽകാവുന്ന ഏറ്റവും കഠിനമായ ശിക്ഷ ക്ഷണിച്ചു വരുത്തി, ഉന്മേഷത്തോടെ വഴങ്ങിക്കൊടുക്കുന്നതിനുള്ള സ്വയംസന്നദ്ധതയും അക്രമരാഹിത്യത്തിൽ അന്തർലീനമാണ്. താങ്കളോട് നടപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുള്ള നിയമം ഒരു തിന്മയാണെന്നും യഥാർഥത്തിൽ ഞാൻ നിരപരാധിയാണെന്നും താങ്കൾ കരുതുന്നുണ്ടെങ്കിൽ താങ്കൾക്ക് സ്വീകരിക്കാവുന്ന ഏകമാർഗം, താങ്കളുടെ ജഡ്ജി സ്ഥാനം രാജിവയ്ക്കുകയും ആ തിന്മയുമായി നിസ്സഹകരിക്കുകയുമാണ്. അതല്ല, നീതിനിർവഹണംവഴി താങ്കൾ സഹായിക്കുന്ന വ്യവസ്ഥിതിയും നിയമവും ഈ രാജ്യത്തെ ജനങ്ങൾക്ക് നല്ലതും എന്റെ പ്രവർത്തനം ജനങ്ങളുടെ ക്ഷേമത്തിന് ഹാനികരവുമാണെന്ന് താങ്കൾ വിശ്വസിക്കുന്നെങ്കിൽ, ഏറ്റവും കഠിനശിക്ഷ എനിക്ക് വിധിക്കുക. എന്റെ കടമയെക്കുറിച്ച് എനിക്ക് ഒരു തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. ഒന്നുകിൽ എന്റെ രാജ്യത്തിന് തീരാത്ത നാശം വരുത്തിവച്ച ഭരണകൂടത്തെ സഹിക്കാൻ തയാറാകുക. അല്ലെങ്കിൽ എന്റെ ആഹ്വാനം കേട്ട് ആവേശം കൊള്ളുന്ന ജനങ്ങളുടെ കോപാഗ്നി ആളിക്കത്തുന്നതു കാണാൻ ഒരുങ്ങുക. ചിത്തഭ്രമം വന്നവരെപ്പോലെയാണ് ചിലർ പെരുമാറിയത്. അതിൽ ഞാൻ ദുഃഖിക്കുന്നു. അതുകൊണ്ട് ശിക്ഷ ലഘൂകരിച്ചു കിട്ടാൻ ഞാൻ നിങ്ങളോട് യാചിക്കുന്നില്ല. പകരം എന്റെ പേരിൽ നിങ്ങൾ ചുമത്തിയ കുറ്റങ്ങൾക്ക് നിയമാനുസൃതം നല്കാവുന്ന പരമാവധി വലിയ ശിക്ഷ തരിക.”

“....124 ഏ വകുപ്പു പ്രകാരമാണല്ലോ എന്നെ ചാർജ്ജു ചെയ്തിരിക്കുന്നത്. പൗരസ്വാതന്ത്ര്യത്തെ ഹനിക്കാനായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ പീനൽകോഡിലെ രാഷ്ട്രീയ വകുപ്പുകളുടെ കൂട്ടത്തിൽ അത് ഒരു പക്ഷേ രാജാവാണ്. ജനപ്രീതി തൊഴിൽശാലകളിൽ ഉണ്ടാക്കി എടുക്കാവുന്നതോ നിയമത്താൽ നിയന്ത്രിക്കപ്പെടാവുന്നതോ അല്ല. ഒരുവന് മറ്റൊരാളിന്റെയോ വസ്തുവിന്റെയോ പേരിൽ പ്രീതിയില്ലെന്നു വരികിൽ, അയാൾ അക്രമത്തിനു പ്രേരിപ്പിക്കയോ ഉത്സാഹിപ്പിക്കാതിരിക്കയോ ചെയ്യാതിരിക്കുന്നിടത്തോളം കാലം അയാൾക്ക് ആ അപ്രീതിയെ പ്രകാശിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാ യിരിക്കണം. എന്നാൽ എന്നെയും മിസ്റ്റർ ബാങ്കറിനേയും ഏതു വകുപ്പിൻ പ്രകാരമാണോ ചാർജു ചെയ്തിരിക്കുന്നത്, ആ വകുപ്പ് അനുസരിച്ചാണെങ്കിൽ, അപ്രീതി ജനിപ്പിക്കുന്നതു പോലും കുറ്റകരമാണ്. പ്രസ്തുത വകുപ്പനുസരിച്ചുള്ള പല കേസ്സുകളും ഞാൻ പഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ ദേശഭക്തന്മാരിൽ വച്ച് ഏറ്റവും പ്രിയപ്പെട്ട ചിലരെ അതനുസരിച്ചാണ് ശിക്ഷിച്ചിട്ടുള്ളതെന്ന് ഞാൻ അറിയുന്നു”.

