#

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാനമന്ദിരോദ്ഘാടനവും വൈജ്ഞാനികപുരസ്കാരങ്ങളുടെ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവും വൈജ്ഞാനികപുരസ്കാരങ്ങളുടെ വിതരണവും അമ്പത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഒരുലക്ഷം രൂപ വീതമുള്ള എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്കാരം, ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്കാരം, എം.പി. കുമാരൻ സ്മാരക വിവർത്തനപുരസ്കാരം എന്നിവയാണ് വിതരണം ചെയ്തത്.

അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ ആധ്യക്ഷ്യം വഹിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എന്‍. മായ ഐ.എഫ്.എസ്., പി.ഡബ്ല്യു.ഡി. ബില്‍ഡിംഗ്‌ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷൈല യു.എസ്. എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്. സ്വാഗതവും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സത്യന്‍ എം. നന്ദിയും പറഞ്ഞു. എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്കാരജേതാവ് അഭിലാഷ് മലയിൽ, എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്കാരജേതാവ് ആശാലത, ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്‌കാര ജേതാക്കളായ ഡോ. അശോക് എ. ഡിക്രൂസ്, ഡോ.രതീഷ് ഇ. എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു. അക്കാദമിക-ഭരണവിഭാഗം ഉള്‍പ്പെടുന്ന പുതിയ ആസ്ഥാനമന്ദിരം നന്തന്‍കോട് നളന്ദയില്‍ നിലവിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന് പിറകിലാണ് നിര്‍മിച്ചിരിക്കുന്നത്.

എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്കാരത്തിന് അഭിലാഷ് മലയിലിന്റെ 'റയ്യത്തുവാരി: കമ്പനിസ്റ്റേറ്റും പൊളിറ്റിക്കല്‍ എക്കോണമിയും: മലബാര്‍ ജില്ലയെ ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങള്‍', എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്കാരത്തിന് Argumentative Indians എന്ന കൃതിയുടെ പരിഭാഷയായ താർക്കികരായ ഇന്ത്യക്കാർ എന്ന പുസ്തകത്തിനുമാണ് ഒരു ലക്ഷം രൂപ വീതമുള്ള പുരസ്‌കാരം ലഭിച്ചത്. മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്‌കാരത്തിന് പദവർഗീകരണത്തിന്റെ അടിസ്ഥാനതത്വങ്ങൾ മലയാളവ്യാകരണ കൃതികൾ മുൻനിർത്തിയുളള പഠനം, ഇന്ത്യൻ സാംസ്കാരിക ദേശീയവാദവും മലയാളവിമർശനവും എന്നീ പ്രബന്ധങ്ങള്‍ക്ക് ഡോ. അശോക് എ. ഡിക്രൂസ്, ഡോ. രതീഷ് ഇ. എന്നിവര്‍ക്ക് 50000 രൂപ വീതമുള്ള പുരസ്‌കാരവും നല്‍കി.