#

‘യേശുദാസ് സാഗരസംഗീതം’ പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം : ആറര പതിറ്റാണ്ടോളം മലയാളികളെയാകെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്ന സംഗീതലോകത്തെ ഗാനഗന്ധർവ്വന്‍ കെ.ജെ. യേശുദാസിന് സ്നേഹാദരമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘യേശുദാസ് സാഗരസംഗീതം’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും ഗാനാഞ്ജലിയും സെമിനാറും സംഘടിപ്പിച്ചു. ജി.ബി. ഹരീന്ദ്രനാഥ് സമ്പാദനവും പഠനവും നിര്‍വഹിച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവന്‍ കൂത്തമ്പലത്തില്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്‌ എം.എല്‍.എ പ്രകാശനം ചെയ്തു. തംബുരു മീട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. യേശുദാസിനെ പോലെ മലയാളിയുടെ ജീവിതത്തിലെ എല്ലാ തലങ്ങളെയും ഒരുപോലെ സ്പർശിച്ച മറ്റൊരു വ്യക്തി ഉണ്ടായിരിക്കില്ല എന്ന് ഡോ. എന്‍. ജയരാജ്‌ എം.എല്‍.എ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ഗാനങ്ങളിലൂടെ പുലർത്തിയ മതേതരത്വ മനോഭാവമാണ്. മലയാളിയുടെ ഉണർവിലും ഉറക്കത്തിലും ആ ഗാനധാര ഒരുപോലെ ഒഴുകിയിറങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ. ജയകുമാര്‍ ഐ.എ.എസ്, കുമാരകേരളവര്‍മ, ഡോ.കെ. ഓമനക്കുട്ടി, സൂര്യ കൃഷ്ണമൂര്‍ത്തി, രാജശ്രീ വാര്യര്‍, ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍, സാംസ്കാരികവകുപ്പു ഡയറക്ടർ ശ്രീമതി മായ ഐ.എഫ്.എസ്. എന്നിവര്‍ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി. ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍ പുസ്തകം പരിചയപ്പെടുത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. അധ്യക്ഷത വഹിച്ചു. വില്‍പ്പനവിഭാഗം അസി. ഡയറക്ടര്‍ എന്‍. ജയകൃഷ്ണന്‍ സ്വാഗതവും പബ്ലിക്കേഷന്‍ വിഭാഗം അസി. ഡയറക്ടര്‍ സുജ ചന്ദ്ര പി. നന്ദിയും പറഞ്ഞു.

ചലച്ചിത്രപിന്നണി ഗായകനും സംഗീതജ്ഞനുമായ മലയാളികളുടെ സ്വന്തം ദാസേട്ടനെ കുറിച്ചും അദ്ദേഹത്തിന്റെ സംഗീത ജീവിതത്തെക്കുറിച്ചും പഠനവിധേയമാക്കുന്ന ഈ അക്കാദമിക് ഗ്രന്ഥത്തില്‍ 55 ഓളം ലേഖനങ്ങളും കളര്‍ ചിത്രങ്ങളും ചേർത്തിട്ടുണ്ട്. മാത്രമല്ല ക്യൂ. ആര്‍. കോഡ് സ്കാന്‍ ചെയ്‌താല്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആസ്വദിക്കാമെന്നതും പ്രത്യേകതയാണ്. 700 രൂപയുടെ പുസ്തകം 560 രൂപയ്ക്ക് ഡിസ്കൗണ്ട് നിരക്കിൽ ലഭിക്കും.

‘കര്‍ണാടകസംഗീതത്തിന് കേരളത്തിന്റെ സംഭാവനകള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സംഗീതജ്ഞയും അധ്യാപികയുമായ ഡോ.കെ. ഓമനക്കുട്ടി "തിരുവിതാംകൂറിലെ വാഗ്ഗേയകാരന്‍മാര്‍" എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് "കേരളത്തിലെ വാഗ്ഗേയകാരികള്‍ "എന്ന വിഷയത്തില്‍ സംഗീതജ്ഞയും പിന്നണിഗായികയുമായ ഡോ. ബി. അരുന്ധതി പ്രബന്ധം അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം "സ്വാതികാലീനസംഗീതം" എന്ന വിഷയത്തില്‍ ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍ പ്രബന്ധാവതരണം നടത്തി. ഡോ.ധനലക്ഷ്മി സി, സജ്ന സുധീര്‍ എന്നിവര്‍ മോഡറേറ്റര്‍മാരായി. റിസര്‍ച്ച് ഓഫീസര്‍മാരായ കെ.ആര്‍.സരിതകുമാരി, അമ്പിളി ടി.കെ., ശ്രീകല റ്റി. എന്നിവര്‍ സ്വാഗതവും സബ് എഡിറ്റര്‍ എം.ആര്‍.മീര, റിസര്‍ച്ച് ഓഫീസര്‍ വിദ്യ എസ്, എഡിറ്റോറിയല്‍ അസിസ്റ്റന്റ് ബിന്ദു എ. എന്നിവര്‍ നന്ദിയും പറഞ്ഞു. തിരുവനന്തപുരം ഗവ. വനിതാകോളേജ് സംഗീതവിഭാഗവുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. തുടര്‍ന്ന് യേശുദാസ് ആലപിച്ച ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനാഞ്ജലി ‘സാഗരസംഗീതം’ അരങ്ങേറി. ഷിജു കോഴിക്കോട്, എം. രാധാകൃഷ്ണന്‍, ബിജു എസ്., ഹരികൃഷ്ണന്‍ സഞ്ജയന്‍, ഷിജേഷ് കോഴിക്കോട്, അര്‍ച്ചന ഗോപിനാഥ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.