#

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികപുരസ്കാരങ്ങള്‍ വിതരണം ചെയ്തു.

തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികപുരസ്കാരവിതരണവും വെബ്‌പോര്‍ട്ടല്‍ ഉദ്ഘാടനവും 2024 നവംബർ 22നു തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഒരു ലക്ഷം രൂപ വീതമുള്ള എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്കാരം പി. എന്‍. ഗോപീകൃഷ്ണന്‍, എം. പി. കുമാരൻ സ്മാരകവിവർത്തനപുരസ്കാരം എസ്. ശാന്തി എന്നിവര്‍ക്കും അമ്പതിനായിരം രൂപയുടെ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്‌കാരം ഡോ. ടി. തസ്ലീമയും ഏറ്റുവാങ്ങി. https://www.keralabhashainstitute.org/ എന്ന പോര്‍ട്ടല്‍ വഴി ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പ്രസിദ്ധീകരണങ്ങളും പൊതുസമൂഹത്തിന് ലഭ്യമാണ്. വൈജ്ഞാനികഗ്രന്ഥങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാനും സാധിക്കും. പൊതുവിദ്യാഭ്യാസ-തൊഴില്‍വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി ആധ്യക്ഷ്യം വഹിച്ചു. അഡ്വ. വി. കെ. പ്രശാന്ത് എം.എല്‍.എ., മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഡി. സുരേഷ്കുമാര്‍, പി. എന്‍. ഗോപീകൃഷ്ണന്‍, എസ്. ശാന്തി, ഡോ. ടി. തസ്ലീമ എന്നിവര്‍ സംസാരിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ സ്വാഗതവും അസി. ഡയറക്ടര്‍ എന്‍. ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരന്‍ എ.ആര്‍. ഷമീര്‍ വരച്ച ചായാചിത്രം മുഖ്യമന്ത്രിക്ക് നല്‍കി.