രാജ്യദ്രോഹകുറ്റം ചുമത്തിയതിൽ അഭിമാനം
ഗാന്ധി കൂട്ടിച്ചേർത്തു: "ഇന്ത്യൻ ശിക്ഷാനിയമം 124-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണല്ലോ എന്റെ പേരിൽ ചുമത്തിയിരിക്കുന്നത്. പൗരസ്വാതന്ത്ര്യം നിഷേധിക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയതാണ് ഈ വകുപ്പ്. എന്റെയും ബാങ്കറുടെയും പേരിൽ ഇപ്പോൾ ചുമത്തിയിരിക്കുന്ന കുറ്റം, ഞങ്ങൾ സർക്കാരിനെതിരെ അപ്രീതിയുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്തു എന്നതാണല്ലോ. ജനങ്ങൾ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന അനേകം ദേശസ്നേഹികളെ ഈ കുറ്റത്തിന് നിങ്ങൾ തുറുങ്കിലടച്ചിട്ടു ണ്ടെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ട് എന്റെ പേരിൽ ഈ രാജ്യദ്രോഹകുറ്റം ചുമത്തിയതിൽ എനിക്ക് അഭിമാനമേയുള്ളൂ."

അദ്ദേഹം ആവർത്തിച്ചു: "ഏതെങ്കിലും ഉദ്യോഗസ്ഥനോടോ ഭരണകർത്താക്കളോടോ എനിക്ക് അശേഷം വെറുപ്പില്ല. എന്നാൽ ഈ സർക്കാരിന്റെ ദുർപ്രവൃത്തികൾക്കുനേരെ ജനരോഷം ഉണർത്തേണ്ടത് എന്റെ ധർമമാണെന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ എന്റെമേൽ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾക്കു കാരണമായ ലേഖനങ്ങൾ എഴുതിയത് ഞാനാണെന്നതിൽ തീർച്ചയായും അഭിമാനിക്കുന്നു. ഭാരതത്തിന്റെ പൗരുഷം നശിപ്പിക്കുന്നതിന് കാരണമായ ഈ ഭരണകൂടത്തോട് കുറുപുലർത്തുന്നത് വലിയൊരു പാപം തന്നെയാണെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നു..."

കുറ്റവാളികളുടെ കുറ്റസമ്മതം കോടതി സ്വീകരിച്ചു. ശിക്ഷയുടെ കാര്യത്തിൽ വല്ലതും പറയാനാഗ്രഹിക്കുന്നെങ്കിൽ അതു പറയാൻ ജഡ്ജി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. സ്ട്രാംഗ് മാനോടാവശ്യപ്പെട്ടു. അദ്ദേഹം ഇത്രയും കൂട്ടിച്ചേർത്തു:

"കുറ്റാരോപണത്തിൽ അടങ്ങിയിട്ടുള്ള ലേഖനങ്ങൾ ആണ്ടുകളോളം നീണ്ടു നിന്നൊരു സംഘടിത പ്രസ്ഥാനത്തിന്റേതെന്ന് ഞാനിപ്പോഴും കരുതുന്നു. മാത്രമല്ല, മി.ഗാന്ധി ഒരു അഭ്യസ്തവിദ്യനും അംഗീകൃത നേതാവും ആയതിനാൽ ഈ പ്രസ്ഥാനം കൂടുതൽ ആപൽക്കാരിയാണ്. ഇവിടുത്തെ സംഭവങ്ങൾ വ്യക്തമാക്കിയതുപോലെ, ഈ പ്രസ്ഥാനത്തിന്റെ അനിവാര്യഫലങ്ങൾ കോടതി പരിഗണിച്ചേ തീരൂ. അക്രമരാഹിത്യത്തിന്റെ പേരിലുള്ള നാട്യപ്രകടനങ്ങളെല്ലാം നിഷ് പ്രയോജനങ്ങളാണ്. അപരാധങ്ങൾക്ക് കാഠിന്യമേറിയ ശിക്ഷ ആവശ്യമാണോ എന്ന കാര്യം കോടതി പരിഗണിക്കണം. രണ്ടാം പ്രതിയുടെ അപരാധം ഗൗരവം കുറഞ്ഞതാണെങ്കിലും പ്രധാനം തന്നെയാണ്. ഈ കേസിൽ ഗണ്യമായൊരു ശിക്ഷ ആവശ്യമാണ്."

ചരിത്രം കുറിച്ച വിധി
ഗാന്ധിയുടെ 20 മിനിട്ട് നീണ്ട പ്രസ്താവനയ്ക്കൊ ടുവിൽ വിഷണ്ണഭാവത്തോടെ ജഡ്ജി വിധി പറഞ്ഞു.

