#

'മതം വർഗീയത മൂലധനം' പുസ്തകപ്രകാശനവും സെമിനാറും

തിരുവനന്തപുരം: കെ.ടി. കുഞ്ഞിക്കണ്ണൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'മതം വർഗീയത മൂലധനം' എന്ന പുസ്തകത്തിന്റെ പ്രകാശനവും സെമിനാര്‍ ഉദ്ഘാടനവും ആഗസ്റ്റ് 17ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ സാംസ്‌കാരിക വകുപ്പ് മുൻമന്ത്രി എം. എ. ബേബി നിര്‍വഹിച്ചു. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് പുസ്തകം ഏറ്റുവാങ്ങി. കെ.പി. രാമനുണ്ണി, ഖദീജ മുംതാസ് എന്നിവർ ആശംസയര്‍പ്പിച്ചു സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിച്ചു.
തുടർന്നു നടത്തിയ വിവിധ സെമിനാറുകളിൽ കെ.ഇ.എൻ കുഞ്ഞഹമ്മദ്, ഡോ. കെ.എം. അനിൽ, ഡോ. എ.എം. ഷിനാസ്, പി.എൻ. ഗോപികൃഷ്ണൻ, ഡോ. പി.പി. അബ്ദുൾറസാഖ്, ഡോ. പ്രിയ പി., ഡോ. യു. ഹേമന്ത്കുമാർ, ഗുലാബ് ജാൻ, ഡോ. പി.എസ്. ജിനീഷ് എന്നിവർ പങ്കെടുത്തു.
നവലോകക്രമത്തിലെ വംശഹത്യകളെയും അതിന് പിറകിൽ പ്രവർത്തിക്കുന്ന മൂലധനതാൽപര്യങ്ങളെയും മതവംശീയതയിലധിഷ്ഠിതമായ നവഫാസിസത്തിന്റെ പ്രത്യയശാസ്ത്ര സ്രോതസ്സുകളെയും വിശകലനം ചെയ്യുന്നതാണ് ഈ പുസ്തകം. സമകാലിക മുതലാളിത്തത്തിന്റെ ചലനക്രമത്തിനകത്തുനിന്ന് മതതീവ്രവാദത്തെയും വംശീയഭീകരതയെയും അപഗ്രഥനാത്മകമായി വിശകലനം ചെയ്യുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ലോകമെമ്പാടും സംസ്‌കാരസംഘർഷങ്ങൾ പടർത്തി രക്തപ്പുഴകൾ സൃഷ്ടിക്കുന്ന നവഫാസിസത്തിനെതിരായ പ്രതിരോധത്തിന്റെ പ്രത്യയശാസ്ത്രമാണ് ഈ പുസ്തകത്തിലെ 14 ലേഖനങ്ങളിലൂടെ മുന്നോട്ടുവയ്ക്കുന്നത്. 220 രൂപയാണ് പുസ്തകത്തിന്റെ വില.