#

"എഴുതുന്ന സ്ത്രീ, എഴുത്തിലെ സ്ത്രീ" പുസ്തകപ്രകാശനവും സെമിനാറും സംഘടിപ്പിച്ചു

മാനന്തവാടി: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും മാനന്തവാടി ഗവൺമെൻറ് കോളെജും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സെമിനാറിന് തുടക്കമായി. പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ. ജെ. ബേബിയുടെ എഴുത്തും ജീവിതവും അടിസ്ഥാനമാക്കിയുള്ള സെമിനാർ ജനുവരി 20, 21 തീയതികളിലായാണ് സംഘടിപ്പിക്കുന്നത്. പ്രമുഖ സാഹിത്യകാരിയും സാംസ്കാരികപ്രവർത്തകയുമായ സി. എസ്. ചന്ദ്രിക ഉദ്ഘാടനം നിർവഹിച്ചു. പാർശ്വവത്കൃത സമൂഹത്തിൻ്റെ ജീവിതദുരിതക്കാഴ്ചകളെ കാല്പനികവത്കരിക്കാതെ പരുഷമായി കോറിയിട്ട കെ.ജെ. ബേബിയുടെ കൃതികൾ പുനർവായനയ്ക്ക് വിധേയമാക്കണമെന്നും ആ കൃതികളെയും ബദൽ വിദ്യാഭ്യാസ സമ്പ്രദായമായ കനവിനെയും മുൻ നിർത്തിയ പഠനങ്ങൾ ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. സെമിനാറിനോടനുബന്ധിച്ച് ഡോ. സിജു. കെ. ഡി. രചിച്ച "എഴുതുന്ന സ്ത്രീ, എഴുത്തിലെ സ്ത്രീ" എന്ന പുസ്തകത്തിന്റെ പ്രകാശനവും സി. എസ്. ചന്ദ്രിക നിർവഹിച്ചു. ഡോ. അബ്ദുൾ സലാം പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനായി. ഡോ. മനോജ് എൻ, ഡോ. സിജു കെ.ഡി., എൻ. ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഡോ. രമേശൻ കെ. സ്വാഗതവും ഡോ. ശരത് എസ്. നന്ദിയും പറഞ്ഞു.

തുടർന്ന് ഡോ. സി.ജെ. ജോർജജ്, ഡോ. മഹേഷ് മംഗലാട്ട്, ഡോ. രവി കെ. പി. തുടങ്ങിയവർ കെ. ജെ. ബേബിയുടെ കൃതികളെയും ജീവിതത്തെയും ആസ്പദമാക്കി തയ്യാറാക്കിയ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.