"മിസ്റ്റർ ഗാന്ധി, താങ്കളുടെ കുറ്റസമ്മതം എന്റെ ജോലി വളരെ എളുപ്പമാക്കിയിരിക്കുന്നു. എന്നാൽ ഇത്തരമൊരു കേസിൽ വിധിപറയേണ്ടിവരുന്ന ഒരു ജഡ്ജിയുടെ വിഷമം നിങ്ങൾക്ക് മനസ്സിലാകും. നിയമത്തിന്റെ മുന്നിൽ എല്ലാവരും സമന്മാരാണ്. അതേസമയം ഇത്തരം കേസിൽ ഇതുവരെ ഞാൻ വിചാരണചെയ്തവരിൽ നിന്നും ഇനി വിചാരണചെയ്യാനിരിക്കുന്നവരിൽനിന്നും വിഭിന്നമാണ് താങ്കളുടെ സ്ഥിതിയെന്ന് എനിക്ക് ബോധ്യമുണ്ട്." താങ്കളെ വലിയൊരു നേതാവായും ദേശസ്നേഹിയായും കോടിക്കണക്കിനാളുകൾ ആദരിക്കുന്നു. രാഷ്ട്രീയ നിലപാടിൽ താങ്കളോട് യോജിക്കാത്തവർപോലും ആദർശനിഷ്ഠനും സന്യാസിതുല്യനുമായ ഒരു മഹാനായി താങ്കളെ അംഗീകരിക്കുന്നു. പക്ഷേ നിയമം ലംഘിച്ച ഒരു പൗരനായി മാത്രമേ നിങ്ങളെ എനിക്ക് ഇപ്പോൾ കണക്കാക്കാനാവൂ...ശിക്ഷ വിധിക്കുന്നതിൽ രണ്ടു കാര്യങ്ങളാണ് എന്റെ മുന്നിലുള്ളത് - ഒന്ന്: നിങ്ങളുടെ നില. രണ്ട്: രാജ്യത്തിന്റെ താല്‍പ്പര്യം. തത്തുല്യമായകേസിൽ ബാലംഗാധര തിലകിന് നല്കിയ ശിക്ഷ താങ്കൾക്കും നല്കാൻ ഉദ്ദേശിക്കുന്നു. ആറുകൊല്ലത്തെ തടവ്. തിലകനെയും താങ്കളെയും ഒരേ നിലയിൽ കാണാൻ പാടില്ലല്ലോ. അതുകൊണ്ട് നിങ്ങളുടേത് വെറും തടവായി പരിമിതപ്പെടുത്തുന്നു. ക്രമസമാധാനനില മെച്ചപ്പെടുകയാണെങ്കിൽ ശിക്ഷ ഇളവു ചെയ്ത് താങ്കളെ മോചിപ്പിക്കാൻ സർക്കാർ തീരുമാനിക്കുന്നപക്ഷം അതിൽ ഏറ്റവുമധികം സന്തോഷിക്കുന്നയാൾ ഞാനായിരിക്കും."

ഇതൊരു ബഹുമതി
ശിക്ഷ സസന്തോഷം സ്വീകരിച്ച ഗാന്ധി പറഞ്ഞു: "ലോക് മാന്യ ബാലഗംഗാധര തിലകന്റെ കേസുമായി എന്റെ കുറ്റം തുലനം ചെയ്തത് ഒരു ബഹുമതിയായി ഞാൻ കരുതുന്നു. ഏറ്റവും ലഘുവായ ശിക്ഷ വിധിച്ചതിനും ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു."

ശങ്കർലാൽ ബാങ്കർക്ക് വെറും തടവും ആയിരം രൂപയുമായിരുന്നു ശിക്ഷ.

ഭാരതത്തിലെ ക്രിമിനൽ വിചാരണകളുടെ ചരിത്രത്തിൽ പ്രതിഭാഗത്തിനുവേണ്ടി പ്രതി ഒരു പൈസ പോലും ചെലവാക്കാത്ത ഒരു വിചാരണയായിരുന്നു അത്. പ്രതിഭാഗം വക്കീലോ, നിയമോപദേശകനോ ഉണ്ടായിരുന്നില്ല.

ഏതാണ്ട് രണ്ടു മണിയോടെ, കസ്തുർബാ, പണ്ഡിറ്റ് മാളവ്യ, ബാങ്കർ, സരോജിനി നായിഡു എന്നിവരൊത്ത് പുറത്തിറങ്ങി. കോടതിക്ക് പുറത്ത് തടിച്ചുകൂടിയിരുന്ന ആകാംക്ഷാഭരിതമായ ജനക്കൂട്ടം "മഹാത്മാഗാന്ധി കീ ജയ് "…എന്ന് ആദരപൂർവം ഉച്ചത്തിൽ വിളിച്ചു. ഗാന്ധി കൈ ഉയർത്തിക്കാണിച്ച് അത് തടഞ്ഞു.

