#

ലോകമാതൃഭാഷാദിനത്തിൽ മലയാളം നിഘണ്ടു ആപ്പ് പുറത്തിറക്കി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ലോകമാതൃഭാഷാദിനാചരണം തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ്‌ ഹൗസില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐ.എ. എസ്. മലയാളംനിഘണ്ടു മൊബൈൽ ആപ്പിന്റെ പ്രവർത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിച്ചു. മുന്‍ ചീഫ് സെക്രട്ടറിയും ഔദ്യോഗിക ഭാഷാവിദഗ്ധസമിതി ചെയർമാനുമായ വി.പി. ജോയ് ഐ.എ. എസ്. മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിച്ചു. മൊബൈല്‍ ആപ്പിന് സാങ്കേതികസഹായം നല്‍കിയ ഐസിഫോസിന്റെ ഡയറക്ടർ സുനിൽ റ്റി. റ്റി. ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടറും സാഹിത്യകാരനും സിനിമാഗാനരചയിതാവുമായ ഡോ. ജിനേഷ് കുമാര്‍ എരമം സ്വാഗതവും റിസർച്ച് ഓഫീസർ കെ.ആർ.സരിതകുമാരി നന്ദിയും പറഞ്ഞു.
തുടർന്ന് ഉച്ചയ്ക്കു ശേഷം മലയാളഭാഷയും വൈജ്ഞാനികസമൂഹവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പ്രൊഫ. എം. ശ്രീനാഥൻ, ഡോ. എം. എ. സിദ്ദീഖ്, ഡോ. അച്യുത്ശങ്കർ എസ്. നായർ എന്നിവർ സംസാരിച്ചു. മലയാളഭാഷയുടെ വികസനസാധ്യതകൾ, ഭാഷാവിജ്ഞാനവും സർഗാത്മകതയും, ഡിജിറ്റൽ കാലത്തെ മലയാളം എന്നീ വിഷയങ്ങളിലാണ് യഥാക്രമം പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജിനേഷ് കുമാർ എരമം മോഡറേറ്ററായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ദീപ്തി കെ. ആര്‍. സ്വാഗതവും പി. ആര്‍. ഒ. റാഫി പൂക്കോം നന്ദിയും പറഞ്ഞു.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഐസിഫോസിന്റെ ( International Centre For Free and Open Source Software) സാങ്കേതികസഹായത്തോടെയാണ് "മലയാളനിഘണ്ടു" എന്ന പേരിൽ ഓൺലൈൻ നിഘണ്ടുവും മൊബൈല്‍ ആപ്പും തയാറാക്കിയത്. ഇതിന്റെ വെബ് വെർഷൻ ഒന്നാംഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ കേരളപ്പിറവി ദിനത്തില്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇപ്പോൾ ഏകദേശം 3 ലക്ഷം വാക്കുകൾ ഉൾപ്പെടുത്തിയാണ് മൊബൈൽ ആപ്പ് രൂപകല്പന ചെയ്തിട്ടുള്ളത്. മലയാളത്തിലെ സ്വരാക്ഷരങ്ങളിലും വ്യഞ്ജനാക്ഷരങ്ങളിലും ആരംഭിക്കുന്ന വാക്കുകളാണ് നിലവിൽ ഈ നിഘണ്ടുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോളെജ് അധ്യാപകരും ഗവേഷകരും അടങ്ങിയ അറുപതോളം പേർ പങ്കെടുത്ത ശില്പശാലകളിലൂടെയാണ് നിഘണ്ടുവിന്റെ ഉള്ളടക്കം തയാറാക്കിയത്. ശബ്ദതാരാവലി, കേരള സർവകലാശാലയുടെ മലയാളം ലെക്സിക്കൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരള ഭാഷാ നിഘണ്ടു എന്നിവയിലെ വാക്കുകള്‍ ഉപയോഗിച്ചു. തുടർപ്രവർത്തനങ്ങളുടെ ഭാഗമായി മലയാളത്തിലെ ഭാഷാഭേദപദങ്ങളും നിഘണ്ടുവിൽ ഉൾപ്പെടുത്തും. പ്ലേസ്റ്റോറില്‍ നിഘണ്ടു ലഭിക്കും.