#

'മാറ്റൊലിക്കൊള്ളുന്ന മൃദംഗം' കെ. എസ്. ചിത്ര പ്രകാശനം ചെയ്തു

തിരുവനന്തപുരം : എരിക്കാവ് എൻ. സുനിൽ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'മാറ്റൊലിക്കൊള്ളുന്ന മൃദംഗം` എന്ന പുസ്തകം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിൽ പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക പത്മഭൂഷൻ കെ. എസ്. ചിത്ര പ്രകാശനം ചെയ്തു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐഎഎസ് പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനായി. എറണാകുളം മഹാരാജാസ് കോളെജ് സംഗീത വിഭാഗം പ്രൊഫസർ ഡോ. സജി പ്രദീപ് പുസ്തകം പരിചയപ്പെടുത്തി. കേരള സർവകലാശാല ബയോ ഇൻഫർമാറ്റിക്സ് വിഭാഗം റിട്ട. പ്രൊഫസർ ഡോ. അച്യുത്ശങ്കർ എസ് നായർ മുഖ്യപ്രഭാഷണം നടത്തി. കേരള സംഗീത നാടക അക്കാദമി അംഗം ആനയടി പ്രസാദ്, കേരള സർവകലാശാല ഫൈൻആർട്സ് വിഭാഗം മുൻ ഡീൻ സുനിൽ വി. ടി., സംഗീതവിദ്വാൻ ബാംഗ്ലൂർ ടി. എസ്. പട്ടാഭി രാമ പണ്ഡിറ്റ്, ഗ്രന്ഥകാരൻ എരിക്കാവ് എൻ. സുനിൽ എന്നിവർ സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ സുജാ ചന്ദ്ര പി. സ്വാഗതവും എഡിറ്റോറിയൽ അസിസ്റ്റന്റ് എം. യു. പ്രവീൺ നന്ദിയും പറഞ്ഞു. 350 രൂപ മുഖവിലയുള്ള പുസ്തകം 280 രൂപയ്ക്ക് ലഭിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപഹാരം ഡയറക്ടര്‍ ഡോ. എം. സത്യനും സ്റ്റാഫ് ക്ലബിന്‍റെ ഉപഹാരം ഡോ. ദിവ്യ എസ്. അയ്യറും കെ. എസ്. ചിത്രയ്ക്ക് നല്‍കി. ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരന്‍ ഷമീര്‍ വരച്ച ചിത്രം കെ. എസ്. ചിത്രയ്ക്ക് കൈമാറി.
തുടര്‍ന്ന് ബാംഗ്ലൂർ ടി. എസ്. പട്ടാഭിരാമ പണ്ഡിറ്റ് (വോക്കൽ), തിരുവനന്തപുരം എൻ. സമ്പത്ത് (വയലിൻ), എരിക്കാവ് എൻ. സുനിൽ (മൃദംഗം), ഉടുപ്പി എസ്. ശ്രീധർ (ഘടം) എന്നിവർ ചേർന്ന് സംഗീതക്കച്ചേരി അവതരിപ്പിച്ചു.
റിഥമിക്കലി വോക്കൽ: (വായ്പ്പാട്ടും മൃദംഗവും അഭ്യസിക്കുന്നതിലെ പൂരക സവിശേഷതകൾ, ചില സംഗീതജ്ഞലിലൂടെ), മൃദംഗത്തിന്റെ ഭൗതികശാസ്ത്രം, കേരളീയ താളങ്ങൾ എന്നീ വിഷയങ്ങളിൽ നടന്ന സെമിനാറിൽ ഡോ. എൻ. ജെ. നന്ദിനി, എരിക്കാവ് എൻ സുനിൽ, സജനീവ് ഇത്തിത്താനം എന്നിവർ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍മാരായ അമ്പിളി ടി.കെ. സ്വാഗതവും ശ്രീകല ചിങ്ങോലി നന്ദിയും പറഞ്ഞു.