ഒന്നരമണിക്കൂർ നീണ്ട വിചാരണയും വിധിപറയലും ഗാന്ധിയുടെ വിശദീകരണവും ഉടനീളം ശ്രദ്ധിച്ചു നിന്ന സരോജിനി നായിഡു അടുത്തലക്കം യങ്ഇന്ത്യയിൽ എഴുതി:

"എന്റെ ഗുരുവിന്റെ നാവിൽ നിന്നുതിർന്ന ഓരോ വാക്കും ഞാൻ വളരെ ശ്രദ്ധാപൂർവം കേട്ടു. മറ്റൊരു യുഗത്തിൽ വേറൊരിടത്തു സംഭവിച്ചതുപോലുള്ള രംഗങ്ങളായിരുന്നു എന്റെ മനസ്സിൽ മിന്നിമറഞ്ഞത്. ദിവ്യനും സ്നേഹസ്വരൂപനുമായ ഒരു ശാന്തിദൂതൻ കുരിശിലേറ്റപ്പെട്ട രംഗം. "

തടവറയിൽ വച്ച് രോഗബാധിതനായ ഗാന്ധിയെ 1924-ൽ പൂനയിലെ സസ്സൂണ്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ നിന്നും ആശുപത്രിയിൽ നിന്നും ഗാന്ധിയെക്കുറിച്ചുള്ള വാർത്തകളും അദ്ദേഹത്തിന്റെ വിചാരവികാരങ്ങളും സെക്രട്ടറി മഹാദേവ് ദേശായ് അപ്പപ്പോൾ 'യങ്ഇന്ത്യ’യിലേക്ക് അയച്ചുകൊടുത്തുകൊണ്ടിരുന്നു.

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മൂർധന്യത്തിൽ 1922 മാർച്ച് 22ന് ഗാന്ധി തടവറയിലായതോടെ 'യങ്ഇന്ത്യ'യുടെയും 'നവജീവന്റെ'യും പത്രാധിപത്യം മൂന്നുപേർക്കായി. അതിൽ ഒരു മലയാളിയുമുണ്ടായിരുന്നു. ഗാന്ധിയുടെ ഉറ്റസഹചാരിയായിരുന്ന ജോർജ് ജോസഫ്. മറ്റു രണ്ടുപേർ സി.രാജഗോപാലാചാരി, ഷുയെബ് ഖുറേഷി എന്നിവരാണ്.

അക്കാലത്ത് ഈ പത്രങ്ങളുടെ പ്രചാരത്തിൽ നേരിയ കുറവുണ്ടായി. എന്നാൽ ജയിലിൽനിന്നുള്ള വിശേഷങ്ങളും സമരമുഖത്തെ വാർത്തകളും കൊണ്ട് ശ്രദ്ധേയമായിരുന്നു അവയുടെ ഓരോലക്കവും.

ജയിലിൽനിന്നുള്ള കുറിപ്പുകൾ
1924 ജനുവരി 29-ലെ 'യങ്ഇന്ത്യ'യിൽ പ്രസിദ്ധീകരിച്ച, മഹാദേവ് ദേശായിയുടെ കുറിപ്പ് അതിനൊരു നിദർശനമാണ്. അതിൽ ഇങ്ങനെ പറയുന്നു:

"മറക്കാൻ കഴിയാത്ത ദിവസങ്ങളാണിവ. നാടിനുവേണ്ടി നമ്മുടെ പ്രിയനേതാവ് എങ്ങനെയാണ് പ്രവർത്തിച്ചുവന്നത് എന്നു നാം കണ്ടു. കളിമണ്ണിൽ നിന്ന് വീരന്മാരെ വാർത്തെടുക്കുന്നതെങ്ങനെയെന്നും നാം കണ്‍മുന്നിൽക്കണ്ടു. ഇവിടെ രോഗശയ്യയിൽ കിടക്കുമ്പോഴും അദ്ദേഹം അതു ചെയ്തുകൊണ്ടിരിക്കുന്നു. ജനങ്ങളെ കർമോന്മുഖരാക്കാനുള്ള അദ്ദേഹത്തിന്റെ അസാധാരണ സിദ്ധിക്ക് അല്‍പ്പംപോലും കുറവുണ്ടായിട്ടില്ല. അത് നേരിട്ടറിയാനുള്ള അവസരം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നമുക്കുണ്ടായി."

"പത്തുദിവസം ഞാൻ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. എന്നാൽ അടുത്തിരുന്ന് ശുശ്രൂഷിക്കാൻ കഴിഞ്ഞില്ല. അതിനുള്ള ഭാഗ്യം കിട്ടിയത് ആശുപത്രിയിലെ നഴ്സുമാർക്കായിരുന്നു. കൂട്ടത്തിൽ പരിചയസമ്പന്നയായ ഒരു ബ്രിട്ടീഷുകാരിക്കായിരുന്നു മുഖ്യചുമതല. അതീവ സ്നേഹാദരങ്ങളോടെയാണ് ആ നഴ്സ് ഗാന്ധിയെ പരിചരിക്കുന്നത്. അവർ അടുത്തെത്തുമ്പോൾ ഗാന്ധി ഹൃദ്യമായ പുഞ്ചിരിയോടെ അവരെ സ്വാഗതം ചെയ്യും.

