#

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കെ. കെ. കൊച്ച് അനുസ്മരണവും സെമിനാറും നടത്തി

തിരുവനന്തപുരം : പ്രമുഖ ചിന്തകനും എഴുത്തുകാരനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗവുമായ കെ. കെ. കൊച്ച് അനുസ്മരണവും സെമിനാറും തിരുവനന്തപുരം സർക്കാർ വനിതാ കോളെജിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പുമന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. സാമൂഹികചിന്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട് മുഖ്യപ്രഭാഷണം നടത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ അധ്യക്ഷനായി. സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ. ജി. ഒലീന, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ഷിജൂഖാൻ, സർക്കാർ വനിതാ കോളെജ് മലയാള വിഭാഗം അധ്യാപിക ഡോ. എം. ഗംഗാദേവി എന്നിവർ പ്രഭാഷണം നടത്തി. സർക്കാർ വനിതാ കോളെജ് പ്രിൻസിപ്പൽ ഡോ. അനില ജെ. എസ് സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ അമ്പിളി ടി. കെ. നന്ദിയും പറഞ്ഞു.
കെ. കെ. കൊച്ചിന്റെ സാഹിത്യചിന്തകൾ, ചരിത്രാന്വേഷണങ്ങൾ, സമുദായപഠനങ്ങൾ എന്നീ മേഖലകളെ അടിസ്ഥാനമാക്കി നടന്ന സെമിനാറിലെ വിവിധ സെഷനുകളിൽ കൊല്ലം ഫാത്തിമമാതാ കോളെജ് ചരിത്രവിഭാഗം അസി. പ്രൊഫസറും പ്രമുഖ ചരിത്രഗവേഷകനുമായ ഡോ. വിനിൽപോൾ, സാമൂഹികചിന്തകനും കാലിക്കറ്റ് സർവകലാശാല മലയാള വിഭാഗം അസി. പ്രൊഫസറുമായ ഡോ. എം. ബി. മനോജ്, എഴുത്തുകാരൻ വി.വി. സ്വാമി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. സർക്കാർ വനിതാ കോളെജ് മലയാളവിഭാഗം അസി. പ്രൊഫസർമാരായ ഡോ. അമ്പിളി ആർ. പി., ഡോ. എം. ഗംഗാദേവി, ഗവേഷക ഡോ. അഞ്ജലി എം. ഡി എന്നിവർ മോഡറേറ്റർമാരായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ സുജാചന്ദ്ര പി സ്വാഗതവും റിസർച്ച് ഓഫീസർ കെ. ആർ. സരിതകുമാരി നന്ദിയും പറഞ്ഞു.