#

‘മാവിലരുടെ പാട്ടുകൾ’ പുസ്തകപ്രകാശനവും സെമിനാറും

തിരുവനന്തപുരം : ഡോ. ലില്ലിക്കുട്ടി അബ്രാഹം സമാഹരണവും പഠനവും നിർവഹിച്ച്‌ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘മാവിലരുടെ പാട്ടുകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും സെമിനാര്‍ ഉദ്ഘാടനവും കണ്ണൂർ കൃഷ്ണമേനോൻ സ്മാരക സർക്കാർ വനിതാ കോളെജിൽ ഫോക് ലോർ അക്കാദമി മുൻ സെക്രട്ടറി ഡോ. എ. കെ. നമ്പ്യാർ നിർവഹിച്ചു. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. എം. സുകുമാരൻ പുസ്തകം ഏറ്റുവാങ്ങി.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ അമ്പിളി ടി. കെ. പുസ്തകം പരിചയപ്പെടുത്തി. കവയിത്രി ധന്യ വേങ്ങച്ചേരി, വനിതാ കോളെജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. കെ. സി. ഉമ്മർ, ഗ്രന്ഥകാരി ഡോ. ലില്ലിക്കുട്ടി അബ്രാഹം എന്നിവർ സംസാരിച്ചു. മലയാളവിഭാഗം മേധാവി ഡോ. ശ്യാമള മാണിച്ചേരി സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പി.ആർ.ഒ. റാഫി പൂക്കോം നന്ദിയും പറഞ്ഞു. തുടർന്ന് മാവിലരുടെ മംഗലംകളി എന്ന വിഷയത്തിൽ ബളാൽ ജിഎച്ച്എസ്എസ് അധ്യാപകൻ കെ. മോഹനൻ പ്രബന്ധം അവതരിപ്പിച്ചു. ഡോ. എം. സുകുമാരൻ മോഡറേറ്ററായി. മംഗലംകളി മാന്വൽ പരിഷ്കരിച്ച് 12 ൽ നിന്ന് 16 അംഗങ്ങൾ വേണമെന്നും റിക്കോർഡ് പാടില്ലെന്നും ഈ
കല, വേദിയിൽ അവതരിപ്പിച്ച് പരിചയമുള്ളവരെ മാത്രം വിധിനിർണ്ണയിൽ ഉൾപ്പെടുത്തണമെന്നും സെമിനാറിൽ നിർദ്ദേശം വെക്കുകയുണ്ടായി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകമേളയുമുണ്ടായി. 200 രൂപ മുഖവിലയുള്ള ഗ്രന്ഥം 160 രൂപയ്ക്ക് കണ്ണൂർ പ്ലാസ ജംഗ്ഷനിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലയിലും ഇൻസ്റ്റിറ്റ്യൂട്ടിന്റെ മറ്റു പുസ്തകശാലകളിലും ഡിസ്കൗണ്ട് നിരക്കിൽ ലഭിക്കും.