"തന്റെ സ്വന്തം അനുഭവങ്ങളും പ്രശ്നങ്ങളും അവർ ഗാന്ധിയോട് തുറന്നുപറയും. ഒരിക്കൽ തന്റെ നായയെക്കുറിച്ചായിരുന്നു സംഭാഷണം. മറ്റൊരിക്കൽ ആഫ്രിക്കയിലും ഇംഗ്ലണ്ടിലും തനിക്കുണ്ടായ പല അനുഭവങ്ങളും അവർ വിവരിച്ചു. രോഗികളുടെ പ്രീതി സമ്പാദിക്കാനല്ല, അവരെ പരിചരിക്കാനാണ് ഒരു നഴ്സ് ശ്രമിക്കേണ്ടതെന്ന് തന്നെ ഉപദേശിച്ചിട്ടുണ്ടെന്നും ഇടയ്ക്ക് അവർ തമാശയായി കൂട്ടിച്ചേർത്തു. ചെറുപ്പക്കാരിയായ മറ്റൊരു നഴ്സും ഗാന്ധിയെ പരിചരിക്കാനായി ഇവിടെയുണ്ട്. അദ്ദേഹത്തെ ശുശ്രൂഷിക്കാൻ കഴിയുകയെന്നത് വലിയൊരു ഭാഗ്യം തന്നെ എന്ന് അവർ കാണുന്നവരോടൊക്കെ പറയുന്നു. രോഗികളെ ശുശ്രൂഷിക്കുന്നത് എപ്പോഴും സന്തോഷകരമായ കാര്യമല്ല. അത് പലപ്പോഴും ഒരു ഭാരമാണ് എന്ന് അവർ ഇടയ്ക്ക് കൂട്ടിച്ചേർക്കുകയും ചെയ്യും.

"ഒരു തടവുകാരനെയാണ് തങ്ങൾ ശുശ്രൂഷിക്കുന്നതെന്ന തോന്നൽ ഡോക്ടര്‍മാർക്കോ നഴ്സുമാർക്കോ ഉള്ളതായി കാണാൻ കഴിഞ്ഞില്ല. അത്രയേറെ ആദരവോടും സ്നേഹത്തോടുമാണ് അവർ അദ്ദേഹത്തോട് പെരുമാറുന്നത്. ഗാന്ധിയെ നേരിൽക്കണ്ട് രോഗസ്ഥിതി അന്വേഷിക്കാനായി ജയിൽ സൂപ്രണ്ടും ആശുപത്രിയിൽ വന്നിരുന്നു. ഗാന്ധിയുടെ ആ മന്ദസ്മിതം ആരെയാണ് വശീകരിക്കാതിരിക്കുക!

"ക്ഷീണിതനാണെങ്കിലും ഗാന്ധി വളരെ വേഗം സുഖം പ്രാപിച്ചുവരുന്നുണ്ട്. കൈയിന്റെ വിറയൽ ഇപ്പോഴുമുണ്ട്. എങ്കിലും അതു ഭേദമായിവരുന്നു. കട്ടിലിനുമീതെ തൂക്കിയിട്ടിരിക്കുന്ന ഒരു ചങ്ങലയുടെ സഹായത്താലാണ് എഴുന്നേല്ക്കുന്നത്. പച്ചമുന്തിരിയും മധുരനാരങ്ങയുമാണ് പ്രധാന ഭക്ഷണം. നല്ല ഉറക്കം കിട്ടുന്നുണ്ട്. ഉൽക്കണ്ഠയ്ക്ക് കാര്യമില്ല. ആരോഗ്യം പൂർണമായി വീണ്ടെടുക്കുന്നതിന് കുറച്ചുനാൾ കൂടി വേണ്ടിവന്നേക്കാം...

"ദേവദാസ് കൂടെയുണ്ടെങ്കിലും അടുത്തിരുന്ന് ശുശ്രൂഷിക്കുന്നതിനുള്ള ഭാഗ്യം അദ്ദേഹത്തിനും കിട്ടുന്നില്ല. പല ഭാഗത്തു നിന്നും തുടരെത്തുടരെ വന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങൾക്ക് മറുപടി അയയ്ക്കുന്ന തിരക്കിലാണ് അദ്ദേഹം...

"ഇവിടെ പതിവായിരുന്ന എണ്ണമറ്റ സന്ദര്‍ശകരിൽ ബ്രിട്ടീഷ് പട്ടാളത്തിലെ ഒരു റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. നിശ്ശബ്ദനായി അദ്ദേഹം മുറിയിൽ കടന്ന് ഗാന്ധിയുടെ കിടക്കയ്ക്കരികിൽ പുഷ്പങ്ങൾ വച്ച് തിരികെപ്പോകും. ഒരു ദിവസം പുഞ്ചിരിയോടെ അയാളെ ഗാന്ധി സ്വീകരിച്ചിരുത്തി. ആ വെള്ളക്കാരൻ പറഞ്ഞു: "എന്നെ നിങ്ങളുടെ സഹോദരനായി കരുതുക. നിങ്ങൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ?" അതുകേട്ട് ഗാന്ധിചിരിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങളെപ്പോലെ അടുത്ത സഹോദരന്മാരായി ഞാൻ കരുതുന്ന എത്രയോ ബ്രിട്ടീഷുകാര്‍ എനിക്കുണ്ട്!" ഇതുകേട്ട് അയാൾ വികാരഭരിതനായി. "എന്നെപ്പോലെ നിങ്ങൾക്കുവേണ്ടി പ്രാര്‍ഥിക്കുന്ന, നിങ്ങൾക്കറിയാത്ത ബ്രിട്ടീഷുകാരും ഒട്ടേറെയുണ്ട്. അവരിൽ പട്ടാളക്കാരുമുണ്ട്. നിങ്ങൾക്ക് ദീര്‍ഘായുസ്സുനേരട്ടെ." അയാൾ പറഞ്ഞു.

ഇതുപോലെ വികാരതരളിതവും ആവേശജനകവും വിവരദായകവുമായിരുന്നു അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ഓരോകുറിപ്പും. അവ ഓരോന്നും ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രരേഖകളും ഗാന്ധിജീവിതകഥയുടെ ഏടുകളുമായി പരിണമിച്ചത് അതുകൊണ്ടാണ്.

സമരമുഖത്ത് കസ്തുർബയും
ഗാന്ധിക്കു പുറകെ ഒന്നായി നേതാക്കൾ തടവറയിലായപ്പോൾ അണികൾ ആശയക്കുഴപ്പത്തിലായി. ഗാന്ധി തുടങ്ങിവച്ച സമരമുറകൾ ആര് മുന്നോട്ടുകൊണ്ടുപോകും എന്ന ആശങ്ക പ്രബലമായ ഘട്ടത്തിൽ സ്ത്രീകൾക്കും ഗോത്രവർഗക്കാർക്കുമിടയിലുള്ള പ്രവർത്തനങ്ങൾക്ക് കസ്തുർബ സ്വയം മുന്നിട്ടിറങ്ങി.

കസ്തൂര്‍ബാ ഒരു സന്ദേശം പുറപ്പെടുവിച്ചു. അത് തുടങ്ങുന്നതിങ്ങനെയാണ്: "ഇന്ന് കോടതി എന്റെ ഭർത്താവിന് ആറുവർഷത്തെ ജയിൽശിക്ഷ വിധിച്ചിരിക്കുന്നു. ഇതുകാരണം ഞാൻ ദുഃഖിതയാണ്. എന്നാൽ ഇത് നിരാശയോടെ അടച്ചിരിക്കേണ്ട സമയമല്ല. നാം വിചാരിച്ചാൽ ശിക്ഷാ കാലാവധി കഴിയും മുൻപേ ഗാന്ധിജിയെ മോചിപ്പിക്കാൻ കഴിയും. വിജയം നമ്മുടെ കൈകളിലാണ്. പരാജയപ്പെട്ടാൽ അതിന്റെ നഷ്ടവും നമുക്കുതന്നെയായിരിക്കും...

“അതിനാൽ എന്റെ ദുഃഖത്തിൽ സഹതപിക്കുന്നവരും ഗാന്ധിജിയോട് സ്നേഹമുള്ളവരുമായ എല്ലാ സ്ത്രീപുരുഷന്മാരോടും എനിക്ക് ഒരഭ്യർഥനയുണ്ട്. നാം തുടങ്ങിവച്ച യജ്ഞം മുന്നോട്ടുകൊണ്ടുപോകണം. അതായിരിക്കണം ഗാന്ധിജിയെ ജയിലിലടച്ച സർക്കാരിനോടുള്ള നമ്മുടെ പ്രതികാരം. നൂൽ നൂല്‍പ്പും ഖാദിനിർമാണവും ശക്തിപ്പെടുത്തണം. എല്ലാ സ്ത്രീപുരുഷന്മാരും വിദേശവസ്ത്രം ഉപേക്ഷിക്കുകയും സ്വയം ഖാദി ധരിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യണം. ചർക്കയിലെ നൂല്‍പ്പ് ധാർമിക കർത്തവ്യമായി ഓരോ ദേശസ്നേഹിയും ഏറ്റെടുക്കണം. മറ്റുള്ളവരെ അത് പറഞ്ഞു മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്യണം. വ്യാപാരികൾ വിദേശവസ്ത്രത്തിന്റെ വ്യാപാരം ഉപേക്ഷിക്കണം"

കസ്തുർബായുടെ ഈ ആഹ്വാനം സ്വദേശി പ്രവർത്തകരുടെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായകമായി. അവർ ആവേശത്തോടെ ഗ്രാമങ്ങളിൽ പോയി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നാട്ടിലെമ്പാടും ജനങ്ങൾ തങ്ങളുടെ വിദേശവസ്ത്രങ്ങൾ കത്തിക്കാൻ തുടങ്ങി. എങ്ങും ചർക്കയുടെയും തറികളുടെയും ശബ്ദം അലയടിച്ചു. ശുദ്ധഖാദി മാത്രമേ ധരിക്കൂ എന്ന് ഒട്ടേറെപ്പേർ പ്രതിജ്ഞയെടുത്തു. പല വ്യാപാരികളും വിദേശവസ്തുക്കളുടെ കച്ചവടം ഉപേക്ഷിച്ചു. രണ്ടുവർഷത്തെ ജയിൽവാസത്തിനുശേഷം, ശിക്ഷാകാലാവധി തീരും മുൻപ് ഗാന്ധിജിയെ സർക്കാർ നിരുപാധികം മോചിപ്പിച്ചു. അതുവരെ കസ്തുർബ വിശ്രമമില്ലാതെ തന്റെ ദൗത്യം തുടർന്നു.

വീണ്ടും പത്രാധിപത്യം
1924 ഫെബ്രുവരി 5ന് ശിക്ഷാകാലാവധി പൂർത്തിയാക്കും മുമ്പു തന്നെ ഗാന്ധിയെ ജയിൽമോചിതനാക്കി. ഡോക്ടർമാർ അദ്ദേഹത്തിന് പൂര്‍ണവിശ്രമം നിര്‍ദേശിച്ചുവെങ്കിലും ഏപ്രിൽ ആദ്യവാരം ഗാന്ധി 'യങ്ഇന്ത്യ'യുടെയും 'നവജീവ'ന്റെയും പത്രാധിപസ്ഥാനം വീണ്ടും ഏറ്റെടുത്തു.

രണ്ടുകൊല്ലത്തെ ഇടവേളയ്ക്കു ശേഷം ഗാന്ധി പത്രാധിപരായി വന്നതോടെ രണ്ടു പ്രസിദ്ധീകരണങ്ങളുടേയും പ്രചാരം കുതിച്ചുയർന്നു. അതിൽനിന്നുണ്ടായ ലാഭം ഖാദിപ്രവർത്തനത്തിനായി അദ്ദേഹം നീക്കിവച്ചു.

ഗാന്ധി ജയിൽ മോചിതനായശേഷം 'യങ്ഇന്ത്യ'യുടേയും നവജീവന്റേയും രൂപഭാവങ്ങളിൽ പ്രകടമായ മാറ്റമുണ്ടായി. പത്രാധിപത്യമേറ്റെടുത്തശേഷമുള്ള ആദ്യലക്കം 'യങ്ഇന്ത്യ'യിൽ ഗാന്ധി എഴുതി:

"എന്റെ ദേശസ്നേഹം സങ്കുചിതമല്ല. വിദേശീയരെ വെറുക്കാനോ വേദനിപ്പിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. അവർക്കും നന്മയുണ്ടാകണമേ എന്നാണ് എന്റെ പ്രാർഥന. ലോകത്തിന് ഏതെങ്കിലും വിധത്തിൽ ഭീഷണിയായിത്തീരുന്ന സ്വാതന്ത്ര്യമല്ല ഞാൻ വിഭാവനം ചെയ്യുന്നത്."

വിയോജിപ്പിന്റെ ശബ്ദം
ഖാദിപ്രചാരണം, സമുദായമൈത്രി, അയിത്തോച്ചാടനം എന്നിവയ്ക്കാണ് ഗാന്ധി ഈ രണ്ടു പ്രസിദ്ധീകരണങ്ങളിലും ഊന്നൽ നൽകിയത്. അതോടൊപ്പം മുഖംനോക്കാതെ തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നടിക്കാൻ അദ്ദേഹം അവയെ ഉപയോഗപ്പെടുത്തി.

അക്കാലത്ത് വിവാദവിഷയമായിരുന്ന കൗൺസിൽ പ്രവേശനത്തെക്കുറിച്ച് ഗാന്ധി 'യങ്ഇന്ത്യ'യിൽ (1924മെയ് 22) എഴുതിയ ലേഖനം അതിനൊരു ഉദാഹരണമാണ്.

ബ്രിട്ടീഷുകാർ വച്ചു നീട്ടിയ കൗൺസിൽ പ്രവേശനം' എന്ന ആനുകൂല്യം സ്വീകരിക്കുന്നതിനെ ഗാന്ധി അനുകൂലിച്ചിരുന്നില്ല. എന്നാൽ അതുവഴി കേന്ദ്ര അസംബ്ലിയിലും സംസ്ഥാന സഭകളിലും പദവികൾ നേടിയ സ്വരാജ് പാര്‍ട്ടി നേതാക്കൾ ഗാന്ധിയുടെ അനുമതിയും അനുഗ്രഹവുംതേടി ജൂഹുവിലെത്തി. ചര്‍ച്ചയുടെ വിവരങ്ങൾ വിശദീകരിച്ച് ഗാന്ധി എഴുതി:

"കൗൺസിൽ പ്രവേശനത്തെപ്പറ്റി സ്വരാജ് പാര്‍ട്ടി നേതാക്കന്മാരുമായി ഞാൻ ചര്‍ച്ചനടത്തി. അവരുമായി യോജിപ്പിലെത്താൻ കഴിയാതെ വന്നതിൽ എനിക്ക് ദുഃഖമുണ്ട്. അവരുടെ നിലപാട് മനസ്സിലാക്കാൻ ഞാൻ ആവതു ശ്രമിച്ചു. അവരുമായി യോജിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അത് എന്റെ ഭാരം ലഘൂകരിക്കുമായിരുന്നേനേ. എന്നാൽ രാജ്യത്തിനുവേണ്ടി വളരെയേറെ ത്യാഗം ചെയ്ത നേതാക്കളുമായി ഇക്കാര്യത്തിൽ യോജിപ്പിലെത്താൻ കഴിയാത്തത് എന്റെ ദൗര്‍ഭാഗ്യമെന്നേ പറയേണ്ടൂ. സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടത്തിൽ അവർ മറ്റാരെക്കാളും പിന്നിലല്ല. അവരുമായി യോജിപ്പിലെത്താനുള്ള ആഗ്രഹം എനിക്ക് ഉണ്ടായിരുന്നുവെങ്കിലും കൗൺസിൽ പ്രവേശം സംബന്ധിച്ച അവരുടെ വാദങ്ങൾ എന്നെ സംബന്ധിച്ച് തൃപ്തികരമായി തോന്നിയില്ല. നിസ്സാരകാര്യങ്ങൾ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളല്ല, അടിസ്ഥാന തത്വങ്ങളിലുള്ള വിയോജിപ്പാണ് ഇക്കാര്യത്തിൽ ഞങ്ങൾ തമ്മിലുള്ളത്. ഞാൻ വിഭാവനം ചെയ്യുന്ന നിസ്സഹകരണ പ്രസ്ഥാനത്തിൽ കൗൺസിൽ പ്രവേശനത്തിന് സ്ഥാനമില്ല. നമ്മെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടുമ്പോൾ കൗൺസിൽ പ്രവേശത്തോടുള്ള ആഭിമുഖ്യം നമ്മുടെ ഉദ്യമങ്ങളെ പരാജയപ്പെടുത്താനേ ഉതകൂ. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ വിജയം അളക്കേണ്ടത് അതിന്റെ പരിപാടികളോടുള്ള സമീപനം കണക്കിലെടുത്താണ്. അതിനാൽ നിയമനിർമാണ സഭകളിൽനിന്ന് നാം ഇപ്പോൾ വിട്ടുനിൽക്കണമെന്നതാണ് എന്റെ അഭിപ്രായം. എന്നാൽ കൗൺസിൽ പ്രവേശനത്തിൽ താല്‍പ്പര്യമുള്ള എന്റെ സുഹൃത്തുക്കൾക്ക് അതിനുള്ളിൽനിന്ന് പ്രവർത്തിക്കാൻ അവകാശമുണ്ട്. അവരുടെ പ്രവർത്തനത്തെ ഏതെങ്കിലും തരത്തിൽ തടസ്സപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. സ്വരാജ് പാര്‍ട്ടിക്കാരെ അവരുടെ പരിപാടിയനുസരിച്ച് പ്രവര്‍ത്തിക്കാൻ കോണ്‍ഗ്രസ്സിലെ മറ്റു വിഭാഗക്കാൾ അനുവദിക്കണമെന്നും ഞാൻ അഭ്യർഥിക്കുന്നു."

യുക്തിഭദ്രമായ രചനാശൈലി
എത്ര കഠിനമായ എതിരഭിപ്രായവും യുക്തിഭദ്രമായി, മറയോ കാപട്യമോ കാലുഷ്യമോ ഇല്ലാതെ അവതരിപ്പിക്കാനുള്ള ഗാന്ധിയുടെ ആർജവവും രചനാവൈഭവവുമാണ് മേൽക്കൊടുത്ത കുറിപ്പിൽ തെളിഞ്ഞുകാണുന്നത്.

അഭിപ്രായങ്ങൾ തുറന്നുപറയുന്നതാണ് സംഘടനയെ ബലപ്പെടുത്താൻ എപ്പോഴും നല്ലതെന്ന് ഗാന്ധി എടുത്തുപറഞ്ഞിരുന്നു. അഭിപ്രായങ്ങളെ മറച്ചുവെച്ച് ഐക്യം നടിക്കുന്നത് അപകടമാണെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. വെറുപ്പിന്റെ മാലിന്യം പുരളാതെ തന്റെ അഭിപ്രായങ്ങൾ തുറന്നടിക്കാനും ജനങ്ങളോടും ഗവണ്‍മെന്റിനോടും ഒരേസമയം സംവദിക്കാനും ഗാന്ധി തന്റെ പത്രപംക്തികൾ ഉപയോഗിച്ചു. പോരാട്ടത്തിന്റെ ഓരോ ഘട്ടത്തിലും നിർദേശങ്ങൾ നല്കാനും ജനങ്ങളുടെ അഭിപ്രായങ്ങൾ ആരായാനും തന്റെ പത്രങ്ങളെ അദ്ദേഹം പ്രയോജനപ്പെടുത്തി.

(പത്രപ്രവര്‍ത്തകനും അധ്യാപകനുമാണ് ലേഖകന്‍ - 9895603170)